കഴിഞ്ഞ ദിവസം കാലിഫോർണിയയിലെ കുപ്പർട്ടിനോയിലുള്ള ആപ്പിൾ ആസ്ഥാനത്ത് നടന്ന ഇവന്‍റിൽ പുതിയ ഉൽപ്പന്നനിര പ്രഖ്യാപിച്ച് കമ്പനി. ആപ്പിളിന്‍റെ ഏറ്റവും വിലകുറഞ്ഞ ഫോണായ എസ്.ഇയുടെ പുതിയ പതിപ്പ്, എം1 അൾട്ര, എം1 മാക്സ് ചിപ്പുകളുടെ കരുത്തിലെത്തുന്ന മാക് സ്റ്റുഡിയോ, സ്റ്റുഡിയോ ഡിസ്പ്ലേ എന്നിവയാണ് കഴിഞ്ഞ ദിവസം കമ്പനി പുറത്തിറക്കിയ പ്രധാനപ്പെട്ട ഉൽപന്നങ്ങൾ.
ഐഫോൺ എസ്.ഇ 3
5ജിയുടെ കരുത്തിലെത്തുന്നുവെന്നതാണ് ഐഫോൺ എസ്.ഇ 3യുടെ പ്രധാന സവിശേഷത. എ15 ബയോനിക് ചിപ്പ്സെറ്റുമായാണ് ഐ.ഫോൺ എസ്.ഇയുടെ വരവ്. മുൻ മോഡലുകളിലെ 4.7 ഇഞ്ച് ഡിസ്പ്ലേ തന്നെ ആപ്പിൾ നിലനിർത്തിയിരിക്കുന്നത്. എന്നാൽ, ഡിസ്പ്ലേ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. കാമറയിലും ചില പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. ടച്ച് ഐ.ഡിയുമായെത്തുന്ന ഫോണിന്‍റെ ഇന്ത്യയിലെ വില 43,900 രൂപയാണ്. മാർച്ച് 18 മുതൽ ഫോണിന്‍റെ വിൽപന ആരംഭിക്കും.
കരുത്തുറ്റ ഐപാഡ് എയർ
എം1 ചിപ്പിന്‍റെ കരുത്തിലേക്ക് ഐപാഡ് എയറും എത്തുന്നുവെന്നാണ് ഏറ്റവും പുതിയ സവിശേഷത. 5ജി പിന്തുണക്കൊപ്പം സെന്‍റർ സ്റ്റേജ് കാമറയുമുണ്ടാവും. പരിഷ്കരിച്ച 12 മെഗാപിക്സലിന്‍റെ അൾട്രാവൈഡ് കാമറയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വൈ-ഫൈ മാത്രമുള്ള മോഡലിന് 54,900 രൂപയാണ് വില. വൈ-ഫൈ സെല്ലുലാർ മേഡലിന് 68,900 രൂപയും നൽകണം.
മാക് സ്റ്റുഡിയോ
മാക് സ്റ്റുഡിയോയാണ് ആപ്പിളിന്‍റെ മറ്റൊരു പ്രധാന പ്രഖ്യാപനം. എം1 അൾട്രാ ചിപ്പിന്‍റെ കരുത്തിലാണ് മാക്സ്റ്റുഡിയോയുടെ വരവ്. 20 സി.പി.യു കോർ, 60 ജി.പി.യു കോർ എന്നിവയുള്ള ചിപ്സെറ്റിന് 128 ജി.ബി വരെ റാമുമുണ്ടാകും. എം1 മാക്സ് ചിപ്പിലും മാക് സ്റ്റുഡിയോയെത്തും. എം1 മാക്സുമായെത്തുന്ന മോഡലിന് 1,89,900 രൂപയാണ് വില. എം1 അൾട്രായുമായെത്തുന്ന മോഡലിന് 3,89,900 രൂപയാണ് വില.
സ്റ്റുഡിയോ ഡിസ്പ്ലേ
5k റെറ്റിന സ്ക്രീനുമായെത്തുന്ന 27 ഇഞ്ച് വലിപ്പമുള്ളതാണ് ആപ്പിളിന്‍റെ സ്റ്റുഡിയോ ഡിസ്പ്ലേ. 12 മെഗാപിക്സൽ വൈഡ്-ആംഗിൾ കാമറ, മൂന്ന് യു.എസ്.ബി പോർട്ടുകൾ, പരിഷ്കരിച്ച സ്പീക്കർ, മൈക്രോഫോൺ, കാമറ എന്നിവ സ്റ്റുഡിയോ ഡിസ്പ്ലേയുടെ പ്രത്യേകതകളാണ്. 1,59,900 രൂപയാണ് സ്റ്റുഡിയോ ഡിസ്പ്ലേയുടെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.