ഏകദേശം മൂന്ന് വർഷത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചുവരവിനൊരുങ്ങുകയാണ് ഹോണർ. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വലിയ രീതിയിൽ വിൽക്കപ്പെട്ടിരുന്ന സ്മാർട്ട്ഫോണുകളായിരുന്നു ഹോണറിന്റേത്. എന്നാൽ, ഹ്വാവേക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിന് പിന്നാലെ സബ് ബ്രാൻഡായിരുന്ന ഹോണറും വിപണിയിൽ നിന്ന് അപ്രത്യക്ഷമായി.
മറ്റുള്ള രാജ്യങ്ങളിൽ ബ്രാൻഡിനെ തിരിച്ചുകൊണ്ടുവരുവാനും, ഗൂഗിൾ പിന്തുണ ലഭിക്കാനുമായി, ഹ്വാവേ ഹോണറിനെ 2020-ൽ ഷെൻഷെൻ മുനിസിപ്പൽ ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള കമ്പനിക്ക് വിറ്റിരുന്നു. അതുകൊണ്ട് തന്നെ ഹോണറിന് നിലവിൽ ആൻഡ്രോയ്ഡ് പിന്തുണയും മറ്റ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതിയുമുണ്ട്.
ഒടുവിൽ, ഇന്ത്യയിലേക്ക് ഹോണർ തിരിച്ചുവരുന്ന കാര്യം സ്ഥിരീകരിച്ചിരിക്കുന്നത് ഹോണർ ടെക് റീലോഞ്ച് കാമ്പെയ്‌നിന്റെ ചുമതല വഹിക്കുന്ന മാധവ് ഷേത്താണ്. മുൻ റിയൽമി സിഇഒ ആയ അദ്ദേഹം ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹോണറിൽ ചേരാനായി രാജിവെച്ചത്. എക്‌സിൽ മാധവ് ഷേത്ത് പങ്കുവെച്ച പോസ്റ്റിലൂടെ ഒരു പുതിയ ഹോണർ സ്മാർട്ട്‌ഫോൺ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തി. ഫോൺ എന്നായിരിക്കും ലോഞ്ച് ചെയ്യുകയെന്നത് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ, ഹോണർ ടെക് ഏതാനും ദിവസങ്ങളായി പങ്കുവെക്കുന്ന ടീസറുകൾ കണക്കിലെടുക്കുമ്പോൾ, ഇത് ഒന്നുകിൽ ഈ മാസം അവസാനമോ, അല്ലെങ്കിൽ സെപ്തംബറിലോ സംഭവിക്കാം.
വരുന്നത് ഹോണർ 90
ഹോണർ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത് ‘ഹോണർ 90’ എന്ന സ്മാർട്ട്ഫോണുമായിട്ടായിരിക്കും. സ്‌മാർട്ട്‌ഫോൺ ഏതാനും മാസങ്ങൾക്ക് മുമ്പ് ചൈനയിൽ അവതരിപ്പിച്ചിരുന്നു, അതിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന് 200എംപി പ്രധാന കാമറയാണ്. 50എംപി സെൽഫി ഷൂട്ടറിനൊപ്പം 12എംപി അൾട്രാ വൈഡ്+മാക്രോ ക്യാമറയും രണ്ട് എംപി ഡെപ്ത് സെൻസറുമുണ്ട്.
ഫോണിനൊപ്പമുള്ളത് 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് അതിന് 120 ഹെർട്‌സ് റിഫ്രഷ് റേറ്റുമുണ്ട്. സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 (ആക്‌സിലറേറ്റഡ് എഡിഷൻ) ചിപ്‌സെറ്റാണ് കരുത്ത് പകരുന്നത്. 12 ജിബി റാമും 512 ജിബി വരെ സ്റ്റോറേജുമുണ്ട്. 66W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് നൽകിയത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MagicOS 7.1 ലാണ് ഹോണർ 90 പ്രവർത്തിക്കുന്നത്.
ഫോണിന് പ്രതീക്ഷിക്കുന്ന വില 45000 ആണ്. ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കാനായി പരമാവധി വില കുറച്ചായിരിക്കും ഫോൺ അവതരിപ്പിക്കുകയെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.