ലോകകോടീശ്വരൻ ഇലോൺ മസ്ക് റഷ്യയുടെ യുക്രെയ്ൻ അധിനിവേഷത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ പലതവണയായി രംഗത്തെത്തിയിട്ടുണ്ട്. യുക്രെയ്ന് പരസ്യ പിന്തുണ നൽകിയ അദ്ദേഹം റഷ്യയോടുള്ള എതിർപ്പും പരസ്യമായി തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ, യുദ്ധക്കെടുതികൾ അനുഭവിക്കുന്ന യുക്രെയ്ന് തന്‍റെ സ്പേസ് എക്സിന് കീഴിലെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വഴി തടസമില്ലാത്ത ഇന്‍റർനെറ്റ് സേവനം ലഭ്യമാക്കുകയും ചെയ്തിരുന്നു.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടെ മറ്റൊരു ട്വീറ്റുമായി എത്തിയിരിക്കുകയാണ് ഇലോൺ മസ്ക് ഇപ്പോൾ. റഷ്യക്ക് അമേരിക്കയെയും യൂറോപ്പിനെയും 30 മിനിറ്റുകൾ കൊണ്ട് തകർത്തുകളയാൻ കഴിയുമെന്നാണ് മസ്ക് അഭിപ്രായപ്പെട്ടിരിക്കുന്നത്.
''അമേരിക്കയെയും യൂറോപ്പിനെയും 30 മിനിറ്റിനുള്ളിൽ ആണവ മിസൈലുകൾ ഉപയോഗിച്ച് പൂർണ്ണമായും നശിപ്പിക്കാനുള്ള കഴിവ് റഷ്യക്കുണ്ട്, അതുപോലെ തിരിച്ചും. ഒരു വലിയ വിഭാഗം ആളുകൾക്ക് ഇത് അറിയില്ല. തീർച്ചയായും, അവ ഉപയോഗിക്കുന്നത് ഭ്രാന്തമായ കാര്യമാണ്, പക്ഷേ ഇപ്പോൾ നിലനിൽക്കുന്ന അവസ്ഥയിൽ നാമെത്തിയതും ഒരുതരം ഭ്രാന്താണ്''. -മസ്ക് ട്വീറ്റ് ചെയ്തു. ന്യായബോധമുള്ള ആളുകളുമായാണ് നാം ഇടപഴകുന്നതെങ്കിൽ ഇവിടെ യുദ്ധമുണ്ടാകുമായിരുന്നില്ലെന്ന് മസ്ക് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, യുക്രെയ്നിൽ ഇന്‍റർനെറ്റ് ലഭ്യമാക്കുന്നതിന്‍റെ ചെലവ് ഇനിയും തങ്ങൾക്ക് വഹിക്കാനാവില്ലെന്ന് മസ്ക് അറിയിച്ചിരിക്കുകയാണ്. റഷ്യയുടെ ആക്രമണം കാരണം ഗതാഗത-ആശയവിനിമയ സംവിധാനങ്ങൾ തകർന്നുകൊണ്ടിരിക്കുന്ന യുക്രെയ്ന് സ്റ്റാർലിങ്ക് വഴിയുള്ള ഇന്‍റർനെറ്റ് സേവനം ഏറെ ആശ്വാസമാണ് നൽകുന്നത്.
ഇതുവരെ 80 ദശലക്ഷം ഡോളറിന്‍റെ ചെലവാണ് ഇന്‍റർനെറ്റ് സേവനം നൽകുക വഴി തങ്ങൾക്കുണ്ടായതെന്ന് മസ്ക് ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു. ഈ വർഷം അവസാനത്തോടെ അത് 100 ദശലക്ഷം ഡോളറായി ഉയരും. യുക്രെയ്നിൽ ഇന്‍റർനെറ്റ് സേവനം നൽകുന്നതിന്‍റെ ചെലവ് യു.എസ് സൈന്യം ഏറ്റെടുക്കണമെന്നാണ് ആദ്ദേഹമിപ്പോൾ ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ മാസം പെന്‍റഗണിന് സ്പേസ് എക്സ് കത്ത് നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.