ദുബൈ: ലോകം റോബോട്ടുകൾക്കൊപ്പം നടന്നുതുടങ്ങിയിട്ട് കാലം കുറേയായി. എങ്കിലും, റോബോട്ടുകൾ വ്യാപകമായെന്ന് പറയാൻ സമയമായിട്ടില്ല. എന്നാൽ, ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന JITEXI, the world tech fairലെത്തിയാൽ റോബോട്ടുകളുടെ സമ്മേളനം തന്നെ കാണാം. ആധുനിക സാങ്കേതികവിദ്യക്ക് മികച്ച സംഭാവന നൽകുന്ന ജൈടെക്സിലെ പ്രധാന ആകർഷണമാണ് റോബോട്ടുകൾ.
ഭക്ഷണം ഉണ്ടാക്കുന്ന, വിതരണം ചെയ്യുന്ന, തീയണക്കുന്ന, ഹെൽത്ത് ചെക്കപ് നടത്തുന്ന, അതിഥികളെ സ്വീകരിക്കുന്ന, വാഹനം റിപ്പയർ ചെയ്യുന്ന, തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്ന റോബോട്ടകളെയെല്ലാം ഇവിടെ കാണാൻ കഴിയും. ഇത്തിസാലാത്ത് പവലിയനിലേക്കുള്ള പ്രവേശന കവാടത്തിൽ സ്വീകരിക്കുന്നത് റോബോട്ടാണ്. നമ്മൾ എന്ത് ചോദിച്ചാലും റോബോട്ട് മറുപടി നൽകും. അമേക്ക എന്ന് വിളിപ്പേരുള്ള ഈ റോബോട്ടിൽ ആൻഡ്രോയ്ഡ് പോലുള്ള സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. നിർമിത ബുദ്ധി ഉപയോഗിച്ചാണ് പ്രവർത്തനം.
പവലിയനിലേക്ക് കയറിയാൽ അവിടെയും കാണാം മറ്റൊരു റോബോട്ടിനെ. ബ്ലൂകോളർ തൊഴിലാളിയുടെ രൂപമാണ് ഈ റോബോട്ടിന്. ആണിന്റെയും പെണ്ണിന്റെയും രൂപത്തിലെല്ലാം റോബോട്ടുകൾ ഇവിടെയുണ്ട്. നാല് കാലുള്ള ഈ റോബോട്ടിന് പരുക്കൻ പ്രദേശങ്ങളിൽ പോലും മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ നടക്കാൻ കഴിയും. സാധാരണ റോബോട്ടുകളേക്കാൾ വേഗതയുണ്ട്. നാല് കാലുണ്ടെങ്കിലും ചില സമയങ്ങളിൽ രണ്ട് കാലിൽ മനുഷ്യനെ പോലെയും ഇവൻ നിൽക്കും. രക്ഷാപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന റേബോട്ടാണിത്. കെട്ടിടങ്ങൾ നിരീക്ഷിക്കാനും ഇവൻ മിടുക്കനാണ്. 100 കിലോവരെ ഭാരം വഹിക്കും. പത്ത് മണിക്കൂർ വരെ ബാറ്ററി നിൽക്കും. വാട്ടർ പ്രൂഫായതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നമില്ല. ഏകദേശം രണ്ടുലക്ഷം ഡോളറാണ് വില. സൂറിച്ച് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വിസ് മൈലാണ് നിർമാതാക്കൾ. ദുബൈയിലെ വൈദ്യുതി, കുടിവെള്ള വകുപ്പായ ദേവയും സമാനമായ റോബോട്ട് ഉപയോഗിക്കുന്നുണ്ട്. വാട്ടർ പൈപ്പിലെയും മറ്റും തകരാറുകൾ കണ്ടെത്താനാണ് പ്രധാനമായും ദേവ റോബോട്ടിനെ ആശ്രയിക്കുന്നത്. നിരവധി കാമറകളാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്.
ഭക്ഷണം ഡെലിവറി ചെയ്യുന്ന റോബോട്ടാണ് മറ്റൊരു ആകർഷണം. റോം, സിൻസിനാറ്റി വിമാനത്താവളങ്ങളിൽ ഉപയോഗിച്ച് വിജയിച്ച റോബോട്ടാണിത്. യാത്രക്കാർക്ക് അവർ ഇരിക്കുന്ന സ്ഥലങ്ങളിൽ ഭക്ഷണം എത്തിച്ചുകൊടുക്കും. ബിസിനസുകാർക്ക് പണം നൽകി ഈ റോബോട്ടിനെ സബ്സ്ക്രൈബ് ചെയ്യാനും അവരുടെ സ്ഥാപനങ്ങളിൽ ഉപയോഗിക്കാനും കഴിയും. ഭക്ഷണം ചൂടും തണുപ്പും നഷ്ടപ്പെടാതെ സൂക്ഷിക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഈ റോബോട്ടിന്റെ കൈയിലുണ്ട്. പല സ്ഥലങ്ങളിലേക്കും പലചരക്ക് സാധനങ്ങൾ ഉൾപ്പെടെ എത്തിക്കാനും കഴിയും.
രോഗികളെ ചികിത്സിക്കുന്ന ഡോക്ടർ റോബോട്ടാണ് മറ്റൊരു ആകർഷണം. മൈക്രോസ്കോപ്പുമായി രോഗികളെ കാത്തിരിക്കുന്ന ഇവനെ ഒറ്റനോട്ടത്തിൽ റോബോട്ടാണെന്ന് തോന്നില്ല. ആശുപത്രികളിൽ ശസ്ത്രക്രിയ നടത്താൻ ഉപയോഗിക്കുന്ന റോബോട്ടാണിത്.
അബൂദബി സിവിൽ ഡിഫൻസ് തീ അണക്കുന്ന റോബോട്ടുമായാണ് ജൈടെക്സിൽ എത്തിയിരിക്കുന്നത്. 10 അഗ്നിരക്ഷ സേനക്കാർ ചെയ്യുന്ന ജോലി ഒറ്റക്ക് ചെയ്യുന്ന തെർമൈറ്റ് റോബോട്ടിനെയാണ് ഇവർ അവതരിപ്പിച്ചത്. മിനിറ്റില്‍ 2500 ഗാലണ്‍ വാട്ടര്‍ പമ്പ് ചെയ്യാന്‍ ശേഷിയുള്ളതാണ് ഈ റോബോട്ട്. അതീവ അപകടകരമായ മേഖലകളിലെ തീയണക്കുന്നതിന് ഏറെ ഉപകാരപ്രദമായിരിക്കും ഈ റോബോട്ട്. തീപിടിത്തത്തില്‍ കുടുങ്ങി റോബോട്ട് നശിച്ചാലും പുനര്‍നിര്‍മിക്കാന്‍ കഴിയും. ഇന്ധനം നിറച്ചശേഷം തുടര്‍ച്ചയായ 20 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാനാവും. 300 മീറ്റര്‍ അകലെനിന്ന് റോബോട്ടിനെ റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാം. തീ കെടുത്താൻ പോകുമ്പോള്‍ മുന്നിലെ തടസ്സം സൃഷ്ടിക്കുന്ന 1.5 ടണ്‍ വരെ ഭാരമുള്ള വസ്തുക്കള്‍ റോബോട്ടിന്റെ മുന്നിലെ കൈ ഉപയോഗിച്ച് നീക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.