മോട്ടറോളക്കിത് ഉയർത്തെഴുന്നേൽപ്പിന്റെ കാലമാണ്. ഒരുകാലത്ത് ലോകത്തിലെ മുൻനിര സ്മാർട്ട്ഫോൺ നിർമാതാക്കളിലൊന്നായ കമ്പനി കഴിഞ്ഞ കുറച്ച് വർഷങ്ങളായി അൽപ്പം പ്രതിസന്ധിയിലൂടെയായിരുന്നു കടന്നുപോയത്. ലെനോവോ ഏറ്റെടുത്തതോടെ, അത് പൂർണ്ണമായി എന്ന് പലരും കരുതി. കാരണം, സ്മാർട്ട്ഫോൺ രംഗത്ത് കാര്യമായി തിളങ്ങാനാകാത്ത ബ്രാൻഡാണ് ലെനോവോ.
എന്നാൽ, മോട്ടറോള എന്ന ബ്രാൻഡിന് കീഴിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി മികച്ച ഫോണുകളാണ് ലെനോവോ അവതരിപ്പിക്കുന്നത്. ഒരുകാലത്ത് വിപണി പിടിക്കാൻ ഷവോമി പയറ്റിയ രീതിയാണ് അവർ പിന്തുടരുന്നത്. കുറഞ്ഞ വിലയ്ക്ക് ഗംഭീര ഫീച്ചറുകൾ കുത്തിനിറച്ചുള്ള മോട്ടോയുടെ ഫോണുകൾ ഇപ്പോൾ ആളുകൾ വാങ്ങിത്തുടങ്ങിയിട്ടുണ്ട്.
മോട്ടോയുടെ ഫ്ലാഗ്ഷിപ്പായ റേസർ 2022 ഫോൾഡബിളിനൊപ്പം ഇന്ന് ചൈനയിൽ ഒരു ഫോൺ കൂടി ലോഞ്ച് ചെയ്തിരിക്കുകയാണ്. മോട്ടോ എക്സ് 30 പ്രോ (Moto X30 Pro) എന്ന ഫോണാണത്. 200 മെഗാപിക്സൽ ക്യാമറയുമായി പുറത്തിറക്കുന്ന ആദ്യ സ്മാർട്ട്ഫോണായി ചരിത്രത്തിൽ ഇടംപിടിക്കാൻ പോകുന്ന ഹാൻഡ്സെറ്റാണ് മോട്ടോ എക്സ് 30 പ്രോ.
ഫീച്ചറുകൾ അറിയാം...
പ്രധാന ഹൈലൈറ്റിൽ നിന്ന് തന്നെ തുടങ്ങാം. പിറകിൽ ട്രിപ്പിൾ കാമറ സജ്ജീകരണവുമായി എത്തുന്ന മോട്ടോ എക്സ് 30 പ്രോയുടെ പ്രൈമറി ക്യാമറ 200 മെഗാപിക്സലിന്റെതാണ്. സാംസങ് കഴിഞ്ഞ വർഷം അവതരിപ്പിച്ച HP1 സെൻസറിനെ അടിസ്ഥാനമാക്കിയുള്ളതാണിത്. ഇതൊരു 1/1.22″ സെൻസറാണ്. 2.56µm ആണ് അതിന്റെ പിക്സൽ വലിപ്പം. കൂടാതെ 12.5MP ഫോട്ടോകൾ എടുക്കുന്നതിന് 16-in-1 പിക്സൽ ബിന്നിങ്ങിനെ സെൻസർ പിന്തുണയ്ക്കുന്നു. പ്രധാന ക്യാമറയ്ക്ക് 8K @ 30FPS വീഡിയോ റെക്കോർഡിങ്ങും OIS പിന്തുണയും ഉണ്ട്.
117-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ, 2.5സെന്റീ മീറ്റർ മാക്രോ സപ്പോർട്ടുമുള്ള 50MP അൾട്രാ-വൈഡ് ക്യാമറ, സോണി IMX663 സെൻസറിന്റെ പിന്തുണയുള്ള 12MP ടെലിഫോട്ടോ ക്യാമറ, അതിന് 2x ഒപ്റ്റിക്കൽ സൂം പിന്തുണയുമുണ്ട്. കൂടാതെ, ഗൊറില്ല ഗ്ലാസ് 5 പരിരക്ഷയുള്ള വെൽവെറ്റ് എജി ഗ്ലാസ് ബാക്ക് പാനലുമാണ് പിൻഭാഗത്തെ വിശേഷങ്ങൾ.
144Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന 6.67-ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് കർവ്ഡ് OLED പാനലാണ് ഫോണിൽ നിങ്ങൾക്ക് ലഭിക്കുക. 2400 x 1080 പിക്സൽ റെസല്യൂഷനും 1500Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റും 100 ശതമാനം DCI-P3 കളർ ഗാമറ്റ് HDR 10+ പിന്തുണയും ഡിസ്‍പ്ലേക്കുണ്ട്,. മാത്രമല്ല, ബ്രൈറ്റ്നസ് 1250 നിറ്റ് വരെ പോകാം. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും മധ്യഭാഗത്ത് സജ്ജീകരിചച 60MP പഞ്ച്-ഹോൾ സെൽഫി ക്യാമറയുമാണ് മുൻവശത്തെ മറ്റ് വിശേഷങ്ങൾ.
ഏറ്റവും മികച്ച പ്രകടനം നൽകുന്ന സ്നാപ്ഡ്രാഗണിന്റെ 8 പ്ലസ് ജെൻ 1 ചിപ്സെറ്റാണ് മോട്ടോ എക്സ് 30 പ്രോക്ക് കരുത്തേകുന്നത്. മികച്ച ഗെയിമിങ്ങ് അനുഭവം നൽകാനായി ഫോണിൽ 11 ഡയമൺഷനൽ വിസി കൂളിങ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്.
12GB വരെ LPDDR5 റാമും 512GB വരെയുള്ള UFS 3.1 സ്റ്റോറേജും ഫോണിന്റെ തടസമില്ലാത്ത പെർഫോമൻസിനെ കാര്യമായി സഹായിക്കും. കൂടാതെ, 125W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,610mAh ബാറ്ററിയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൂജ്യത്തിൽ നിന്ന് 100 ശതമാനം ചാർജ് കയറാൻ 19 മിനിറ്റുകൾ മതിയെന്നാണ് കമ്പനിയുടെ അവകാശവാദം. അതിനൊപ്പം ഫോൺ 50W ഫാസ്റ്റ് വയർലെസ് ചാർജിംഗും 10W റിവേഴ്സ് വയർലെസ് ചാർജിങ് പിന്തുണയും ഫോണിന് നൽകിയിട്ടുണ്ട്.
വില വിവരങ്ങൾ
8GB+128GB: CNY 3,699 (~Rs 43,600)
12GB+256GB: CNY 4,199 (~Rs 49,500)
12GB+512GB: CNY 4,499 (~Rs 53,000)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.