ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് 15000 രൂപയ്ക്ക് താഴെയുള്ള സ്മാർട്ട്ഫോണുകൾക്കാണ്. ഒരു കാലത്ത് റെഡ്മിയും റിയൽമിയുമൊക്കെ അവരുടെ മികച്ച സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിരുന്നത് ഈ പ്രൈസ് കാറ്റഗറിയിലായിരുന്നു. റെഡ്മി നോട്ട് സീരീസും റിയൽമിയുടെ നമ്പർ സീരീസുമൊക്കെ ചൂടപ്പം പോലെയായിരുന്നു വിറ്റുപോയിരുന്നത്. എന്നാൽ, ഇന്ന് ഇരു കമ്പനികളുടെയും തരക്കേടില്ലാത്ത ഫോണുകൾ വാങ്ങണമെങ്കിൽ കുറഞ്ഞത് 25000 രൂപയെങ്കിലും നൽകണം.
എങ്കിലും 15000 രൂപക്ക് താഴെയുള്ള മികച്ച ഓപ്ഷനുകൾക്ക് ഇപ്പോഴും ആവശ്യക്കാരേറെയുണ്ട്. ജിയോയും എയർടെലുമൊക്കെ 5ജി അൺലിമിറ്റഡായി നൽകിക്കൊണ്ടിരിക്കുമ്പോൾ 4ജിയിൽ നിന്ന് 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ പലരും കൊതിക്കുന്നുണ്ട്. അത്തരക്കാർക്കായി റെഡ്മി തന്നെയാണ് ഗംഭീരമായൊരു ഓഫറുമായി എത്തിയിരിക്കുന്നത്.
റെഡ്മി നോട്ട് 12 5ജി എന്ന ഫോൺ 17,999 രൂപക്കായിരുന്നു ഷവോമി ലോഞ്ച് ചെയ്തത്. വില കണ്ട് അന്ന് പലരും നെറ്റിചുളിച്ചെങ്കിലും ഫോൺ കാര്യമായി തന്നെ വിറ്റുപോയി. ഇപ്പോഴിതാ അതേ റെഡ്മി ഫോണിന് 7000 രൂപയുടെ ഡിസ്കൗണ്ടാണ് റെഡ്മി ഓഫർ ചെയ്യുന്നത്. റെഡ്മി നോട്ട് 12 5ജിയുടെ 4 ജിബി റാം + 128 ജിബി വകഭേദത്തന് വെറും 11,999 രൂപ നൽകിയാൽ മതി.
ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മികച്ച ഡിസ്കൗണ്ടാണ് ഇപ്പോൾ റെഡ്മി നോട്ട് 12-ന് വാഗ്ദാനം ചെയ്യുന്നത്. 12000 രൂപക്ക് നിലവിൽ ഈ മോഡലിനെ വെല്ലാനൊരു 5ജി ഫോൺ വേറെയില്ല എന്ന് പറയാം. റെഡ്മി നോട്ട് 13 സീരീസ് വരാനിരിക്കെയാണ് പഴയ മോഡലിന് കിടിലൻ വിലിക്കിഴിവുമായി കമ്പനി എത്തുന്നത്. നോട്ട് 13 സീരീസിന് 15000 മുകളിലായാണ് വില പ്രതീക്ഷിക്കുന്നത്.
6.67 ഇഞ്ച് വലിപ്പമുള്ള 90Hz ഫുൾ എച്ച്.ഡി പ്ലസ് ഡിസ്‍പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. സ്നാപ്ഡ്രാഗണിന്റെ 4 ജെൻ 2 എന്ന ചിപ് സെറ്റാണ് കരുത്ത് പകരുന്നത്. 50MP f/1.8 AI ഡ്യുവൽ കാമറയാണ് പിൻ ഭാഗത്ത്. എട്ട് എം.പിയുടെ മുൻ കാമറയുമുണ്ട്. 5000 എംഎഎച്ച് ബാറ്ററിയും 22.5 വാട്ട് ഫാസ്റ്റ് ചാർജിങ്ങുമുണ്ട്. ഫോണിൽ എ.ഐ.യു.ഐ ഡയലറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അനൗൺസ്മെന്റില്ലാതെ കോൾ റെക്കോർഡ് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.