പരസ്യരഹിത ട്വിറ്ററിന് പുതിയ സബ്‌സ്‌ക്രിപ്‌ഷനുമായി ഇലോൺ മസ്ക്

വാഷിങ്ടൺ: ഉപയോക്താക്കൾക്ക് പരസ്യ രഹിത സബ്സ്ക്രിപ്ഷൻ സേവനം ലഭ്യമാക്കാൻ ഇലോൺ മസ്കിന്‍റെ പുതിയ പദ്ധതി. ഒക്ടോബറിൽ മസ്‌ക് ഏറ്റെടുത്തതിന് ശേഷം ട്വിറ്റർ വലിയ സാമ്പത്തിക അനിശ്ചിതത്വം നേരിടുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം.

ട്വിറ്ററിൽ പരസ്യങ്ങൾ വളരെ കൂടുതലാണ്. വരും ആഴ്ചകളിൽ ഇത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കും - മസ്‌ക് ശനിയാഴ്ച ട്വീറ്റ് ചെയ്തു.

ഡിസംബർ പകുതിയോടെ പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ സേവനം ആരംഭിക്കും. ഇതുവരെ വരുമാനത്തിനായി പരസ്യങ്ങളെ ആശ്രയിച്ചിരുന്ന ട്വിറ്റർ വലിയ മാറ്റത്തിനാണ് തുടക്കം കുറിക്കുന്നത്.

കഴിഞ്ഞ വർഷം അവസാനം കമ്പനിയുടെ 7,500 തൊഴിലാളികളിൽ പകുതിയോളം പേരെ മസ്ക് പിരിച്ചുവിട്ടതോടെ പരസ്യം നൽകുന്നത് ബുദ്ധിമുട്ടേറിയതായിട്ടുണ്ട്. കമ്പനിക്ക് വേണ്ടത്ര സ്റ്റാഫുകൾ ഇല്ലാത്തത് പരസ്യങ്ങൾ നൽകുന്നതിനെ ബാധിക്കുമെന്ന് പരസ്യദാതാക്കളും ആശങ്കയിലാണ്. എന്നാൽ വരുമാനം വർധിപ്പിക്കുമ്പോൾ ചെലവ് കുറക്കുക എന്നതാണ് തന്റെ തന്ത്രമെന്ന് മസ്‌ക് പറഞ്ഞു.

ട്വിറ്റർ ബ്ലൂ എന്ന പുതിയ സബ്‌സ്‌ക്രിപ്‌ഷൻ സേവനം ഉപയോക്താക്കൾക്ക് ആപ്പിളിന്റെ ഐ.ഒ.എസിലും, ഗൂഗിളിന്‍റെ ആൻഡ്രോയിഡ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ലഭ്യമാണ്. ഈ സേവനത്തിന് അമേരിക്കയിൽ പ്രതിമാസം 11 ഡോളർ ചിലവാകും. ട്വിറ്റർ ബ്ലൂ നിലവിൽ അമേരിക്ക, കാനഡ, ബ്രിട്ടൻ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിൽ ലഭ്യമാണ്.

കൂട്ട പിരിച്ചുവിടലുകൾ, നിരോധിത അക്കൗണ്ടുകൾ തിരികെ നൽകൽ, മസ്കിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരെ ട്വിറ്ററിൽ നിന്ന് സസ്പെൻഡ് ചെയ്യൽ എന്നിവയൊക്കെ കമ്പനിയെ ബാധിച്ചിട്ടുണ്ട്.

ട്വിറ്റര്‍ മാത്രമല്ല, മറ്റ് ടെക് ഭീമന്മാരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. മൈക്രോസോഫ്റ്റ് 10,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടു. കഴിഞ്ഞ വര്‍ഷം അവസാനം ആമസോണും ജീവനക്കാരെ ഒഴിവാക്കി. നവംബറില്‍ ഏകദേശം 11,000 തൊഴിലാളികളെ മെറ്റ പിരിച്ചുവിട്ടിരുന്നു. ഷെയര്‍ചാറ്റ് , ഡണ്‍സോ തുടങ്ങിയ കമ്പനികളും അടുത്തിടെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

Tags:    
News Summary - Elon Musk with new subscription for ad-free Twitter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.