അർജന്റീന ഫാൻസിനായി റെഡ്മിയുടെ ‘വേൾഡ് ചാമ്പ്യൻസ് എഡിഷൻ’ ഫോൺ; വിലയും വിശേഷങ്ങളും അറിയാം

അർജന്റീന ഫുട്ബാൾ ടീമിന്റെ ആരാധകർക്ക് കഴിഞ്ഞ ലോകകപ്പ് ജീവിതത്തിൽ മറക്കാൻ കഴിയില്ല. ഖത്തറിൽ നടന്ന ഫുട്ബാൾ മാമാങ്കം കേരളത്തിലടക്കമുള്ള ആർജന്റീന ആരാധകർക്ക് നേരിട്ട് പോയി ആസ്വദിക്കാൻ കഴിഞ്ഞു എന്നതായിരുന്നു ശ്രദ്ധേയം. അർജന്റീനയുടെ വിശ്വകിരീട വിജയം നെഞ്ചേറ്റിയ ആരാധകർക്കായി സ്പെഷൽ എഡിഷൻ സ്മാർട്ട്ഫോണുമായി എത്തിയിരിക്കുകയാണ് ഷഓമി.

ഏതാനും മാസങ്ങൾക്ക് മുമ്പ് ഷഓമി അവതരിപ്പിച്ച മിഡ്റേഞ്ച് സ്മാർട്ട്ഫോണായിരുന്നു റെഡ്മി നോട്ട് 13 പ്രോ+ 5ജി. അതേ ഫോണിന്റെ ‘വേൾഡ് ചാമ്പ്യൻസ് എഡിഷൻ’ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ കമ്പനി. അർജൻ്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) സഹകരിച്ചാണ് ഈ പ്രത്യേക പതിപ്പ് ഷഓമി വികസിപ്പിച്ചിരിക്കുന്നത്. ഷഓമി ഇന്ത്യയിൽ അവരുടെ ബ്രാൻഡിൻ്റെ പത്താം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പുതിയ ഫോൺ അ‌വതരിപ്പിച്ചത്.

അ‌ർജന്റീനയുടെ ജഴ്സിയെ ഓർമിപ്പിക്കുന്ന നീലയും വെള്ളയും കളറുകളുള്ള ബാക് പാനൽ ഡി​സൈനുമായാണ് റെഡ്മി നോട്ട് 13 പ്രോ+ വേൾഡ് ചാമ്പ്യൻസ് എഡിഷൻ എത്തിയിരിക്കുന്നത്. അ‌ർജന്റീന വേൾഡ് കപ്പ് നേടിയ 1978, 1986, 2022 വർഷങ്ങൾ അതിൽ അ‌ടയാളപ്പെടുത്തിയിരിക്കുന്നു.

 അതേ ഡിസൈനുള്ള എക്‌സ്‌ക്ലൂസീവ് ബോക്‌സും എഎഫ്എ ബ്രാൻഡിങ്ങോടുകൂടിയ ആക്‌സസറികളുമായാണ് ഫോൺ വരുന്നത്. ചാർജറിലും സിം ഇജക്ടർ പിന്നിലും എഎഫ്എ-യുടെ ലോഗോ നൽകിയിട്ടുണ്ട്. കൂടാതെ ചാർജറിന്റെ കേബിളും നീല നിറത്തിലാണ്.

മീഡിയടെക് ഡൈമൻസിറ്റി 7200 അൾട്രാ SoC-ൽ പ്രവർത്തിക്കുന്ന ഹാൻഡ്‌സെറ്റ് 120W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. 12GB + 512GB സിംഗിൾ വകഭേദത്തിലാണ് റെഡ്മി നോട്ട് 13 Pro+ വേൾഡ് ചാമ്പ്യൻസ് എഡിഷൻ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. 6.67 ഇഞ്ച് HDR10+ കർവ്ഡ് അ‌മോലെഡ് ഡിസ്‍പ്ലേയുള്ള ഫോണിന് ഐപി 68 റേറ്റിങ്ങും നൽകിയിട്ടുണ്ട്.

200MP സാംസങ് ഐസൊസെൽ എച്ച്പി (ISOCELL HP3 ) സെൻസർ, 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2MP മാക്രോ സെൻസർ എന്നിങ്ങനെയാണ് പിൻ കാമറ വിശേഷങ്ങൾ. മുന്നിൽ 16 എംപിയുടെ ക്യാമറയാണ് നൽകിയിരിക്കുന്നത്. 37,999 രൂപയാണ് ഫോണിന്റെ വില എന്നാൽ, ബാങ്ക് ഓഫറുകളടക്കം ഫോൺ 34,999 രൂപക്ക് സ്വന്തമാക്കാം. മെയ് 15 മുതലാണ് വിൽപന ആരംഭിക്കുന്നത്. 

Tags:    
News Summary - Redmi Note 13 Pro+ 5G "World Champions Edition" Debuts in India: Price, Specs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.