സാംസങ് ഗാലക്‌സി എസ് 24 സീരീസിനെ സ്മാർട്ട്‌ഫോൺ ലോകം ഏറ്റെടുത്തുകഴിഞ്ഞു. ‘ഗ്യാലക്സി എ.ഐ’ എന്ന നിർമിത ബുദ്ധിയുടെ അത്ഭുതവുമായി എത്തുന്ന സാംസങ് ഫ്ലാഗ്ഷിപ്പ് ശ്രേണിയെ നേരിട്ടനുഭവിക്കാനായി കാത്തിരിക്കുകയാണ് സ്മാർട്ട്ഫോൺ പ്രേമികൾ. എന്നാൽ, ഈ വർഷം ജൂലൈയിലോ ആഗസ്തിലോ സാംസങ് ഫോൾഡബിൾ ഫോണുകളും ലോഞ്ചിനായി കാത്തിരിക്കുന്നുണ്ട്.
ഇത്തവണ സാംസങ് ‘അൺഫോൾഡ്’ ചെയ്യാൻ പോകുന്നത് എന്തൊക്കെ അത്ഭുതങ്ങളാണെന്നറിയാനായി ഏതാനും മാസങ്ങളേ ബാക്കിയുള്ളൂ. ഗാലക്‌സി സീ ഫോൾഡ് 6, സീ ഫ്ലിപ്പ് 6 എന്നീ മോഡലുകളാണ് ലോഞ്ച് ചെയ്യുന്നത്. എന്നാൽ, അതിനൊപ്പം ഒരു സർപ്രൈസ് കൂടി സാംസങ് ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഈ വർഷം താങ്ങാനാവുന്ന വിലയിലൊരു സാംസങ് ഫോൾഡബിൾ ഫോണിന്റെ ലോഞ്ച് നമുക്ക് കാണാൻ കഴിയുമെന്നാണ് കൊറിയൻ ന്യൂസ് പോർട്ടലായ TheElec-ന്റെ സമീപകാല റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതായത്, ഈ വർഷം രണ്ടെണ്ണത്തിന് പകരം മൂന്ന് സാംസങ് ഫോൾഡബിളുകൾ ഫോണുകൾ വിപണിയിലെത്തിയേക്കാം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സീ ഫോൾഡ് 5 -ന് നിലവിൽ ഒന്നര ലക്ഷ രൂപയോളമാണ് വില. സീ ഫ്ലിപ് 5 - നാകട്ടെ ഒരു ലക്ഷം രൂപയും നൽകണം.
ഫോൾഡബിൾ ഫോണുകൾ കൂടുതലായി സ്മാർട്ട്ഫോൺ വിപണിയിലെത്തിക്കാനാണ് ഇതിലൂടെ സാംസങ് ലക്ഷ്യമിടുന്നതെന്നും അതുപോലെ വില കുറഞ്ഞ മോഡൽ അവതരിപ്പിക്കുന്നതിലൂടെ ചൈനീസ് ഫോൾഡബിൾ മാർക്കറ്റിൽ സാംസങ്ങിന്റെ വിപണി വിഹിതം നേരിട്ട് വർദ്ധിപ്പിക്കാനാകുമെന്ന് കൊറിയൻ ടെക് ഭീമൻ കരുതുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
പുതിയ ഫോൾഡബിൾ ഫോൺ ലോഞ്ച് ചെയ്യുമ്പോഴെല്ലാം സാംസങ്ങിന്റെ മാർക്കറ്റ് ഷെയർ എങ്ങനെ ഗണ്യമായി വർദ്ധിക്കുന്നുവെന്ന് കാണിക്കുന്ന ഡാറ്റയും റിപ്പോർട്ടിൽ പങ്കുവെച്ചിട്ടുണ്ട്. ചൈനീസ് ഫോൾഡബിൾ ഫോൺ വിപണിയിൽ സാംസങ് കാലങ്ങളായി “ഇരട്ട അക്ക” വിപണി വിഹിതം നിലനിർത്തിവരുന്നുണ്ട്. അതേസമയം, സാധാരണ ഫോണുകളുടെ കാര്യത്തിലാകട്ടെ ചൈനീസ് വിപണിയിൽ ബ്രാൻഡിന് 1% ൽ താഴെ മാത്രമാണ് വിപണിവിഹിതമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.