പിക്സൽ 8 സീരീസ് പുറത്തിറങ്ങി ഏതാനും മാസങ്ങൾ മാത്രം പിന്നിടുമ്പോഴേക്കും വരാനിരിക്കുന്ന പിക്സൽ 9 പ്രോയുടെ ആദ്യ ചിത്രങ്ങൾ ഇന്റർനെറ്റിൽ ലീക്കായിരിക്കുകയാണ്. ഐഫോൺ 15 സീരീസും അതിനെ വെല്ലാനായി എത്തിയ സാംസങ് ഗ്യാലക്സി എസ് 24 സീരീസുമൊക്കെയാണ് ഇപ്പോൾ സ്മാർട്ട്ഫോൺ ലോകത്തെ ചർച്ചാവിഷയം. 2024-ൽ പിക്സൽ 9 സീരീസുമായി എത്തി രണ്ട് വമ്പൻമാരെയും വെല്ലുവിളിക്കാനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്.
ഐഫോണിന്റെ പ്രകടനത്തോടും ക്യാമറ മികവിനോടുമൊക്കെ മുട്ടാൻ ആൻഡ്രോയ്ഡ് ലോകത്ത് സാംസങ്ങിന്റെ എസ് സീരീസ് ഫോണുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ഗൂഗിൾ അവരുടെ പിക്സൽ ഫോണുകളുമായി എത്തിയതോടെ ഗ്യാലക്സി ഫോണുകൾക്ക് പറ്റിയ എതിരാളിയായി മാറുകയും ചെയ്തു.
വിഡിയോ റെക്കോർഡിങ്ങിന്റെ കാര്യത്തിൽ ഐഫോണിനെ വെല്ലാൻ ഇതുവരെ ഒരു ആൻഡ്രോയ്ഡ് ഫോണിനും സാധിച്ചിട്ടില്ലെങ്കിലും പിക്സൽ ഫോണിന്റെ ക്യാമറ പകർത്തുന്ന ചിത്രങ്ങൾ ഐഫോണിനെയും ഗ്യാലക്സി എസ് സീരീസ് ഫോണുകളെയും വെല്ലുന്നതാണ്. ഈ വർഷം പിക്സൽ 9, 9 പ്രോ എന്നീ മോഡലുകളുമായാണ് ഗൂഗിൾ എത്തുന്നത്.
പിക്സൽ 9 പ്രോയുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. മൈസ്മാർട്ട് പ്രൈസുമായി (MySmartPrice) സഹകരിച്ച്, ഓൺലീക്സിലെ പ്രമുഖ ടിപ്സ്റ്ററായ സ്റ്റീവ് എച്ച്. മക്ഫ്ലൈ ആണ് പിക്സൽ 9 പ്രോയുടെ റെൻഡറുകളും സവിശേഷതകളും പുറത്തുവിട്ടത്. മുൻ മോഡലുകളെ അപേക്ഷിച്ച്, ഫ്ലാറ്റ് ഡിസ്‍പ്ലേയും എഡ്ജുകളുമായാണ് പുതിയ പിക്സൽ എത്തുന്നത്. ഐഫോണുകൾക്ക് സമാനമാണ് ഡിസൈൻ എന്ന് പറയാം. അതുപോലെ 6.5 ഇഞ്ചായിരിക്കും 9 പ്രോയുടെ ഡിസ്‍പ്ലേ വലിപ്പം. 6.8 ഇഞ്ചാണ് 8 പ്രോയുടെ പാനലിനുള്ളത്.
പിൻ കാമറയിൽ ചെറിയ ഡിസൈൻ മാറ്റവും കാണാം. കമ്പനിയുടെ ഇൻ-ഹൗസ് ടെൻസർ G4 ചിപ്സെറ്റാകും പിക്സൽ 9 പ്രോക്ക് കരുത്തേകുക. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള സ്റ്റോക് ആൻഡ്രോയ്ഡ് യു.ഐ-യിലായിരിക്കും ഫോൺ പ്രവർത്തിക്കുക. ഒക്ടോബറിൽ ഗൂഗിൾ പിക്സൽ 9 സീരീസ് ലോഞ്ച് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.