ന്യൂഡൽഹി: ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കുള്ള മാർഗനിർദേശങ്ങൾ ഏറെക്കുറെ തയാറായിട്ടുണ്ടെന്നും സർക്കാർ ഉടൻ പുറത്തു വിടുമെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ. പാർലിമെൻറിലാണ് മന്ത്രി ഇതു സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്.
''ഒരുപാട് പരാതികളും നിർദേശങ്ങളും ലഭിച്ചിട്ടുണ്ട്. മാർഗനിർദേശങ്ങൾ ഏറെക്കുറെ തയാറായിട്ടുണ്ട്. ഉടനെ നടപ്പിലാക്കും. '' ഓവർ ദി ടോപ്(ഒ.ടി.ടി) വിഷയത്തിൽ പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.
നെറ്റ്ഫ്ലിക്സ് പോലുള്ള ഒ.ടി.ടി പ്ലാറ്റ്ഫോമുകളും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലുള്ള വാർത്തകൾ, ആനുകാലിക വിഷയങ്ങൾ തുടങ്ങിയവയും വിവര, വാർത്താ വിനിമയ മന്ത്രാലയത്തിന് കീഴിലാക്കിയിരുന്നു. കൂടാതെ ഡിജിറ്റൽ ഇടങ്ങളുടെ നയങ്ങളും ചട്ടങ്ങളും നിയന്ത്രിക്കാനുള്ള അധികാരവും കഴിഞ്ഞ വർഷം നവംബറിൽ നൽകിയിരുന്നു.
രണ്ട് സീരീസുകളുടെ സംപ്രേക്ഷണം സംബന്ധിച്ച് ഏതാനും ആഴ്ചകൾക്ക് മുമ്പ് വിവാദമുയർന്നിരുന്നു. ജനപ്രിയ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ സംപ്രേക്ഷണം ചെയ്ത താണ്ഡവ്, മിർസാപൂർ എന്നീ സീരീസുകൾ സംബന്ധിച്ചാണ് വിവാദമുയർന്നത്. ഇവ നിയന്ത്രിക്കണമെന്ന് നിരവധി ഭാഗത്തു നിന്ന് ആവശ്യമുയർന്നിരുന്നു.
മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമായതോടെ സെയ്ഫ് അലി ഖാനും ഡിംപിൾ കബാഡിയയും അഭിനയിച്ച 'താണ്ഡവ്'എന്ന സീരീസിലെ പല ഭാഗങ്ങളും ഒഴിവാക്കാൻ അതിെൻറ നിർമാതാക്കൾ നിർബന്ധിതരായിരുന്നു. താണ്ഡവിെൻറ ശിൽപികൾക്കും നടൻമാർക്കുമെതിരെ മൂന്ന് കേസുകളും രജിസ്റ്റർ ചെയ്തിരുന്നു.
ഉത്തർപ്രദേശിെൻറ പ്രതിച്ഛായ നശിപ്പിക്കുന്നുവെന്ന വിവാദമുയർന്നതോടെ മിർസാപൂർ എന്ന ചിത്രം നിരോധിക്കണമെന്നും ആവശ്യമുയർന്നു. ഒ.ടി.ടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യുന്ന ഷോകളും സിനിമകളും സർക്കാർ നിയോഗിക്കുന്ന പാനൽ കാണണമെന്ന് നിർദേശം വെച്ചുകൊണ്ട് സുപ്രീംകോടതിക്ക് മുമ്പാകെ ഹരജി സമർപ്പിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.