ഗെയിം കളിക്കാൻ ഇഷ്ടപ്പെടുന്നവരുടെ സ്വപ്നമാണ് ഹാൻഡ് ഹെൽഡ് ഗെയിമിങ് കൺസോളുകൾ. ഉദാഹരണത്തിന് നിന്റന്‍ഡോ സ്വിച്ച്. വലിയ ഡിസ്‍പ്ലേയും അതിനെ ബന്ധിപ്പിച്ചിരിക്കുന്ന ജോയ്സ്റ്റിക്കുകളും വിഡിയോ ഗെയിമിങ് അനുഭവം മറ്റൊരു തലത്തിലേക്ക് എത്തിക്കും. നിന്റന്‍ഡോ സ്വിച്ചിന് നിരവധി ആരാധകരാണുള്ളത്. ഈ ഗെയിമിങ് ഉപകരണത്തിന്റെ പുതിയ വകഭേദങ്ങൾക്കായി അവർ ആവേശത്തോടെ കാത്തിരിക്കാറുമുണ്ട്.
എന്നാൽ, നിന്റന്‍ഡോയും സ്ടീം ഡെക്കും ഭരിക്കുന്ന ഹാൻഡ്ഹെൽഡ് കൺസോൾ ലോകത്തേക്ക് ലൊജിടെക് എന്ന പ്രമുഖ കമ്പനിയും വരവറിയിച്ചിരിക്കുകയാണ്. 'ലൊജിടെക് ജി ക്ലൗഡ്' എന്നാണ് കൺസോളിന്റെ പേര്. ഗെയിമർമാർക്ക് അത്രയേറെ ഇഷ്ടപ്പെട്ട പേരാണ് ലൊജിടെക്. അവരുടെ വിവിധ ഗെയിമിങ് ഉപകരണങ്ങളും മറ്റും ചൂടപ്പം പോലെയാണ് വിറ്റുപോകാറുള്ളത്. ലൊജിടെകിന്റെ ക്ലൗഡ് ഗെയിമിങ് ഹാൻഡ്ഹെൽഡിന് പ്രത്യേകതകൾ ഏറെയാണ്.
പുതുതായി രൂപകൽപന ചെയ്ത കൺസോളിൽ എക്സ് ബോക്സ് ( Xbox) ഗെയിമുകൾ കളിക്കാൻ സാധിക്കും. ഒക്‌ടോബർ 17-ന് റിലീസ് ചെയ്യുന്ന ഉപകരണത്തിന്റെ പ്രീ-ഓർഡർ വില 299.99 ഡോളറാണ് (~ 24,100). എന്നാൽ വില 349.99 ഡോളർ (~ 28,200 രൂപ) ആയി അധികം വൈകാതെ വർധിച്ചേക്കും.
ലോജിടെക് ജി ക്ലൗഡ് കൺസോളിന്റെ ഡിസൈൻ നിന്റന്‍ഡോ സ്വിച്ച്, സ്റ്റീം ഡെക്ക് ഹാൻഡ്‌ഹെൽഡ് ഗെയിമിംഗ് ഉപകരണങ്ങളോട് സാമ്യമുള്ളതാണ്. A/B/X/Y ബട്ടണുകൾ, ഡി-പാഡ്, രണ്ട് അനലോഗ് ജോയ്‌സ്റ്റിക്കുകൾ, രണ്ട് ബമ്പറുകൾ, രണ്ട് അനലോഗ് ട്രിഗറുകൾ, എൽ & ആർ ഓപ്ഷൻ ബട്ടണുകൾ, ഒപ്പം G ബട്ടണും ഹോം ബട്ടണും ഉണ്ട്.
450 nits ബ്രൈറ്റ്നസ്, ഫുൾ എച്ച്.ഡി സ്‌ക്രീൻ റെസല്യൂഷൻ, 60Hz റിഫ്രഷ് നിരക്ക് എന്നിവയുടെ പിന്തുണയുള്ള ഏഴ് ഇഞ്ച് ഐ.പി.എസ് എൽ.സി.ഡി ടച്ച് ഡിസ്‌പ്ലേയാണ് ജി ക്ലൗഡ് കൺസോളിന്. 463 ഗ്രാം ഭാരമുള്ള ഇത് നിന്റെൻഡോ സ്വിച്ചിനേക്കാൾ ഭാരം കുറഞ്ഞതാണ്. മികച്ച ഗ്രിപ്പിനായി പിന്നിൽ ടെക്സ്ചർ ചെയ്ത ഫിനിഷാണ് നൽകിയിരിക്കുന്നത്.
