സെപ്തംബർ 21ന് ഷവോമി തങ്ങളുടെ സൂപ്പർഹിറ്റ് സ്മാർട്ട്ഫോൺ സീരീസായ റെഡ്മി നോട്ടിന്റെ പുതിയ മോഡലുകളുമായി എത്താൻ പോവുകയാണ്. റെഡ്മി നോട്ട് 13, റെഡ്മി നോട്ട് 13 പ്രോ, റെഡ്മി നോട്ട് 13 പ്രോ+ എന്നീ മോഡലുകളാണ് എത്തുക. ലോഞ്ച് തീയതി അടുക്കവേ, സ്മാർട്ട്‌ഫോണുകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഷവോമി.
റെഡ്മി നോട്ട് 13 പ്രോ+ 200 മെഗാപിക്സൽ പ്രൈമറി സെൻസർ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുമായാണ് വരുന്നത്. ചൈനീസ് മൈക്രോബ്ലോഗിംഗ് സൈറ്റായ വെയ്‌ബോയിൽ വരാനിരിക്കുന്ന ഫോണിന്റെ ക്യാമറ സാമ്പിളുകളും കമ്പനി പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, പ്ലസ് മോഡലിലൂടെ ആദ്യമായി റെഡ്മിയിൽ അരിക് വളഞ്ഞ ഡിസ്‍പ്ലേ കൂടി അവതരിപ്പിക്കാൻ പോവുകയാണ് ഷവോമി. കർവ്ഡ് അമോലെഡ് ഡിസ്‍പ്ലേയുമായി എത്തുന്ന ഈ മോഡൽ തന്നെയാകും ശ്രദ്ധാകേന്ദ്രവും. 6.67 ഇഞ്ച് 1.5 കെ അമോലെഡ് ഡിസ്‌പ്ലേ ആയിരിക്കും ഇതിനെന്നാണ് കരുതുന്നത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും തീർത്തും കട്ടി കുറഞ്ഞ ബെസലുകളുമായിട്ടായിരിക്കും പ്ലസ് മോഡൽ എത്തുകയെന്നും സൂചനയുണ്ട്. സ്‌ക്രീനിന് കോര്‍ണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണവുമുണ്ടായേക്കും.
റെഡ്മി നോട്ട് 13 പ്രോ സ്‌നാപ്ഡ്രാഗൺ 7എസ് ജെൻ 2 (7s Gen 2) പ്രൊസസറുമായി വരുമെന്നും ഷവോമി അറിയിച്ചിട്ടുണ്ട്. ക്വാൽകോമിൽ നിന്നുള്ള ഏറ്റവും പുതിയ മിഡ്‌റേഞ്ച് ചിപ്‌സെറ്റ് 4 നാനോമീറ്റർ പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ പ്രൊസസർ 2.4GHz-ൽ ക്ലോക്ക് ചെയ്ത നാല് പെർഫോമൻസ് കോറുകളും 1.95GHz-ൽ കാപ് ചെയ്ത നാല് എഫിഷ്യൻസി യൂണിറ്റുകളുമുള്ള എട്ട്-കോർ സിപിയു ഫീച്ചർ ചെയ്യുന്നു.
മറുവശത്ത് റെഡ്മി നോട്ട് 13 പ്രോ+ മീഡിയടെകിന്റെ 4 നാനോമീറ്റർ ഡൈമൻസിറ്റി 7200 അൾട്രാ എസ്.ഒ.സിയിലാകും പ്രവർത്തിക്കുക.
റെഡ്മി നോട്ട് 13 സീരീസ് സ്മാർട്ട്‌ഫോണുകൾ IP68 വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗുമായി വരുമെന്നും റിപ്പോർട്ടുണ്ട്. പ്രോ മോഡലുകളിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (EIS) എന്നീ പിന്തുണയുള്ള 200-മെഗാപിക്സൽ സാംസങ് ഐസോസെൽ HP3 ഡിസ്കവറി എഡിഷൻ ക്യാമറ സെൻസറായിരിക്കും ഉണ്ടാവുക.
റെഡ്മി നോട്ട് 13 പ്രോ+ -ൽ പകർത്തിയ ചില ചിത്രങ്ങൾ ഷവോമി വൈബോയിൽ പങ്കിട്ടിരുന്നു. പുതിയ ഇമേജ് സെൻസറിന്റെ ക്യാമറ അപ്ഗ്രേഡിനെ സാമ്പിളുകൾ എടുത്തുകാണിക്കുന്നു. ഫോറസ്റ്റ് ഗ്രീൻ, നെഗറ്റീവ്, വിവിഡ്, വാം ഗ്രീൻ എന്നിവയുൾപ്പെടെ വ്യത്യസ്ത ഫിൽട്ടറുകൾ ക്യാമറ യൂണിറ്റ് വാഗ്ദാനം ചെയ്യുമെന്ന് ചിത്രങ്ങൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.