ഷവോമിയുടെ സബ്-ബ്രാൻഡായ റെഡ്മിയുടെ നോട്ട് സീരീസിലെ ഏറ്റവും പുതിയ താരം ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ടു. ഇന്ത്യയിലെ ആരാധകർ കാത്തിരിക്കുന്ന നോട്ട് 12 സീരീസാണ് ഇന്ന് അവതരിപ്പിച്ചത്. നോട്ട് 10 സീരീസ് ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റുപോയിരുന്നെങ്കിലും നോട്ട് 11 രാജ്യത്ത് കാര്യമായ ചലനം സൃഷ്ടിച്ചിരുന്നില്ല. ആ ക്ഷീണം മാറ്റാനായി അടിമുടി അപ്ഡേഷനുമായാണ് ഫോണെത്തിയത്. ഏറ്റവും വലിയ മാറ്റം പ്രൊസസറിലും ഡിസ്‍പ്ലേയിലുമാണ്.
പ്രോ മോഡലുകൾക്ക് "OLED ഫ്ലാഗ്ഷിപ്പ് ഫ്ലെക്സിബിൾ സ്‌ട്രെയിറ്റ് സ്‌ക്രീൻ" ആണ് നൽകിയിരിക്കുന്നതെന്ന് ഷവോമി പറഞ്ഞു. അതുപോലെ ഏറ്റവും പുതിയ കരുത്തുറ്റ ചിപ്സെറ്റായ മീഡിയടെകിന്റെ ഡൈമൻസിറ്റി 1080 ആണ് പ്രോ മോഡലുകൾക്ക് കരുത്തേകുന്നത്.
റെഡ്മി നോട്ട് 12 പ്രോ സവിശേഷതകൾ
6.67 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്.ഡി പ്ലസ് ഒ.എൽ.ഇ.ഡി ഡിസ്‍പ്ലേയാണ് നോട്ട് 12 പ്രോക്ക് നൽകിയിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റും 900 നിറ്റ്സ് വരെ ബ്രൈറ്റ്നസും 10 ബിറ്റ് കളർ പിന്തുണയുമൊക്കെ 12 പ്രോ ഡിസ്‍പ്ലേക്ക് മാറ്റ് കൂട്ടുന്നു. മീഡിയടെകിന്റെ കരുത്തുറ്റ 5ജി ചിപ്സെറ്റായ ഡൈമൻസിറ്റി 1080 ആണ് റെഡ്മി നോട്ട് 12 പ്രോക്ക് ശക്തി പകരുന്നത്. LPDDR4X റാമും UFS 2.2 സ്റ്റോറേജും ഫോണിന്റെ ഉപയോഗം രസകരമാക്കും.
50 മെഗാപിക്സലുള്ള പ്രധാന സെൻസർ സോണിയുടെ IMX766 ആണ്. ഒ.ഐ.എസ് പിന്തുണയുള്ള പ്രധാന കാമറ മികച്ച ചിത്രങ്ങളും വിഡിയോകളും സമ്മാനിക്കും. എട്ട് എംപിയുടെ വൈഡ് ആംഗിൾ കാമറയും രണ്ട് എംപിയുടെ മാക്രോ കാമറയുമാണ് മറ്റ് പിൻകാമറ വിശേഷങ്ങൾ. 16 മെഗാപിക്സലിന്റേതാണ് മുൻകാമറ.
5000 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന് നൽകിയിരിക്കുന്നത്. 67 വാട്ട് അതിവേഗ ചാർജിങ് പിന്തുണയുമുണ്ട്. 7.9 മില്ലീമീറ്റർ മാത്രമാണ് നോട്ട് 12 പ്രോയുടെ തിക്നസ്. 189 ഗ്രാമാണ് ഭാരം. വൈ-ഫൈ 6, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, എക്സ് ആക്സിസ് മോട്ടർ, എന്നിവയാണ് മറ്റ് പ്രത്യേകതകൾ. ചൈനയിൽ ഫോണിന്റെ വില ആരംഭിക്കുന്നത് (6+128 GB) 1699 യുവാനിലാണ്. ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ അത് 19,340 രൂപ വരും. 12+256 GB വരെയുള്ള നോട്ട് 12 പ്രോ വകഭേദങ്ങളുണ്ട്.
