പ്രമുഖ യൂട്യൂബറും എഞ്ചിനീയറിങ് വിദ്യാർത്ഥിയുമായ കെൻ പില്ലനലിന്‍റെ കൈയ്യിലുള്ള ആപ്പിൾ ഐഫോൺ എക്സ് വിറ്റുപോയത് 63,96,895 രൂപയ്ക്ക്. േലാഞ്ച് ചെയ്ത സമയത്ത് 89,999 രൂപയുണ്ടായിരുന്ന ഐഫോൺ എക്സ് ഇപ്പോൾ 50000 രൂപയ്ക്ക് താഴെ പല സൈറ്റുകളിലും വിൽപ്പനയ്ക്കുണ്ട്. എന്നാൽ, കെന്നിന്‍റെ കൈയിലുള്ള ഫോണിന് 64 ലക്ഷം രൂപയോളം നൽകാൻ ഒരാൾ മുന്നോട്ടുവന്നു. അതിന് കാരണവുമുണ്ട്.
സൂറിച്ചിലെ സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ റോബോട്ടിക് എൻജിനിയറിങ് വിദ്യാർഥിയായ കെൻ പില്ലനൽ തന്‍റെ ഐഫോൺ എക്സിൽ വലിയൊരു മാറ്റം വരുത്തുകയായിരുന്നു. ആപ്പിൾ ആരാധകർ ഏറെക്കാലമായി ആവശ്യപ്പെടുന്ന യു.എസ്.ബി ടൈപ്പ്-സി ചാർജിങ് പോർട്ട് തന്‍റെ സ്വന്തം കഴിവ് ഉപയോഗിച്ച് ഐഫോൺ എക്സിൽ സ്ഥാപിച്ചു.
ഏറെ നാളത്തെ ഗവേഷണങ്ങൾക്ക് ശേഷമാണ് ഫോണിലുണ്ടായിരുന്ന ലൈറ്റ്നിങ് പോർട്ട് മാറ്റി അവിടെ ടൈപ്പ് സി ചാർജിങ് പോർട്ട് സ്ഥാപിച്ചത്. അതുപയോഗിച്ച് വിജയകരമായി ചാർജിങ്ങും ഡാറ്റാ കൈമാറ്റവും നടത്തുകയും ചെയ്തു അദ്ദേഹം. തന്‍റെ പരീക്ഷണവിജയം യൂട്യൂബിലൂടെ പുറംലോകത്തെത്തിക്കുകയും ചെയ്തു.
വിഡിയോ വൈറലായതോടെ ഓൺലൈൻ ഷോപ്പിങ് സൈറ്റായ ഇ-ബേയിൽ ഐഫോൺ എക്സ് ലേലത്തിൽ വെച്ചു. കെന്നിനെ പോലും ഞെട്ടിച്ചുകൊണ്ട് ഫോണിന് ആവശ്യക്കാരായി നൂറുകണക്കിന് പേരാണ് എത്തിയത്. പ്രാരംഭ വിലയിൽ നിന്ന് കുതിച്ച് ഒടുവിൽ 80,000 ഡോളറും കടന്നുപോയി. അവസാനം 86,001 ഡോളറിന് ഒരാൾക്ക് വിൽക്കുകയും ചെയ്തു. ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ അത് 64 ലക്ഷത്തോളം വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.