ഒടുവിൽ പോകോ എഫ് 1 എന്ന ലെജൻഡിന് പിൻഗാമിയുമായി പോകോ എന്ന കമ്പനി എത്തി. 2018-ൽ ആയിരുന്നു പോകോ എന്ന കമ്പനിയുടെ ഉദയത്തിനൊപ്പം പോകോ എഫ് 1 എന്ന ഫ്ലാഗ്ഷിപ്പ് കില്ലർ ഫോൺ ലോകവ്യാപകമായി വിപണിയിലെത്തിയത്.
സ്നാപ്ഡ്രാഗൺ 845 എന്ന അന്നത്തെ ഏറ്റവും കരുത്തുറ്റ ചിപ്സെറ്റും മികച്ച കാമറയുമായിരുന്നു ഫോണിനെ ജനപ്രിയമാക്കിയത്. അതിന് ശേഷം പോകോ എന്ന കമ്പനിക്ക് എഫ് 1-നെ വെല്ലുന്ന മറ്റൊരു ഫോൺ ഇറക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, പോകോ എഫ് 4 5ജിയിലൂടെ പഴയ പ്രതാപത്തിലേക്ക് പോകാനുള്ള പുറപ്പാടിലാണ് ഷവോമിയുടെ സബ്-ബ്രാൻഡ്.
പുതിയ ഫ്ലാഗ്ഷിപ്പ് കില്ലർ വിശേഷങ്ങൾ
ഡിസൈനിൽ കാര്യമായി ശ്രദ്ധിച്ചുകൊണ്ടാണ് പോകോ, അവരുടെ പുതിയ അവതാരത്തെ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. ഫ്ലാറ്റായിട്ടുള്ള എഡ്ജുകളും റെക്ടാംഗുലർ കാമറ സെറ്റപ്പും നൈറ്റ് ബ്ലാക്, നെബുല ഗ്രീൻ കളറുകളും ഫോണിന് നല്ല ചന്തം നൽകുന്നുണ്ട്.
6.67 ഇഞ്ച് വലിപ്പവും 120Hz റിഫ്രഷ് റേറ്റുമും 360Hz ടച്ച് സാംപ്ലിങ് റേറ്റും 1300 നിറ്റ്സ് പീക് ബ്രൈറ്റ്നസുമുള്ള അടിപൊളി അമോലെഡ് E4 ഡിസ്പ്ലേ ആണ് പോകോ എഫ് 4 5ജിയുടെ എടുത്തുപറയേണ്ട സവിശേഷതകളിലൊന്ന്. അവിടെയും തീർന്നില്ല, HDRO10+, MEMC, ഡോൾബി വിഷൻ പിന്തുണയും ഗൊറില്ല ഗ്ലാസ് 5-ന്റെ കരുത്തും കൂടിയാകുമ്പോൾ, യഥാർഥ ഫ്ലാഗ്ഷിപ്പ് ഡിസ്പ്ലേ എന്ന് തന്നെ ഇതിനെ വിളിക്കാം.
പ്രകടനത്തിലും കരുത്തിലും ബാറ്ററി ലൈഫിലും ഏറ്റവു മികച്ചതെന്ന് പറയാവുന്ന സ്നാപ്ഡ്രാഗൺ 870 എന്ന ചിപ്സെറ്റാണ് എഫ് 4-ന് കരുത്തേകുന്നത്. 12ജിബി വരെയുള്ള LPDDR5 റാമും 256ജിബി വരെയുള്ള യു.എഫ്.എസ്. 3.1 സ്റ്റോറേജും ഫോണിന്റെ മേന്മകളിൽ പെടുന്നു.
കാമറയുടെ കാര്യത്തിലും കമ്പനി വിട്ടുവീഴ്ച വരുത്തിയിട്ടില്ല. 64MPയുള്ള പ്രധാന കാമറയ്ക്ക് ഒ.ഐ.എസ് പിന്തുണയുണ്ട്. ആദ്യമായാണ് ഒരു പോകോ ഫോണിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റബ്ലൈസേഷൻ പിന്തുണ ലഭിക്കുന്നത്. എട്ട് മെഗാപിക്സലുള്ള അൾട്രാവൈഡ് ലെൻസും 2മെഗാപിക്സലുള്ള മാക്രോ ലെൻസു പിൻകാമറ മൊഡ്യൂളിലുണ്ട്. 20MPയാണ് സെൽഫി കാമറ.
4500 എം.എ.എച്ച് ബാറ്ററി, അതിനെ 38 മിനിറ്റ് കൊണ്ട് ഫുൾ ചാർജ് ചെയ്യാൻ അനുവദിക്കുന്ന 67 വാട്ട് അതിവേഗ ചാർജിങ് സപ്പോർട്ടും പോകോ പുതിയ ഫ്ലാഗ്ഷിപ്പ് കില്ലറിന് നൽകിയിട്ടുണ്ട്.
മറ്റ് സവിശേഷതകൾ
ലിക്വിഡ്‌കൂൾ ടെക്‌നോളജി 2.0, ഡോൾബി അറ്റ്‌മോസ്, ഹൈ-റെസ് ഓഡിയോ (വയർലെസ്സും), ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, 10 5G ബാൻഡുകൾ, IP53 വാട്ടർ റെസിസ്റ്റൻസ്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനർ, എക്‌സ്-ആക്‌സിസ് ലീനിയർ വൈബ്രേഷൻ മോട്ടോർ, NFC, IR ബ്ലാസ്റ്റർ എന്നിവയുടെ പിന്തുണയുണ്ട്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള MIUI 13-ലാണ് ഫോൺ പ്രവർത്തിപ്പിക്കുന്നത്.
വില വിവരങ്ങൾ
അതേസമയം ലോഞ്ചിങ് ഓഫറായി എസ്ബിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് ഫോൺ 23,999 (6GB+128GB) രൂപയ്ക്ക് സ്വന്തമാക്കാം. 8GB+128GB വകഭേദം 25,999 രൂപയ്ക്കും, 12GB+256GB വകഭേദം 29,999 രൂപയ്ക്കും കിട്ടും.
വാങ്ങുന്ന സമയത്ത്, നിങ്ങൾക്ക് 2 മാസത്തെ സൗജന്യ യൂട്യൂബ് പ്രീമിയവും ഒരു വർഷത്തെ Disney+ Hotstar സബ്‌സ്‌ക്രിപ്‌ഷനും സൗജന്യമായി ലഭിക്കും. ജൂൺ 27 മുതൽ ഫ്ലിപ്പ്കാർട്ട് വഴി ഫോൺ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.