വാഷിങ്ടൺ: ഭൂമിയെ ലക്ഷ്യമിട്ടെത്തിയേക്കാവുന്ന ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടാൻ ലക്ഷ്യമിട്ട് നാസ നടത്തിയ 'ഡാർട്ട്' ദൗത്യത്തിൽ അവശിഷ്ടങ്ങൾ ചിതറിത്തെറിച്ചത് 10,000 കിലോമീറ്ററിൽ. ചിലിയിലെ ടെലിസ്കോപാണ് ഇതിന്റെ ചിത്രങ്ങൾ പകർത്തിയത്.
ഭൂമിയിൽനിന്ന് ഏറെ അകലെയുള്ള ദിദിമോസ് ഛിന്നഗ്രഹത്തിനു ചുറ്റും കറങ്ങുന്ന ചെറുഛിന്നഗ്രഹമായ ദിമോർഫോസിനെയാണ് നാസയുടെ ഡാർട്ട് ഉപഗ്രഹം ഇടിച്ചത്. ഇടിയിൽ ഉപഗ്രഹം നാമാവശേഷമായിരുന്നു.
രണ്ടുദിവസം കഴിഞ്ഞുള്ള ചിത്രങ്ങളാണ് ചിലിയിലെ സതേൺ ആസ്ട്രോഫിസിക്കൽ റിസർച് ടെലിസ്കോപ് പകർത്തിയത്. ദൗത്യം ഛിന്നഗ്രഹത്തിന്റെ ദിശ മാറ്റിയോ എന്ന് അറിയാൻ വൈകും. വരുംനാളുകളിൽ ഇതേ അവശിഷ്ടങ്ങളെ കൂടുതൽ നിരീക്ഷണവിധേയമാക്കുമെന്ന് യു.എസ് നേവൽ റിസർച് ലബോറട്ടറിയിലെ മൈക്കൽ നൈറ്റ് പറഞ്ഞു. ഡബ്ൾ ആസ്റ്ററോയ്ഡ് റി ഡയറക്ഷൻ ടെസ്റ്റ് എന്നതിന്റെ ചുരുക്കപ്പേരായ 'ഡാർട്ട്' ഛിന്നഗ്രഹങ്ങൾ ലക്ഷ്യമിട്ടുള്ള സുപ്രധാന ദൗത്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.