നിങ്ങളുടെ സുഹൃത്തുക്കളിൽ ആരെങ്കിലും ആറ് ഡിജിറ്റുള്ള ഒ.ടി.പി നമ്പർ ചോദിച്ച് വാട്സ്ആപ്പിൽ ടെക്സ്റ്റ് മെസ്സേജ് അയക്കുകയാണെങ്കിൽ ഒരിക്കലും അതിന് മറുപടി നൽകരുത്. ആദ്യം സുഹൃത്തിനെ വിളിച്ച് മെസ്സേജ് അയച്ചത് അവൻ/അവൾ ആണോ എന്ന് ഉറപ്പുവരുത്തുക. കാരണം, വാട്സ്ആപ്പിനെ ലക്ഷ്യമിട്ട് പുതിയ ഒരു തട്ടിപ്പുകൂടി ഇപ്പോൾ ചുറ്റിക്കറങ്ങുന്നുണ്ട്.
വാട്സ്ആപ്പിൽ സൈൻ-ഇൻ ചെയ്യുേമ്പാൾ ചോദിക്കുന്ന ഒ.ടി.പി നമ്പർ ഉപയോഗിച്ചുള്ള തട്ടിപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. ആദ്യം ഹാക്ക് ചെയ്യപ്പെടുന്ന അക്കൗണ്ടിൽ നിന്നും അവരുടെ കോൺടാക്ടിലുള്ള മറ്റുള്ളവർക്ക് വ്യാപകമായി ഒ.ടി.പി നമ്പറിനായി സന്ദേശമയക്കും. ഒന്നും നോക്കാതെ ഒ.ടി.പി അയച്ചുനൽകുകയാണെങ്കിൽ, നിങ്ങളുടെ സുഹൃത്തിനെ പോലെ നിങ്ങളുടെ വാട്സ്ആപ്പും ഹാക്ക് ചെയ്യപ്പെടും.
റേഡിയോ ഷോ ഹോസ്റ്റായ അലെക്സിസ് കോൺറാൻ ആണ് പുതിയ സ്കാമിനെ കുറിച്ച് ട്വിറ്ററിലൂടെ ആദ്യം റിപ്പോർട്ട് ചെയ്തത്. 'ആദ്യം വാട്സ്ആപ്പ് കോഡ് എന്ന പേരിൽ ഫോണിൽ ഒരു ടെക്സ്റ്റ് മെസ്സേജ് വരും. തൊട്ടുപിന്നാലെ, നിങ്ങളുടെ ഏതെങ്കിലും വാട്സ്ആപ്പ് കോൺടാക്ടിൽ നിന്ന് ഒരു സന്ദേശമായിരിക്കും എത്തുക. ''ഹലോ.. ക്ഷമിക്കണം ഞാൻ എസ്.എം.എസ്സായി അബദ്ധത്തിൽ ഒരു ആറ് നമ്പർ കോഡ് നിങ്ങൾക്ക് അയച്ചിട്ടുണ്ട്. അത് തിരിച്ചയക്കാമോ.. അത്യാവശ്യമാണ്''. -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഒ.ടി.പി ചോദിച്ചുകൊണ്ട് നിങ്ങൾക്ക് സന്ദേശമയച്ച ആളുടെ വാട്സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് അതിലൂടെ മനസിലാക്കേണ്ടത്. പിന്നാലെ, അവരുടെ കോൺടാക്ടിലുള്ള മറ്റുള്ളവരുടെ അക്കൗണ്ടും ഹാക്ക് ചെയ്യാനാണ് തട്ടിപ്പുകാർ ശ്രമിക്കുന്നത്. ഒ.ടി.പി നൽകിയാൽ, നിങ്ങളുടെ വാട്സ്ആപ്പ് ഹാക്കർ അവരുടെ കൈയ്യിലുള്ള ഉപകരണത്തിൽ ആക്ടിവേറ്റാക്കും. അങ്ങനെ സംഭവിച്ചാലുള്ള അപകടം പറയേണ്ടതില്ലല്ലോ...!
⚠️Scam warning ⚠️
— Alexis Conran (@alexisconran) April 1, 2021
This is a WhatsApp scam that continues to catch people out.
It starts with this text message that arrives on your phone out of the blue 👇 pic.twitter.com/U8iawbWoiz
ഒരിക്കലും ഒ.ടി.പി നമ്പർ ആരുമായും പങ്കുവെക്കാതിരിക്കലാണ് ഇത്തരം തട്ടിപ്പിന് ഇരയാവാതിരിക്കാനുള്ള പ്രധാന പോംവഴി. അഥവാ, സുഹൃത്തുക്കളിൽ നിന്ന് അത്തരം സന്ദേശം വരികയാണെങ്കിൽ, അവരെ വിളിച്ച് അവരുടെ വാട്സ്ആപ്പ് ഹാക്കായ വിവരം അറിയിക്കുക. അവർ ലോഗിൻ ചെയ്യുന്നതോടെ ഹാക്കർമാർക്ക് സുഹൃത്തിന്‍റെ അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കാതെ വരും. വാട്സ്ആപ്പിൽ ടു ഫാക്ടർ ഒതന്‍റിക്കേഷൻ അല്ലെങ്കിൽ ടു സ്റ്റെപ് വെരിഫിക്കേഷൻ എനബ്ൾ ചെയ്തുവെച്ചാൽ അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.