തിരുവനന്തപുരം: ദിവസങ്ങളായി പുകയുന്ന ഇരട്ടവോട്ട് വിവാദത്തിൽ പുതിയ 'ട്വിസ്റ്റ്' ആയി മാറി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട വെബ് സൈറ്റ്. 140 മണ്ഡലങ്ങളിലെയും 4.34 ലക്ഷം ഇരട്ട വോട്ടര്‍മാരുടെ പട്ടിക www.operationtwins.com എന്ന വെബ്സൈറ്റിലൂടെയാണ് പുറത്തുവിട്ടത്.
ഓരോ മണ്ഡലത്തിലുമുള്ള വിവിധ ബൂത്തുകളില്‍ ചേര്‍ത്ത ഇരട്ട വോട്ടര്‍മാരുടെ വിവരങ്ങളും അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും വോട്ടര്‍ ഐ.ഡിയിലും ചേര്‍ത്ത വോട്ടര്‍മാരുടെ പേര് വിവരങ്ങളുമാണ് വെബ്സൈറ്റിലുള്ളത്.
38,586 പേരുടെ ഇരട്ട വോട്ട് മാത്രമാണ് തെരഞ്ഞെടുപ്പ് കമീഷൻ സ്ഥിരീകരിച്ചത്. നിയോജക മണ്ഡല നമ്പര്‍, ബൂത്ത് നമ്പര്‍, വോട്ടറുടെ പേര്, വോട്ടര്‍ ഐ.ഡി നമ്പര്‍, അതേ വ്യക്തിക്ക് മറ്റ് ബൂത്തുകളിലുള്ള വോട്ട് ഐ.ഡി നമ്പര്‍, അവിടത്തെ പേര്, വിലാസം, അതേ വ്യക്തിക്ക് തൊട്ടടുത്ത നിയോജക മണ്ഡലങ്ങളിലുള്ള വോട്ടിെൻറ ഐ.ഡി നമ്പർ, വിലാസം എന്നിവ പട്ടികയിലുണ്ട്. വെബ്സൈറ്റിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുമെന്ന് പ്രതിപക്ഷ നേതാവിെൻറ ഒാഫിസ് അറിയിച്ചു. ഫോട്ടോ ഉള്‍പ്പെടെ വിവരങ്ങള്‍ പുതിയ അപ്ഡേഷനുകളിലുണ്ടാകും. തെരഞ്ഞെടുപ്പ് കഴിയുംവരെ സൈറ്റില്‍ ഈ വിവരങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവിെൻറ ഓഫിസ് അറിയിച്ചു.
തെരഞ്ഞെടുപ്പ് കമീഷന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക അബദ്ധപഞ്ചാംഗമാണെന്ന് ഹൈകോടതി വിധിയോടെ വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് കരുവാറ്റയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
38,000 ഇരട്ടവോട്ടര്മാരേ ഉള്ളൂവെന്ന് കമീഷന് പറഞ്ഞത് ശരിയില്ല. വ്യാജ വോട്ടര്‍മാരെ കണ്ടെത്താൻ കമീഷന് പരിശോധന നടത്താന്‍ കഴിഞ്ഞിട്ടില്ല. ബി.എല്‍.ഒമാര്‍ക്ക് അതത് ബൂത്തിലെ ഇരട്ടിപ്പ് മാത്രമേ രേഖപ്പെടുത്താന്‍ കഴിയൂ.
ദിവസങ്ങളെടുത്ത് താനും സഹപ്രവര്‍ത്തകരും കഠിനമായി പരിശ്രമിച്ചാണ് വ്യാജവോട്ടര്‍മാരെ കണ്ടെത്തിയത്. കള്ളവോട്ട് ചെയ്യാന്‍ പോകുന്നവര്‍ സത്യവാങ്മൂലം നല്‍കുമോയെന്നും ചെന്നിത്തല ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.