ലോക കോടീശ്വരൻ ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ വലിയ മാറ്റങ്ങൾക്കാണ് കളമൊരുങ്ങുന്നത്. മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മസ്ക് തന്നെ വ്യക്തമാക്കിയിരുന്നു. ട്വിറ്റർ സി.ഇ.ഒ പരാഗ് അഗ്രവാളിന്‍റെ സ്ഥാനം തെറിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, ട്വിറ്റർ ഉപയോഗത്തിന് ഫീസ് ഏർപ്പെടുത്തുമോയെന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് മസ്ക്.
'സാധാരണക്കാർക്ക് ട്വിറ്റർ എന്നും സൗജന്യമായിരിക്കും. എന്നാൽ വാണിജ്യ/സർക്കാർ ഉപയോക്താക്കൾക്ക് ചെറിയ ഫീസ് ഏർപ്പെടുത്തിയേക്കും' -മസ്ക് ട്വീറ്റ് ചെയ്തു. സാധാരണക്കാർക്ക് നിലവിലേതുപോലെ തന്നെ സൗജന്യമായി ട്വിറ്റർ ഉപയോഗം തുടരാമെന്നാണ് മസ്ക് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, മസ്കിന്‍റെ പ്രസ്താവനയെ കുറിച്ച് ട്വിറ്റർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
4,400 കോടി യു.എസ് ഡോളറിനാണ് 'ടെസ്‍ല' സി.ഇ.ഒ ആയ മസ്ക് ട്വിറ്റർ ഇടപാട് ഉറപ്പിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള സാധ്യത വേണ്ട വിധത്തിൽ 'ട്വിറ്റർ' ഉപയോഗപ്പെടുത്തുന്നില്ല എന്നതിനാലാണ് താൻ ഈ ഇടപാട് നടത്തുന്നതെന്നാണ് മസ്ക് പറഞ്ഞത്. ഉപയോക്താക്കളുടെ വിശ്വാസം ആർജിക്കാൻ ഇത് സ്വകാര്യ കമ്പനിയാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇലോൺ മസ്ക് ഏറ്റെടുത്തതോടെ ട്വിറ്റർ ജീവനക്കാർക്കിടയിലും വ്യാപക ആശങ്കയുണ്ട്. ജോലി നഷ്ടപ്പെടും എന്ന ആശങ്കയുള്ളവരിൽ ഒന്നാം സ്ഥാനത്ത് ട്വിറ്റർ സി.ഇ. ഒ പരാഗ് അഗ്രവാൾ തന്നെയാണ്. പുതിയ ആളെ ട്വിറ്റർ സി.ഇ. സ്ഥാനത്തു നിയോഗിക്കുന്നതിനുള്ള ആലോചനയിലാണ് മസ്ക് എന്നാണ് റിപ്പോർട്ടുകൾ. നിലവിലുള്ള സംവിധാനത്തിൽ തൃപ്തനല്ലെന്നു മസ്‌ക് ട്വിറ്റർ ചെയർമാനെ അറിയിച്ചിട്ടുണ്ട്. വ്യാപക അഴിച്ചുപണി ഉണ്ടാകുമെന്നതിന്റെ സൂചനയാണ് ഈ അഭിപ്രായ പ്രകടനം എന്നാണ് വിലയിരുത്തൽ.
ജോലിക്കാരെ കുറക്കുന്നതിനുള്ള ഒരു നീക്കവും ഇപ്പോൾ നടക്കുന്നില്ലെന്നു അഗ്രവാളും പറയുന്നു. ഇതോടെ ട്വിറ്ററിന്‍റെ ഭാവി സംബന്ധിച്ച് ചോദ്യങ്ങളുയരുകയാണ്.
ഇതിനകം തന്നെ അഗ്രവാളിന് പകരം ട്വിറ്ററിന് പുതിയ ചീഫ് എക്സിക്യൂട്ടീവിനെ മസ്ക് നിയോഗിച്ചിട്ടുണ്ടെന്നാണ് സൂചനകൾ. ഇതാരാണെന്ന് മസ്‌ക് വ്യക്തമാക്കിയിട്ടില്ല. 44 ബില്ല്യൺ ഡോളറിന്‍റെ വിൽപ്പന കരാർ ഈ വർഷാവസാനം പൂർണമായി നിലവിൽ വരുന്നതോടെ മസ്കിന്റെ ഇഷ്ടക്കാരനും ട്വിറ്റർ തലപ്പത്ത് എത്തും.
കഴിഞ്ഞ നവംബറിലാണ് ജാക്ക് ഡോർസിക്ക് പകരം സി.ഇ.ഒ ആയി ഇന്ത്യക്കാരനായ പരാഗ് അഗ്രവാൾ ചുമതലയേറ്റത്. ട്വിറ്ററിന്‍റെ നിയന്ത്രണം മസ്കിന്‍റെ കൈകളിലേക്കെത്തി 12 മാസത്തിനുള്ളിൽ അഗ്രവാളിനെ പുറത്താക്കിയാൽ 43 മില്ല്യൺ ഡോളർ നൽകേണ്ടിവരും. ട്വിറ്ററിന്‍റെ നിയമ മേധാവി വിജയാ ഗദ്ദേയെയും മാറ്റാൻ മസ്ക് പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.