ടെക് ഭീമനായ ആപ്പിൾ കഴിഞ്ഞ ദിവസമായിരുന്നു ഒരു കൂട്ടം പുതിയ ഇമോജികള്‍ പുറത്തുവിട്ടത്. ഗര്‍ഭമുള്ള പുരുഷന്‍ ഉള്‍പ്പടെ 37 പുതിയ ഇമോജികളായിരുന്നു അവർ അവതരിപ്പിച്ചത്. ലിംഗ തുല്യത കൊണ്ടുവരുന്നതിനായിരുന്നു ഗർഭിണിക്കൊപ്പം ഗർഭം ധരിച്ച പുരുഷന്റെ ഇമോജി കൂടി ആപ്പിൾ ചേർത്തത്.
സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്ക് വഴിവെച്ച ഇമോജി, പക്ഷെ ഇലോൺ മസ്ക് മറ്റൊരു കാര്യത്തിനാണ് ഉപയോഗപ്പെടുത്തിയത്. ലോക കോടീശ്വരൻമാരിൽ ഒരാളും മൈക്രോസോഫ്റ്റ് തലവനുമായ ബിൽ ഗേറ്റ്സിനെ പരിഹസിക്കാനാണ് മസ്ക് ആ ഇമോജി ഉപയോഗിച്ചത്.
അൽപ്പം വയറ്ചാടിയ നിലയിലുള്ള ബിൽ ഗേറ്റ്സിന്റെ ചിത്രത്തിനൊപ്പം ഗർഭംധരിച്ച പുരുഷന്റെ ഇമോജി ചേർത്തുകൊണ്ടാണ് ഇലോൺ മസ്ക് ട്വിറ്ററിലെത്തിയത്. ചിത്രത്തിൽ ഗേറ്റ്സും ഇമോജിയും ധരിച്ചിരിക്കുന്നത് നീല ടീ-ഷർട്ടാണ്. കൂടാതെ ഇമോജിയിലെ പുരുഷനുമായി ഗേറ്റ്സിന് ഏകദേശ സാമ്യവുമുണ്ട്.
എന്നാൽ, മസ്കിന്റെ ട്വീറ്റിനോട് നെറ്റിസൺസ് പ്രതിഷേധമറിയിച്ചു. ഇതുപോലുള്ള വികൃതമായ ട്വീറ്റുകളിടുന്നയാളാണോ ട്വിറ്റർ വാങ്ങാൻ പോകുന്നത് എന്നാണ് ഒരാൾ ചോദിച്ചത്.
എന്തിനാണ് ഗേറ്റ്സിനോട് ഇത്ര പക...?
ടെസ്‍ല ഓഹരികളുടെ വില കുറക്കാൻ ബിൽ ഗേറ്റ്സ് ശ്രമിച്ചതായുള്ള ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. ടെസ്‍ലയുടെ ഓഹരി വില താഴേക്ക് കൊണ്ടുപോവുമായിരുന്ന ആ നീക്കത്തിൽ ഇലോൺ മസ്കിന് ഗേറ്റ്സിനോട് വലിയ നീരസവുമുണ്ടായിരുന്നു. അതിനിടെ മൈക്രോസോഫ്റ്റ് തലവനുമായുള്ള മസ്കിന്റെ ചാറ്റും പുറത്തുവന്നു.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ചാരിറ്റിയെ കുറിച്ച് ചർച്ച ചെയ്യാനെത്തിയ ഗേറ്റ്സിനോട് 'ടെസ്‍ല ഓഹരികൾ ഷോർട്ട് ചെയ്യുന്ന താങ്കളുമായി ഒരു ഇടപാടിനുമില്ല എന്ന്' മസ്ക് തറപ്പിച്ച് പറയുന്നതായിരുന്നു ലീക്കായ ചാറ്റ്. അതേസമയം ബിൽ ഗേറ്റ്സ് അത് നിഷേധിക്കുകയും ചെയ്തു.
ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് ഇമോജി ചിത്രവുമായി അദ്ദേഹമെത്തുന്നത്. എന്തായാലും സംഭവത്തിൽ ബിൽ ഗേറ്റ്സിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് നെറ്റിസൺസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.