കാലിഫോർണിയയിലെ ആപ്പിൾ പാർക്കിൽ നിന്ന് ചൊവ്വാഴ്ച തത്സമയം സംപ്രേക്ഷണം ചെയ്ത കമ്പനിയുടെ 'വണ്ടർലസ്റ്റ്' ഇവന്റിൽ ആപ്പിൾ തങ്ങളുടെ പ്രീമിയം ഫ്ലാഗ്ഷിപ്പുകളായ ഐഫോൺ 15 പ്രോയും ഐഫോൺ 15 പ്രോ മാക്സും അവതരിപ്പിച്ചു. ഇത്തവണയും പ്രോ മോഡലുകളിൽ ഗംഭീര സവിശേഷതകളാണ് ആപ്പിൾ ഉൾകൊള്ളിച്ചിരിക്കുന്നത്, അതും പൊള്ളുന്ന വിലയിൽ തന്നെ.
പ്രോ മോഡലുകൾക്ക് വില കൂടുന്നതിന് കാരണങ്ങളേറെയാണ്. പ്രധാനമായും ആപ്പിളിന്റെ ഏറ്റവും പുതിയ തലമുറ ചിപ്‌സെറ്റായ A17 പ്രോ ബയോണിക് ചിപ്സെറ്റിലാണ് ഇരുമോഡലുകളും പ്രവർത്തിക്കുന്നത്. പുതിയ 3-നാനോമീറ്റർ പ്രൊഡക്ഷൻ പ്രോസസോടുകൂടിയ ആപ്പിളിന്റെ ആദ്യ ചിപ്പാണ് A17. കരുത്തിൽ മറ്റേതൊരു ചിപ്സെറ്റിനെയും വെല്ലുന്ന പ്രകടനമായിരിക്കും എ17ന്. അതോടൊപ്പം ആദ്യമായി എട്ട് ജിബി റാമും ഐഫോൺ മുൻനിര മോഡലുകളിലെത്തുകയാണ്.
ആപ്പിൾ വാച്ച് അൾട്രായിലുള്ളതിന് സമാനമായ പ്രോഗ്രാമബിൾ ആക്ഷൻ ബട്ടണും ഐഫോൺ 15 പ്രോ, പ്രോ മാക്സ് എന്നീ മോഡലുകളിൽ സജ്ജീകരിച്ചിരിക്കുന്നു. മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുമായാണ് പുത്തൻ ഫ്ലാഗ്ഷിപ്പുകളെത്തുന്നത്. പ്രോ മോഡലുകൾക്ക് 10 ജിഗാബിറ്റ് ട്രാൻസ്ഫർ വേഗതയുള്ള യു.എസ്.ബി 3.0 പിന്തുണയുമുണ്ട്. കൂടാതെ, നേരിട്ട് എക്സ്റ്റേണൽ ഹാർഡ് ഡ്രൈവുകളിൽ സ്റ്റോർ ചെയ്യുന്ന രീതിയിൽ വിഡിയോകളും ചിത്രങ്ങളും പകർത്താനുള്ള ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതുവരെയുള്ള ഐഫോണുകളിൽ വെച്ച് ഏറ്റവും കിടിലൻ ക്യാമറ ഫീച്ചറുകളുമായാണ് ഐഫോൺ പ്രോ മോഡലുകളെത്തിയിരിക്കുന്നത്. മെച്ചപ്പെട്ട സൂം പ്രകടനത്തിനായി പെരിസ്‌കോപ്പ് ക്യാമറ സജ്ജീകരണമാണ് അതിൽ എടുത്തുപറയേണ്ടത്.
5എക്സ് വരെ സൂം കാപബിലിറ്റിയും 120 എംഎം ഫോക്കൽ ലെങ്ത് പെരിസ്കോപ്പ് ക്യാമറയുമാണ് ഈ മോഡലുകൾക്കുള്ളത്. 24 എംഎം 35 എംഎം, 38 എംഎം ലെൻസ് മോഡുകളുള്ള മെച്ചപ്പെട്ട 48 മെഗാപിക്സൽ പ്രൈമറി ക്യാമറയാകും പ്രോ മോഡലുകളിൽ. അതോടൊപ്പം 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 12 മെഗാപിക്സൽ 3x ടെലിഫോട്ടോ ക്യാമറയുമുണ്ട്.
