ഐഫോൺ 14 ലോഞ്ച് ചെയ്യാൻ ഇനി ഏഴ് ദിവസങ്ങൾ മാത്രം. ആപ്പിൾ ആരാധകർ ആവേശഭരിതരായി ആ ദിവസത്തിനായി കാത്തിരിക്കുകയാണ്. എന്നാൽ, ഐഫോൺ 14 എത്തുന്നതോടെ മുൻ മോഡലുകൾക്ക് വില കുറയുന്നതും കാത്തിരിക്കുകയാണ് മറ്റുചിലർ. അത്തരക്കാർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ഫ്ലിപ്കാർട്ട്. ഐഫോൺ 13, ഐഫോൺ 12 മോഡലുകൾക്കാണ് നിലവിൽ വലിയ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഐഫോൺ 13 സ്വന്തമാക്കാൻ പറ്റിയ സമയം
ഐഫോൺ 13 എന്ന ജനപ്രിയ മോഡലിന് 65,999 രൂപയാണ്. 79,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഐഫോൺ 13 - 14,000 രൂപ കുറച്ചാണ് വിൽക്കുന്നത്. ഫോണിന്റെ 128 ജിബി സ്റ്റോറേജ് മോഡലിന്റെ എല്ലാ കളർ ഓപ്ഷനുകൾക്കും ഓഫർ ലഭ്യമാണ്. എക്‌സ്‌ചേഞ്ച് ഓഫറോ ബാങ്ക് ഓഫറുകളോ ഇല്ലാതെയാണ് ഈ വിലയ്ക്ക് ഫോൺ നൽകുന്നത് എന്നതാണ് പ്രത്യേകത. അതേസമയം, ഫ്ലിപ്കാർട്ട് എക്സ്ചേഞ്ച് ഓഫറിന് കീഴിൽ 19,000 രൂപ വരെയും കിഴിവ് നൽകുന്നുണ്ട്. എസ്.ബി.ഐ മാസ്റ്റർകാർഡ് ഡെബിറ്റ് കാർഡുകൾക്ക് 10% തൽക്ഷണ കിഴിവും എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 1000 രൂപ കിഴിവും ഉണ്ട്. ഐഫോൺ 13-ന് ലഭിക്കുന്ന ഇതുവരെയുള്ള ഏറ്റവും വലിയ വിലക്കിഴിവ് കൂടിയാണിത്.
ഐഫോൺ 12-ന്റെ രണ്ട് സ്റ്റോറേജ് മോഡലുകൾക്കും വില കുറച്ചിട്ടുണ്ട്. 64 ജിബി മോഡൽ 59,999 രൂപയ്ക്കും 128 ജിബി 64,999 രൂപയ്ക്കും വാങ്ങാം. നിങ്ങളുടെ പഴയ ഫോൺ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ 17,000 രൂപ വരെ കിഴിവും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്ബിഐ ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10% കിഴിവുമുണ്ട്.
ഐഫോൺ 11-നും കിടിലൻ ഓഫർ
ഐഫോൺ 11 വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 46,999 രൂപയ്ക്ക് സ്വന്തമാക്കാം. 128 ജിബി മോഡലിനാണ് അത്രയും വില. 64 ജിബി മോഡൽ 39,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. രണ്ട് മോഡലുകൾക്കും എക്സ്ചേഞ്ച് ഓഫറിന് കീഴിൽ 16,000 രൂപ വരെ കിഴിവുമുണ്ട്.
ഐഫോൺ 14 വാങ്ങണോ..?
ആപ്പിൾ പ്രേമികൾക്കിടയിൽ ഏറ്റവും ചർച്ചാവിഷയമായിക്കൊണ്ടിരിക്കുന്ന മോഡൽ ഐഫോൺ 14 ആണ്. കാരണം, ഐഫോൺ 14, 14 മാക്സ് എന്നീ മോഡലുകൾ ഐഫോൺ 13ന് കരുത്ത് പകരുന്ന അ15 ബയോണിക് ചിപ്സെറ്റുമായാണ് വരുന്നതെന്ന് ധാരാളം റിപ്പോർട്ടുകൾ വന്നിരുന്നു. രണ്ട് മോഡലുകളിലും പഴയ നോച്ച് ഡിസൈൻ നിലനിർത്തുമെന്നും ആപ്പിൾ അനലിസ്റ്റുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. അതോടെ ഐഫോൺ 14ന് മേലുള്ള ആവേശം കെട്ടടങ്ങിയ അവസ്ഥയിലാണ്. അതേസമയം, പ്രോ മോഡലുകൾ ആപ്പിൾ ചരിത്രത്തിലെ തന്നെ ഏറ്റവും വിൽക്കപ്പെടുന്ന മോഡലായി മാറുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
ഐഫോൺ 13ന്റെ 128 ജിബി വേർഷൻ 65,999 രൂപക്ക് ലഭിക്കുമ്പോൾ, 14-ന് കമ്പനി എത്ര രൂപ വിലയിടുമെന്നാണ് ടെക് ലോകം ഉറ്റുനോക്കുന്നത്. ഐഫോൺ 13 ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.