മുൻ ട്വിറ്റർ ഇന്ത്യ തലവൻ മനീഷ് മഹേശ്വരി മൂന്ന് വർഷത്തെ സേവനത്തിന് ശേഷം കമ്പനി വിടാനൊരുങ്ങുന്നു. പുതിയ എഡ്ടെക് സ്റ്റാർട്ട്അപ്പ് ആരംഭിക്കുന്നതിന്‍റെ ഭാഗമായാണ് അദ്ദേഹം ട്വിറ്റർ വിടുന്നത്. "ഞാൻ ട്വിറ്റർ വിടുകയാണ്. എപ്പോഴാണെന്ന് തീരുമാനിച്ചിട്ടില്ല. വിദ്യാഭ്യാസ മേഖലയിലും അധ്യാപന രംഗത്തും എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു," മഹേശ്വരി മണികൺട്രോളിന് അനുവദിച്ച അഭിമുത്തിൽ പറഞ്ഞു.
ഗ്ലോബൽ സ്ട്രാറ്റജി ആൻഡ് ഓപ്പറേഷൻസ് വിഭാഗത്തിലെ സീനിയർ ഡയറക്ടർ പദവിയിൽ അമേരിക്കയിലേക്കായിരുന്നു കഴിഞ്ഞ ആഗസ്തിൻ മഹേശ്വരിക്ക് സ്ഥലംമാറ്റം ലഭിച്ചത്. സഹസ്ഥാപകൻ ജാക്ക് ഡോർസിക്ക് പകരമായി പരാഗ് അഗ്രവാൾ പുതിയ സിഇഒ ആയി സ്ഥാനമേറ്റതിന് തൊട്ടുപിന്നാലെയാണ് മഹേശ്വരിയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്.
"വിദ്യാഭ്യാസത്തെ പുനരാവിഷ്‌കരിക്കുന്നതിനായി മൈക്രോസോഫ്റ്റിൽ സീനിയർ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ തനായ് പ്രതാപുമായി ഞാൻ ചേർന്ന് പ്രവർത്തിക്കാൻ പോവുകയാണ്. 'മെറ്റാവേഴ്സിറ്റി' എന്ന് വിളിക്കുന്ന വെർച്വൽ പ്ലാറ്റ്ഫോം വഴി തൊഴിൽ നേടുന്നതിനുള്ള പരിശീലനം നൽകിക്കൊണ്ട് ഞങ്ങൾ ആരംഭിക്കും," -അദ്ദേഹം ട്വീറ്റ് ചെയ്തു.
After close to 3 years, I am leaving Twitter to dedicate myself to #education and #teaching. While it is with a heavy heart that I leave Twitter, I am excited about the impact that can be created globally through education.
— Manish Maheshwari (@manishm) December 14, 2021
ഇന്ത്യയിൽ ട്വിറ്റർ നേരിട്ട വലിയ വിവാദത്തിന് പിന്നാലെയാണ് മഹേശ്വരിയെ യു.എസിലേക്ക് സ്ഥലം മാറ്റിയത്. ഗാസിയാബാദിലെ ലോണിയിൽ മുസ്ലിം വയോധികനെ മർദിക്കുന്ന വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ യു.പി പൊലീസ് കേസെടുത്തിരുന്നു. അദ്ദേഹം നേതൃസ്ഥാനത്തുണ്ടായിരുന്ന കാലത്ത് ട്വീറ്റുകളിലും അകൗണ്ടുകളിലും എടുത്ത വിവിധ നടപടികർ കാരണവും മേയിൽ പ്രാബല്യത്തിൽ വന്ന ഐടി നിയമങ്ങൾ പാലിക്കുന്നതിൽ കാലതാമസം വരുത്തിയതിനും ഭരണകൂടത്തിെൻറ വേട്ടയാടൽ ട്വിറ്ററിന് അനുഭവിക്കേണ്ടിവന്നിരുന്നു.
ട്വിറ്ററിൽ ചേരുന്നതിന് മുമ്പ്, നെറ്റ്‌വർക്ക് 18 ഡിജിറ്റലിെൻറ സിഇഒ ആയിരുന്നു മഹേശ്വരി. ഫ്ലിപ്കാർട്ട്, പി & ജി എന്നിവയുൾപ്പെടെയുള്ള കമ്പനികളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.