ആപ്പിൾ കൊട്ടിഘോഷിച്ച് ഐഫോൺ 14 സീരീസ് പുറത്തിറക്കിയിട്ട് ഒരു മാസം കഴിഞ്ഞു. എന്നാൽ, പുതിയ ഐഫോൺ മോഡലുകളെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾ ഒന്നൊന്നായി ടെക് ലോകത്ത് ചർച്ചയാവുകയാണ്. ആദ്യം ഐഫോൺ 14 പ്രോ സീരീസിലെ ക്യാമറകൾ വിറയ്ക്കുന്ന ബഗ്ഗായിരുന്നു ഏവരെയും ഞെട്ടിച്ചത്. അത് അപ്ഡേറ്റിലൂടെ ആപ്പിൾ പരിഹരിച്ചു. എന്നാൽ, പുതിയ പ്രശ്നം സിമ്മുമായി ബന്ധപ്പെട്ടുള്ളതാണ്.
പല ഐഫോൺ 14 യൂസർമാരും അതിനെ കുറിച്ച് പരാതിയുമായി എത്തിയതോടെ ഹാൻഡ്‌സെറ്റുകൾക്ക് ചില പ്രശ്‌നങ്ങളുണ്ടെന്ന് സ്ഥിരീകരിച്ച് ആപ്പിൾ തന്നെ രംഗത്തുവന്നിട്ടുണ്ട്. ഐ.ഒ.എസ് 16ന്റെ സിം ബഗ് ഐഫോൺ 14 ഉപയോക്താക്കളെ ബാധിക്കുന്നുണ്ടെന്നാണ് ആപ്പിൾ അറിയിച്ചത്.
ഐഫോൺ 14 സീരീസ് ഫോണുകളിൽ 'സിം പിന്തുണയ്ക്കുന്നില്ല' ( 'SIM not supported') എന്ന ഒരു സന്ദേശം വരുന്നതായാണ് യൂസർമാർ പരാതിപ്പെട്ടത്. പോപ്പ്-അപ്പ് സന്ദേശം വന്നുകഴിഞ്ഞാൽ സ്മാർട് ഫോൺ പൂർണമായും നിശ്ചലമാകും. എന്നാൽ ഇത് ഹാർഡ്വെയറുമായി ബന്ധപ്പെട്ട പ്രശ്നമല്ലെന്നാണ് ആപ്പിൾ പറയുന്നത്. സോഫ്റ്റ്വെയർ പ്രശ്നമാണെന്നും പുതിയ അപ്ഡേറ്റിലൂടെ പരിഹരിക്കുമെന്നും കമ്പനി അറിയിച്ചു.
സിം നിശ്ചലമായെന്ന പോപ്പ്-അപ്പ് സന്ദേശം അപ്രത്യക്ഷമാകുന്നതുവരെ ഉപഭോക്താക്കൾ കാത്തിരിക്കണമെന്ന് കമ്പനി നിർദേശിച്ചു. അങ്ങനെ സംഭവിച്ചില്ലെങ്കിൽ, ഫോൺ റീസ്റ്റോർ ചെയ്യാൻ ശ്രമിക്കരുത്. പകരം, പ്രശ്നം പരിഹരിക്കുന്നതിനുള്ള സാങ്കേതിക സഹായം ലഭിക്കുന്നതിനായി ആപ്പിൾ സ്റ്റോറിൽ നിന്നോ അംഗീകൃത സേവന ദാതാവിൽ നിന്നോ സഹായം തേടണമെന്നും കമ്പനി കൂട്ടിച്ചേർത്തു.
നേരത്തേ, മറ്റൊരു ബഗ് ആപ്പിൾ പരിഹരിച്ചിരുന്നു. ചില യൂസർമാരെ പുതിയ ഐഫോൺ 14 ഹാൻഡ്‌സെറ്റുകൾ ആക്ടിവേറ്റ് ചെയ്യുന്നതിൽ നിന്ന് തടയുന്നതായിരുന്നു ആ പ്രശ്നം. ഐഒഎസ് 16.0.1 അപ്ഡേറ്റ് വഴിയദബ് ആക്ടിവേഷൻ അല്ലെങ്കിൽ മൈഗ്രേഷൻ പ്രശ്‌നങ്ങൾ പരിഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.