മോട്ടറോള അവരുടെ ജി സീരീസിലേക്ക് രണ്ട് പുതിയ മോഡലുകൾ കൂടി അവതരിപ്പിച്ചു. മോട്ടോ ജി60 മോട്ടോ ജി40 ഫ്യൂഷൻ എന്നീ മോഡലുകളാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയും സ്നാപ്ഡ്രാഗണിന്റെ കരുത്തുറ്റ മിഡ്റേഞ്ച് പ്രൊസസർ 732ജിയും വലിയ ബാറ്ററിയുമൊക്കെയായി എത്തുന്ന ഫോൺ മത്സരിക്കുന്നത് റെഡ്മി നോട്ട് 10 സീരീസിനും റിയൽമി 8 സീരീസിനുമെതിരെയാണ്.
മോട്ടോ ജി60യും മോട്ടോ ജി40 ഫ്യൂഷനും തമ്മിൽ ഒരുപാട് സാമ്യങ്ങളുണ്ട്. പ്രധാന വെത്യാസം കാമറ ഡിപ്പാർട്ട്മെന്റിൽ മാത്രമാണ്. മോട്ടോ ജി60യുടെ പിറകിലുള്ള ട്രിപ്പിൾ കാമറ സിസ്റ്റം എത്തുന്നത് 108MP ഉള്ള സാംസങ് ഐസോസെൽ HM2 സെൻസറുമായാണ്. അതേസമയം ജി40 ഫ്യൂഷനിൽ 64MP പ്രധാന സെൻസറാണ്. ഇരുഫോണുകളിലും 2.5cm മാക്രോ സെൻസറായും പ്രവർത്തിക്കുന്ന 8MP അൾട്രാ-വൈഡ് കാമറയും 2MP ഡെപ്ത് സെൻസറുമുണ്ട്. ജി60യിൽ 32 മെഗാ പിക്സലുള്ള മുൻ കാമറയും ജി40 ഫ്യൂഷനിൽ 16 മെഗാ പിക്സലുള്ള മുൻകാമറയുമാണ് നൽകിയിരിക്കുന്നത്.
ഇരുഫോണുകൾക്കും 6.8 ഇഞ്ചുള്ള ഫുൾ എച്ച്ഡി എൽ.സി.ഡി ഡിസ്പ്ലേയും അതിന് 120Hz റിഫ്രഷ് റേറ്റും HDR10 പിന്തുണയുമുണ്ട്. 2460 x 1080 പിക്സലാണ് ഡിസ്പ്ലേയുടെ റെസൊല്യൂഷൻ. ഇരുഫോണുകൾക്കും കരുത്ത് പകരുന്നത് സ്നാപ്ഡ്രാഗണിന്റെ പ്രൊസസർ 732ജിയാണ്. സ്റ്റോക് ആൻഡ്രോയിഡുമായി എത്തുന്ന ഇരുഫോണുകളിലും ഏറ്റവും പുതിയ ആൻഡ്രോയ്ഡ് 11 ഓപറേറ്റിങ് സിസ്റ്റമാണ്.
20W ടർബോ പവർ ചാർജിങ് പിന്തുണയുള്ള 6,000mAh ബാറ്ററിയാണ് ഫോണിന്‍റെ മറ്റൊരു പ്രത്യേകത. വിലയിലാണ് മോട്ടോ ഇത്തവണ ഞെട്ടിക്കുന്നത്. മോട്ടോ ജി40 ഫ്യൂഷന്‍റെ 4GB+64GB വകഭേദത്തിന് 13,999 രൂപയാണ് വില. 6GB+128GBക്ക് 15,999 രൂപ നൽകേണ്ടി വരും. അതേസമയം മോട്ടോ ജി60യുടെ 6GB+128GB മോഡലിന് 17,999 രൂപയാണ് വില. ഏപ്രിൽ 27ന് ഫ്ലിപ്കാർട്ടിലൂടെ ഫോൺ വിൽപ്പനക്കെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.