അതെ, ഇത്തവണ ആപ്പിൾ, തങ്ങളുടെ പ്രീമിയം വകഭേദങ്ങളിൽ എടുത്തുപറഞ്ഞ സവിശേഷത അതിന്റെ ടൈറ്റാനിയം ബോഡിയാണ്. നാസയുടെ മാർസ് റോവറിൽ ഉപയോഗിച്ച അതേ മെറ്റീരിയൽ ആണ് പുതിയ ഐഫോൺ 15 പ്രോ സീരീസിന്റെ ബോഡിക്ക് കരുത്തേകുന്നത്. കൂടാതെ, ഐഫോൺ 14 പ്രോ സീരീസിലുണ്ടായിരുന്ന സ്റ്റെയിൻലെസ് സ്റ്റീലിൽ നിന്ന് മാറുന്നതിനാൽ പുതിയ ഫോണുകൾ ഭാരം കുറഞ്ഞതായിരിക്കുമെന്നും ആപ്പിൾ അവകാശപ്പെടുന്നു.
ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും നേർത്ത ബെസലുകളുമായാണ് ഐഫോൺ 15 പ്രോ സീരീസുകളെത്തുന്നത്. സ്ക്രീനിന് അരികുകളുണ്ടെന്ന് തോന്നാത്ത വിധമാണ് നിർമാണം. 6.1 ഇഞ്ച് വലിപ്പമാണ് ഐഫോൺ 15 പ്രോയ്ക്ക്, അതേസമയം, പ്രോ മാക്സിന് 6.7 ഇഞ്ച് വലിപ്പമുണ്ട്. സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്‍പ്ലേയാണ് ഇരുഫോണുകൾക്കും. സെറാമിക് ഷീൽഡിന്റെ സുരക്ഷയും മുൻഭാഗത്തുണ്ട്.
23 മണിക്കൂർ വീഡിയോ പ്ലേബാക്ക്, 75 മണിക്കൂർ ഓഡിയോ പ്ലേബാക്ക് എന്നിങ്ങനെയാണ് ഐഫോൺ 15 പ്രോയുടെ ബാറ്ററി ലൈഫിനെ കുറിച്ച് ആപ്പിൾ എടുത്തുപറഞ്ഞത്. അതേസമയം, 15 പ്രോ മാക്സിൽ 29 മണിക്കൂർ വീഡിയോ പ്ലേബാക്ക്, 95 മണിക്കൂർ ഓഡിയോ പ്ലേബാക്ക് എന്നിങ്ങനെയാണ്.
128, 256, 512, 1TB എന്നിങ്ങനെ നാല് വകഭേദങ്ങളാണ് പ്രോ സീരീസുകളിലുള്ളത്. അതിൽ തന്നെ ഒരു ടിബി മോഡലിന് ഇന്ത്യയിൽ വില രണ്ട് ലക്ഷത്തിനടുത്ത് എത്തുന്നുണ്ട്. ആദ്യമായാണ് ഒരു ഐഫോൺ മോഡലിന് ഇത്രയധികം വിലയിടുന്നത്.
പ്രീ-ഓർഡറുകൾ സെപ്റ്റംബർ 15-ന് ആരംഭിക്കും, ഫോണുകൾ സെപ്റ്റംബർ 22-ന് വിൽപ്പനയ്‌ക്കെത്തുകയും ചെയ്യും. ഇരു മോഡലുകളും ബ്ലാക്ക് ടൈറ്റാനിയം, ബ്ലൂ ടൈറ്റാനിയം, നാച്ചുറൽ ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം ഫിനിഷുകളിൽ വിൽക്കുമെന്ന് ആപ്പിൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.