റെഡ്മി നോട്ട് 12 5ജിയുടെ വിശേഷങ്ങൾ
നോട്ട് 12-ന്റെ ഡിസ്‍പ്ലേ പ്രോ വകഭേദത്തിന് ഏകദേശം സമാനമാണ്. എന്നാൽ, 1200 നിറ്റ്സ് ബ്രൈറ്റ്നസ് ഈ മോഡലിന് നൽകിയിട്ടുണ്ട്. സ്നാപ്ഡ്രാഗണിന്റെ ഏറ്റവും പുതിയ ബജറ്റ് പ്രൊസസറായ 4 ജെൻ 1 ആണ് നോട്ട് 12ന് കരുത്തേകുന്നത്. 48MP+2MP യാണ് പിൻകാമറ വിശേഷങ്ങൾ. എട്ട് മെഗാപിക്സലിന്റേതാണ് മുൻ കാമറ. 5000 എംഎഎച്ച് വലിപ്പമുള്ള ബാറ്ററി ചാർജ് ചെയ്യാൻ 33 വാട്ട് ഫാസ്റ്റ് ചാർജറും ബോക്സിലുണ്ടാകും. ബാക്കി സവിശേഷതകളെല്ലാം പ്രോ വകഭേദം പോലെ തന്നെയാണ്. 1199 യുവാനാണ് ചൈനയിൽ ഫോണിന്റെ വില, ഇന്ത്യയിലെത്തുമ്പോൾ അത് 13,675 രൂപയാകും.
റെഡ്മി നോട്ട് 12 പ്രോ പ്ലസ്
200 മെഗാപിക്സലിന്റെ സാംസങ് ഐസോസെൽ എച്ച്.പി.എക്സ് പ്രധാന കാമറ സെൻസറാണ് റെഡ്മി നോട്ട് 12 പ്രോ പ്ലസിന്റെ ഏറ്റവും വലിയ പ്രത്യേകത. ട്രിപ്പിൾ പിൻകാമറയുമായി എത്തുന്ന ഫോൺ ഉപയോഗിച്ച്, 8K വിഡിയോ (30fps) റെക്കോർഡ് ചെയ്യാൻ സാധിക്കും. 120 fps-ൽ 4കെ വിഡിയോയും പകർത്താം. സെൻസറിന് എച്ച്.ഡി.ആർ, 14-ബിറ്റ് കളർ ഡെപ്ത് എന്നിവയുടെ പിന്തുണയുമുണ്ട്. 120 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള നോട്ട് 12 പ്രോ പ്ലസ് ഒരു ഫ്ലാഗ്ഷിപ്പായാണ് റെഡ്മി അവതരിപ്പിച്ചിരിക്കുന്നത്. 50,000 രൂപ മുതലാകും വില ആരംഭിക്കുകയെന്നും സൂചനയുണ്ട്.
റെഡ്മി നോട്ട് 12 എക്‌സ്‌പ്ലോറേഷൻ എഡിഷൻ
റെഡ്മി നോട്ട് 12 എക്‌സ്‌പ്ലോറേഷൻ എഡിഷനിൽ 210W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഉണ്ടായിരിക്കും, ആദ്യമായാണ് ഒരു ഫോണിൽ ഇത്രയും വേഗതയുള്ള ഫാസ്റ്റ് ചാർജിങ് സംവിധാനം അവതരിപ്പിക്കുന്നത്. അമിതമായി ചൂടാകാതിരിക്കാൻ ഒന്നിലധികം ബാറ്ററി സംരക്ഷണ സംവിധാനങ്ങൾ ഫോണിലുണ്ടാകും. ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.