‘വീണാൽ പൊട്ടാത്ത ഡിസ്‍പ്ലേ’; ഇന്ത്യയിൽ പുതിയ ഫോണുമായി ഹോണർ, വിലയും വിശേഷങ്ങളും അറിയാം

ഹോണർ 90 എന്ന മോഡലിന് പിന്നാലെ ഇന്ത്യയിൽ പുതിയ സ്മാർട്ട്​ഫോൺ അവതരിപ്പിച്ചിരിക്കുകയാണ് ഹോണർ. ഫോണിന്റെ പേര് ഹോണര്‍ എക്‌സ്9ബി 5ജി (Honor X9b 5G) എന്നാണ്. അള്‍ട്രാ ബൗണ്‍സ് ആന്റി ഡ്രോപ്പ് ഡിസ്പ്ലേ-യാണ് ഫോണിന്റെ പ്രധാനപ്പെട്ട സവിശേഷത. താഴെവീണാലും അത്ര എളുപ്പത്തിൽ പൊട്ടില്ല എന്നതാണ് ഡിസ്‍പ്ലേയുടെ പ്രത്യേകത. അള്‍ട്രാ-ബൗണ്‍സ് 360° ആന്റി ഡ്രോപ്പ് റെസിസ്റ്റന്‍സും അത്യാധുനിക കുഷ്യനിംഗ് സാ​ങ്കേതികവിദ്യയുമാണ് ഹോണര്‍ എക്‌സ്9ബിയുടെ ഡിസ്‌പ്ലേയെ കരുത്തുറ്റതാക്കുന്നത്. ഇത് 1.5 മീറ്റര്‍ ഉയരത്തില്‍നിന്നുള്ള വീഴ്ചകളില്‍പ്പോലും മികച്ച പ്രതിരോധം നല്‍കുന്നു.


120Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനുമുള്ള 6.78- ഇഞ്ച് അള്‍ട്രാ ക്ലിയര്‍ അമോലെഡ് ഡിസ്പ്ലേയാണ് ഫോണിന്. 108 മെഗാപിക്‌സലിന്റെ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും എടുത്തുപറയേണ്ടതാണ്. 8ജി റാം അടങ്ങിയ 4എൻ.എം സ്‌നാപ്ഡ്രാഗൺ 6ജെൻ 1 ചിപ് സെറ്റ് ആണ് ഹോണർ എക്സ്9ബിക്ക്കരുത്തേകുന്നത്. 35 വാട്ടിന്റെ അതിവേഗ ചാർജിങ് പിന്തുണ, വെള്ളം,പൊടി എന്നിവയെ പ്രതിരോധിക്കുന്ന ഐപി53 റേറ്റിങ് എന്നിവയും നൽകിയിട്ടുണ്ട്.


8ജിബി റാമും 256 ജിബി സ്റ്റോറേജും അടങ്ങിയ ബേസ് മോഡലിന് 25,999 രൂപ മുതലാണ് ഇന്ത്യയിലെ വില ആരംഭിക്കുന്നത്. ലോഞ്ചിന്റെ ഭാഗമായി പരിമിത കാലത്തേക്ക് മാത്രമായി ഫോണിനൊപ്പം ചാര്‍ജറും കമ്പനി സൗജന്യമായി നല്‍കുന്നുണ്ട്. ആൻഡ്രോയിഡ് 13ൽ അധിഷ്ഠിതമായ മാജിക് ഒ.എസ് 7.2ൽ ആണ് ഫോൺ പ്രവർത്തിക്കുക.

മിഡ്‌നൈറ്റ് ബ്ലാക്ക്, സൺറൈസ് ഓറഞ്ച് എന്നീ നിറങ്ങളിൽ മോഡൽ വിപണിയിലെത്തും. ഫെബ്രുവരി 16മുതൽ ആമസോണിലൂടെയും രാജ്യത്തെ 1800 റീട്ടെയിൽ ഷോപ്പുകളിലൂടെയും മോഡലുകൾ വാങ്ങാവുന്നതാണ്. ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് ഉപയോഗിക്കുകയാണെങ്കിൽ 3000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും.

Tags:    
News Summary - HONOR X9b launched in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.