ഒാട്ടവ: ചൈനീസ് ടെലികോം ഭീമൻ വാവെയ് മേധാവി മെങ് വാൻഷുവിനെ യു.എസിന് കൈമാറാൻ കാനഡ നടപടി തുടങ്ങി. ബ്രിട്ടീഷ് കൊളംബിയ സുപ്രീംകോടതിയുടേതാണ് അന്തിമ തീരുമാനം. മാർച്ച് ആറിനാണ് കോടതി നടപടികൾ തുടങ്ങുക. അന്ന് വാൻഷുവിനെ കോടതിയിൽ ഹാജരാക്കും.
യു.എസും കാനഡയും തമ്മിലുള്ള ഉഭയകക്ഷി നാടുകടത്തൽ കരാർ ദുരുപയോഗം ചെയ്യുകയാണെന്നാരോപിച്ച് ഇതിനെതിരെ ചൈന രംഗത്തുവന്നിട്ടുണ്ട്. ഇറാനെതിരായ ഉപരോധനിയമങ്ങൾ ലംഘിച്ചതുൾപ്പെടെ കുറ്റങ്ങൾ ചുമത്തി യു.എസിെൻറ നിർദേശപ്രകാരമാണ് വാൻഷുവിനെ കഴിഞ്ഞ ഡിസംബറിൽ കാനഡ അറസ്റ്റ് ചെയ്തത്.
അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച സംഭവമായിരുന്നു അറസ്റ്റ്. തുടർന്ന് കാനഡയും ചൈനയും തമ്മിലുള്ള ബന്ധം വഷളായി. ബാങ്ക് തിരിമറി, സാേങ്കതികവിദ്യ മോഷണം, ചാരവൃത്തി എന്നിവയുൾപ്പെടെ സ്മാർട്ഫോൺ ഉൽപാദന രംഗത്ത് ലോകത്തെ രണ്ടാം സ്ഥാനക്കാരായ വാവെയ്ക്കെതിരെ യു.എസ് ജസ്റ്റിസ് ഡിപ്പാർട്മെൻറ് നിരവധി കുറ്റങ്ങളാണ് ചുമത്തിയത്.
നിലവിൽ ജാമ്യത്തിൽ കഴിയുകയാണ് വാൻഷു. വാവെയ് സ്ഥാപകൻ റെൻ ഴെങ്ഫീയുടെ മകളാണ് വാൻഷു. ഉപരോധം ലംഘിച്ച് യു.എസിൽ നിർമിക്കുന്ന കമ്പനിയുടെ ഉൽപന്നങ്ങൾ ഇറാനിലേക്ക് കയറ്റിയയച്ചുവെന്നാണ് പ്രധാന ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.