ക്ലൗഡ് ഗെയിമിങ് വിസ്മയം
വീഡിയോ ഗെയിമിംഗ് വ്യവസായത്തിലെ ഒരു പുതിയ പ്രതിഭാസമായാണ് ജി ക്ലൗഡ് കൺസോളിന്റെ വരവ്. അതിഗംഭീരമായ ഗ്രാഫിക്സിന്റെ അകമ്പടിയോടെയുള്ള എക്സ് ബോക്സ് ഗെയിമുകൾ ഈ ഉപകരണം ഉപയോഗിച്ച് കളിക്കാൻ കഴിയും. ഫോർസ ഹൊറൈസണും സൈബർ പങ്കും ഫോർട്നൈറ്റും ജി ക്ലൗഡിൽ കളിക്കാനായി ആവേശത്തോടെയാണ് ഗെയിമർമാർ കാത്തിരിക്കുന്നത്. ക്ലൗഡ് സേവനമായതിനാൽ ഭീമൻ സൈസുള്ള അത്തരം ഗെയിമുകൾ യൂസർമാർ ഡൗൺലോഡ് ചെയ്ത് ഡാറ്റ കളയേണ്ടതില്ല. ഗെയിമുകൾ വിദൂര സെർവറുകളിലാണ് റെൻഡർ ചെയ്യുന്നത്.
എന്നാൽ, എക്സ് ബോക്സ്, പ്ലേസ്റ്റേഷൻ പോലുള്ള കൺസോളുകൾ ഉപയോഗിച്ച് കളിക്കുന്നത് പോലുള്ള അനുഭവം ലഭിക്കണമെങ്കിൽ, മികച്ച ഇന്റർനെറ്റ് കണക്ഷൻ എന്തായാലും വേണ്ടിവരും. കാരണം, പ്ലേസ്റ്റോറിൽ നിന്ന് ഗെയിമുകൾ ഡൗൺലോഡ് ചെയ്ത് കളിക്കുന്നത് പോലെയല്ല, ക്ലൗഡ് ഗെയിമിങ്. അതുപോലെ, എക്സ് ബോക്സ് ഗെയിം പാസ് അൾട്ടിമേറ്റ് (Xbox Game Pass Ultimate), എൻവിഡിയ ജിഫോഴ്സ് നൗ (NVIDIA GeForce NOW), അല്ലെങ്കിൽ, സ്റ്റീം ലിങ്ക് (Steam Link) സബ്‌സ്‌ക്രിപ്‌ഷനും യൂസർമാർ എടുക്കേണ്ടിവരും.
ലോജിടെക് ജി ക്ലൗഡ് ആൻഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഗൂഗിൾ പ്ലേ സ്റ്റോർ, ക്രോം, യൂട്യൂബ് എന്നിവയടക്കമുള്ള ആപ്പുകൾ ഡിവൈസിൽ പ്രവർത്തിപ്പിക്കാൻ കഴിയും. ക്വാൽകോം സ്നാപ്ഡ്രാഗൺ 720G ചിപ്‌സെറ്റാണ് കൺസോളിന് കരുത്തേകുന്നത്. 4GB റാമും 64GB സ്റ്റോറേജുമുണ്ട്. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്,യു.എസ്.ബി സി ഹെഡ്ഫോൺ പിന്തുണ,ബ്ലൂടൂത് വേർഷൻ 5.1 പിന്തുണ എന്നിവയുമുണ്ട്. ഗെയിമിങ് അനുഭവം മികച്ചതാക്കാൻ ജൈറോസ്കോപ്പ്, റീമാപ്പബ്ൾ കൺട്രോളുകൾ എന്നിവയുമുണ്ട്. ലോജിടെക് ജി ക്ലൗഡ് ഗെയിമിംഗ് ഹാൻഡ്‌ഹെൽഡ് നിലവിൽ യുഎസിലും കാനഡയിലും പ്രീ-ഓർഡറിനായി തയ്യാറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.