ജെറുസലേം: കൊറോണ വൈറസ് പ്രതിരോധ കുത്തിവെപ്പിനെതിരെ ഇസ്രയേലിൽ നുണ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ചില ഉള്ളടക്കങ്ങൾ ഫേസ്ബുക്ക് നീക്കം ചെയ്തു. രാജ്യം നടത്തുന്ന വാക്സിനേഷൻ പ്രോഗ്രാമിന് പിന്തുണ നൽകാൻ ഫേസ്ബുക്കിനോട് ഇസ്രയേൽ സർക്കാർ ആവശ്യപ്പെട്ടതായി അധികൃതർ അറിയിച്ചിരുന്നു.
കോവിഡ് വൈറസിനെതിരെയുള്ള വാക്സിനുകൾക്കെതിരെ മനഃപ്പൂർവ്വം തെറ്റിധാരണകൾ പരത്തുന്ന ഉള്ളടക്കങ്ങൾ നിരന്തരമായി പ്രചരിപ്പിക്കുന്ന നാല് ഗ്രൂപ്പുകൾ തങ്ങളുടെ നിർദേശപ്രകാരം ഫേസ്ബുക്ക് നീക്കം ചെയ്തതായി ഇസ്രയേലി നീതിന്യായ മന്ത്രാലയം അറിയിച്ചു. അതേസമയം, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശനിയാഴ്ച ഇസ്രായേലിൽ കുത്തിവയ്പ് നടത്തിയ ആദ്യത്തെ വ്യക്തിയായിമാറിയിരുന്നു. പൊതുജനങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും ഇത് പിന്തുടരാൻ ആഗ്രഹിക്കുന്നുവെന്ന് അഭിപ്രായ വോട്ടെടുപ്പിലും വ്യക്തമായിരുന്നു.
''സ്വീകർത്താക്കളുടെ ശരീരത്തിലേക്ക് സർക്കാർ ട്രാക്കിങ് ചിപ്പുകൾ പ്രവേശിപ്പിക്കുന്നതിനും വിഷം കലർത്തുന്നതിനും ജനസംഖ്യ നിയന്ത്രിച്ച് നിർത്തുന്നതിനും വ്യക്തികളെ മെഡിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമാക്കുന്നതിനും വാക്സിനുകൾ ഉപയോഗിക്കുമെന്ന'' വാദങ്ങളാണ് ഫേസ്ബുക്കിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. വാക്സിനുകളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരായ കമ്പനിയുടെ നയത്തിെൻറ ഭാഗമായി നാല് ഹീബ്രു ഭാഷാ ഗ്രൂപ്പുകൾ നീക്കം ചെയ്തതായി ഫേസ്ബുക്ക് വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്രായേൽ ഞായറാഴ്ച മെഡിക്കൽ സ്റ്റാഫുകൾക്ക് വാക്സിനുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. ടെൽ അവീവ് സൗരാസ്കി മെഡിക്കൽ സെൻററിൽ, കുത്തിവയ്പ്പുകൾ സ്വീകരിക്കാൻ തയ്യാറെടുക്കുമ്പോൾ ഡസൻ കണക്കിന് ഡോക്ടർമാരും നഴ്സുമാരും നൃത്തം ചെയ്തിരുന്നു. അടുത്തതായി പ്രായമേറിയവർക്കും അപകടസാധ്യത കൂടുതലുള്ളവർക്കും നൽകും. 2021 തുടക്കത്തിൽ മുതിർന്നവരായ മറ്റുള്ളവർക്ക് വ്യാപകമായി നൽകിത്തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.