ജൈ​ടെ​ക്സി​ലെ ദു​ബൈ പൊ​ലീ​സ്​ പ​വി​ലി​യ​ൻ

ജൈടെക്സിന് ഇന്ന് കൊടിയിറങ്ങും

ദുബൈ: പതിനായിരിക്കണക്കിനാളുകളെ സാങ്കേതിക വിദ്യയുടെ കുടക്കീഴിലേക്ക് ആവാഹിച്ച് ജൈടെക്സ് മഹാമേളക്ക് വെള്ളിയാഴ്ച കൊടിയിറങ്ങും. ഇതുവരെ നടന്ന ജൈടെക്സുകളിൽ ഏറ്റവും വലിയ മേളയെന്ന പകിട്ടോടെയാണ് രാജ്യാന്തര സാങ്കേതികമേള സമാപിക്കുന്നത്. ദുബൈ വേൾഡ് ട്രേഡ് സെന്‍ററിലേക്ക് ഒഴുകിയെത്തിയ ജനസമുദ്രമാണ് ജൈടെക്സിന്‍റെ വിജയത്തിന്‍റെ തെളിവ്.

അഞ്ചു ദിവസംകൊണ്ട് കണ്ടുതീർക്കാൻ കഴിയാത്തത്ര വിസ്മയക്കാഴ്ചകളാണ് ജൈടെക്സ് ഒരുക്കിയത്. ചിത്രം വരക്കുന്ന റോബോട്ട്, പറക്കും കാർ, തീ അണക്കുന്ന ഫയർ ഫൈറ്റർ റോബോട്ട്, രോഗികളെ ചികിത്സിക്കുന്ന റോബോട്ട്, ആളില്ലാ ടാക്സി, ഇലക്ട്രിക് വാഹനങ്ങൾ, ഗെയിമിങ് വിസ്മയങ്ങൾ, അത്യാധുനിക സുരക്ഷ കാമറ തുടങ്ങി സാങ്കേതികവിദ്യയുടെ അത്ഭുതലോകമാണ് കഴിഞ്ഞ നാലു ദിവസം ദുബൈയിലെത്തിയവർ കണ്ടത്. അടുത്തകാലത്ത് ദുബൈ മെട്രോയിൽ ഏറ്റവും കൂടുതൽ ആളുകൾ ട്രേഡ്സെന്‍ററിലെത്തിയത് കഴിഞ്ഞ നാലു ദിവസങ്ങളിലാണ്. വൻഗതാഗതക്കുരക്ക് ഒഴിവാക്കാൻ പൊലീസ് നന്നേ പാടുപെട്ടു.

കൂടുതൽ ആളുകളും മറ്റ് മെട്രോ സ്റ്റേഷനുകളിൽ വാഹനം പാർക്ക് ചെയ്ത ശേഷമാണ് ട്രേഡ് സെന്‍ററിലേക്ക് എത്തിയത്. കേരളത്തിൽനിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നും 200ഓളം കമ്പനികൾ പങ്കെടുത്തു. കേരളത്തിൽനിന്ന് സ്റ്റാർട്ടപ് മിഷന് കീഴിൽ 40 സ്റ്റാർട്ടപ്പുകളും ഐ.ടി മിഷന്‍റെ നേതൃത്വത്തിൽ 30 സ്ഥാപനങ്ങളും പങ്കെടുത്തു. ആകെ 5000ത്തോളം സ്ഥാപനങ്ങളാണ് എത്തിയത്. 20 ലക്ഷം ചതുരശ്ര മീറ്ററിൽ 25 ഹാളിലായിരുന്നു പരിപാടി. കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം ഭാഗം കൂടുതൽ ഒരുക്കിയിരുന്നു.

