image - phonearena

പിക്സൽ 8 സീരീസ്: ഗൂഗിൾ ഡോക്യുമെന്റ് ലീക്കായി, വിലയും മറ്റ് വിവരങ്ങളും പുറത്ത്

ആപ്പിൾ അവരുടെ ഫ്ലാഗ്ഷിപ്പ് 15 സീരീസ് ഐഫോണുകൾ ലോഞ്ച് ചെയ്തതിന് പിന്നാലെ, ഗൂഗിളും തങ്ങളുടെ പ്രീമിയം ഫോണുകളായ പിക്സലിന്റെ ഏറ്റവും പുതിയ പതിപ്പുമായി എത്താൻ പോവുകയാണ്. പിക്സൽ 8 സീരീസുമായി ബന്ധപ്പെട്ട് നിരവധി ലീക്കുകൾ പുറത്തുവന്നിരുന്നു. പിക്സൽ 8 ലൈനപ്പിന്റെ വിലയുമായി ബന്ധപ്പെട്ടതായിരുന്നു അതിൽ പ്രധാനപ്പെട്ടത്. പിക്സൽ 7 സീരീസുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ പിക്സലുകൾക്ക് വില കൂടുമെന്നായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നത്.

എന്നാലിപ്പോൾ പിക്സൽ ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ വിവരങ്ങളുള്ള ഗൂഗിളിന്റെ ഔദ്യോഗിക ഡോക്യുമെന്റ് ലീക്കായതോടെ പ്രൈസുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് വിരാമമായിരിക്കുകയാണ്. കൂടാതെ ക്യാമറാ വിവരങ്ങളും മറ്റ് ചില ഫീച്ചറുകളും പുറത്തുവന്നിട്ടുണ്ട്.

പിക്സൽ 8 നിലവിലെ ലൈനപ്പിനെക്കാൾ ചെലവേറിയതായിരിക്കുമെന്നാണ് ലീക്കായ ഡോക്യുമെന്റ് സൂചിപ്പിക്കുന്നത്. രണ്ട് പുതിയ ഫോണുകളുടെയും വില അവയുടെ മുൻഗാമികളേക്കാൾ 100 ഡോളർ കൂടുതലായിരിക്കുമെന്ന് 9to5Google റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, വില കൂടിയാലും കാര്യമായ മാറ്റങ്ങളോടെയാണ് ഗൂഗിൾ തങ്ങളുടെ പുതിയ ഫോണുകളെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഗൂഗിൾ പിക്സലുമായി ബന്ധപ്പെട്ട ലീക്കുകൾ പുറത്തുവിടാറുള്ള എക്സ് യൂസറായ kamila -യാണ് പിക്സൽ 8 ലൈനപ്പിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. അതിൽ ഫോണുകളുടെ വില കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്. പിക്സൽ 8 എന്ന മോഡൽ 699 ഡോളറിൽ (58,000 രൂപയിലേറെ) ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. പിക്സൽ 7 എന്ന മോഡൽ 599 ഡോളറിനായിരുന്നു (ഏകദേശം 49,782 രൂപ) വിൽപ്പനക്കെത്തിയത്.

അതേസമയം, പിക്സൽ 8 പ്രോയുടെ വിലയാരംഭിക്കുന്നത് 899 ഡോളർ (ഏകദേശം 74,900 രൂപ) മുതലാണ്. പിക്സൽ 7 പ്രോയും ഇതേ വിലയിലയായിരുന്നു വിൽപ്പനയാരംഭിച്ചത്.

ഗൂഗിളിന്റെ സ്വന്തം ചിപ്സെറ്റായ ഗൂഗിൾ ടെൻസർ ജി3-യിലാകും പിക്സൽ 8 സീരീസിലെ രണ്ട് ഫോണുകളും പ്രവർത്തിക്കുക. യഥാക്രമം 8 ജിബി റാമും 12 ജിബി റാമുമായിരിക്കും ഉണ്ടാവുക.

ഇത്തവണ പിക്സൽ 8-ന് 120hz റിഫ്രഷ് റേറ്റ് ഗൂഗിൾ നൽകിയിട്ടുണ്ട്. പിക്സൽ 7-ന് 90hz മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1hz മുതൽ 120hz വരെ പോകുന്ന വാര്യബിൾ റിഫ്രഷ് റേറ്റാണ് 8 പ്രോ മോഡലിനുള്ളത്.

ക്യാമറയിൽ വലിയ മാറ്റം

50 മെഗാപിക്സലിന്റെ പ്രധാന ക്യാമറയാണ് പിക്സൽ 8-നൊപ്പമുള്ളത്. മാക്രോ ഫോകസുള്ള 12 എംപിയുടെ അൾട്രാ വൈഡ് സെൻസറുമുണ്ട്. 10.5 എംപിയുടേതാണ് മുൻ ക്യാമറ. പിക്സൽ 8 പ്രോയിൽ 50 എംപിയുടെ പ്രധാന ക്യാമറയും മാക്രോ ഫോകസുള്ള 48 എംപിയുടെ അൾട്രാ വൈഡ്, 48 എംപിയുടെ 5എക്സ് ടെലിഫോട്ടോ ലെൻസ്, 10.5 എംപിയുടെ മുൻ ക്യാമറ എന്നിവയാണുള്ളത്.  



Tags:    
News Summary - Pixel 8 and 8 Pro price leaked straight from Google

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.