തിരുവനന്തപുരം: ‘ഫ്രഷ്’ മത്സ്യം വാങ്ങാൻ കടപ്പുറത്തേക്ക് പോകേണ്ട. ശുദ്ധമായ മത്സ്യം ഗുണനിലാരവാരം ചോരാതെ വീടുകളിലെത്തും. കടലോര ഗ്രാമങ്ങളിൽനിന്നും ഹാർബറുകളിൽനിന്നും ശേഖരിക്കുന്ന മത്സ്യം ഓൺലൈനായി ലഭ്യമാകുന്ന പദ്ധതി വൈകാതെ നടപ്പാവും. മത്സ്യഫെഡ് തയാറാക്കിയ ആപ് വഴി മീൻ ബുക്ക് ചെയ്താൽ കേരളത്തിലെവിടെയും വിതരണം സാധ്യമാക്കുകയാണ് ലക്ഷ്യം. പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അപാകതകൾ പരിഹരിച്ച് രണ്ടു മാസത്തിനകം തിരുവനന്തപുരത്തും തുടർന്ന് സംസ്ഥാന വ്യാപകമായും വിതരണ സംവിധാനം ഒരുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
മത്സ്യം ശേഖരിക്കൽ, വില നിർണയ രീതികൾ തുടങ്ങിയ വിഷയങ്ങളിൽ വ്യക്തത വരുത്താനുണ്ട്. ഒരിനത്തിലെ മത്സ്യത്തിന് ഒരു ഹാർബറിൽതന്നെ പല സമയങ്ങളിൽ വില വ്യത്യാസം വരാം.
ഓൺലൈനായി വിൽപന നടത്തുമ്പോൾ വിലയിലെ സ്ഥിരത കുറേയെങ്കിലും നിലനിർത്തേണ്ടതുണ്ട്. ഇത്തരം വിഷയങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. തികച്ചും പ്രഫഷനലായ നിലയിൽ ഓൺലൈൻ മത്സ്യ വിപണനത്തിന് സംസ്ഥാനത്ത് വലിയ സാധ്യതയുണ്ടെന്നാണ് മത്സ്യഫെഡ് വിലയിരുത്തൽ. നിലവിൽ മത്സ്യഫെഡിന് കീഴിൽ 150ൽ അധികം ‘ഫിഷ് മാർട്ടുകൾ’ പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ പങ്കാളിത്തംകൂടി ഉറപ്പാക്കിയാവും ഓൺലൈൻ വിപണന ശൃംഖല ഒരുക്കുക. വിതരണത്തിന് മത്സ്യമേഖലയിൽനിന്നുള്ള തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്താനാണ് ആലോചന.
ഫ്രാഞ്ചൈസികൾക്ക് പകരം മത്സ്യഫെഡ് നേരിട്ട് കൂടുതൽ ‘ഫിഷ് മാർട്ടുകൾ’ എല്ലാ ജില്ലകളിലും ആരംഭിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
അഞ്ചിലധികം ഫിഷ് മാർട്ടുകൾ അടുത്ത മാസം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഫിഷ് മാർട്ടുകൾ വ്യാപമാക്കുന്നതോടൊപ്പം ഓൺലൈൻ വിപണന സംവിധാനവും വരുന്നതോടെ മത്സ്യവിപണിയിൽ ഇടപെടൽ ശക്തമാക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് മത്സ്യഫെഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.