നിരവധി കരാറുകൾ ഒപ്പുവെക്കുന്നതിനും ജൈടെക്സ് സാക്ഷ്യംവഹിച്ചു. ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) വിവിധ കമ്പനികളുമായി അഞ്ചു കരാറുകളാണ് ഒപ്പുവെച്ചത്. സർക്കാർ വകുപ്പുകൾക്കു പുറമെ വിവിധ സ്ഥാപനങ്ങൾക്ക് വിദേശ മാർക്കറ്റ് കണ്ടെത്താനും ജൈടെക്സ് വഴിതെളിച്ചു. കേരളത്തിൽ നിന്നെത്തിയ സ്ഥാപനങ്ങൾക്കും പുതിയ മേച്ചിൽപുറങ്ങൾ കണ്ടെത്താനായി. ഭാവിയുടെ സാങ്കേതികവിദ്യയായ മെറ്റാവേഴ്സായിരുന്നു ഈ ജൈടെക്സിലെ പ്രധാന താരം. മെറ്റാവേഴ്സിന്‍റെ സാധ്യതകളെക്കുറിച്ച ചർച്ചകളും പ്രസന്‍റേഷനും പ്രദർശനങ്ങളും നടക്കുന്നുണ്ട്.

ന്യൂജെൻ സാങ്കേതിക വിദ്യകളുമായി തായ് വാൻ

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക മേളയായ ജൈടെക്സിൽ ന്യൂജെൻ സാങ്കേതിക വിദ്യകൾ അവതരിപ്പിച്ച് തായ്വാൻ. അഞ്ച് പുതിയ കട്ടിങ് എഡ്ജ് ഉൽപന്നങ്ങളുമായാണ് തായ് പവലിയൻ ശ്രദ്ധ നേടുന്നത്. ഡി ലിങ്ക്, ഐബേസ്, എം.എസ്.ഐ, പ്ലാനറ്റ്, ബെൻക്യൂ എന്നിവയുടെ ഉൽപന്നങ്ങൾ ഇതിൽപെടുന്നു.

ജൈ​ടെ​ക്സി​ലെ താ​യ്​​വാ​ൻ പ​വ​ലി​യ​ൻ

ഉയർന്ന കാര്യക്ഷമതയും മിതമായ നിരക്കുമുള്ള ഉൽപന്നങ്ങളാണ് തങ്ങൾ അവതരിപ്പിക്കുന്നതെന്ന് തായ്പേയ് കൊമേഴ്സ്യൽ ഓഫിസ് ഡയറക്ടർ വാൻ ചുൻ ചാങ്, തായ്വാൻ ട്രേഡ് സെന്‍റർ ഡയറക്ടർ ഫു തായ് വെയ് എന്നിവർ പറഞ്ഞു. സാങ്കേതിക മേഖലയിലെ ഏറ്റവും പുതിയ ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. പുതിയ ഇൻഡോർ വൈഫൈ കാമറയുടെ വ്യക്തത ആരെയും ഞെട്ടിക്കുന്നതാണ്. മൊബൈൽ ഫോൺ വിഡിയോകളെ വെല്ലുവിളിക്കുന്ന രീതിയിലാണ് ഈ സി.സി.ടി.വി ദൃശ്യങ്ങൾ. ആളുകളുടെ ചലനത്തിനനുസരിച്ച് കാമറയും തിരിഞ്ഞുകൊണ്ടിരിക്കും. അപകട ഘട്ടങ്ങളിലെ അലാറം, സ്മോക് അലാറം തുടങ്ങിയവയെല്ലാം ഇതിലുണ്ട്.

വിദേശരാജ്യത്തിരിക്കുന്നവർക്കുപോലും സ്വന്തം വീടും ചുറ്റുപാടും കൃത്യതയോടെ നിരീക്ഷിക്കാൻ കഴിയുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഗെയിം കളിക്കുന്നവരെ ആകർഷിക്കുന്നതാണ് ഇവിടെയുള്ള റൈഡർ ജി.ഇ സീരീസ് ലാപ്ടോപ്. ഇ-സ്പോർട്സ് ആരാധകർക്കായി സോവി എക്സ്.എൽ 25566 കെയുടെ പ്രത്യേക മോണിറ്ററും ഒരുക്കിയിരിക്കുന്നു. ജൈടെക്സിലെ ഒന്നാം നമ്പർ ഹാളിലാണ് തായ്വാൻ പവലിയൻ.

Tags:    
News Summary - Jytex will flag down today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.