മസ്കത്ത്: രാജ്യത്ത് 3ജി സേവനം അവസാനിപ്പിക്കുന്നതിന് മുന്നോടിയായ പരീക്ഷണത്തിന് ഒരുങ്ങുന്നു. 2024ന്റെ മൂന്നാം പാദത്തോടെ രാജ്യത്തെ എല്ലാ 3ജി സേവനങ്ങളും ക്രമേണ നിർത്തലാക്കുന്നതിന് തീരുമാനിച്ചിരുന്നു. ഇതിന്റെ മുന്നോടിയായാണ് നിർത്തലാക്കുമ്പോഴുള്ള വെല്ലുവിളികൾ തിരിച്ചറിയാനായി ടെലികമ്യൂണിക്കേഷൻസ് റെഗുലേഷൻസ് അതോറിറ്റി (ടി.ആർ.എ) പരിമിതമായ സ്ഥലങ്ങളിൽ പരീക്ഷണത്തിന് ഒരുങ്ങുന്നത്.
ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ടെലികോം സേവനങ്ങൾ നവീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് 3ജി സേവനങ്ങൾ നൽകുന്നത് ക്രമേണ നിർത്തുന്നത്.ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിൽ തുടങ്ങി ഒരോ ഘട്ടങ്ങളായാകും 3ജി സേവനങ്ങൾ നിർത്തലാക്കുക.
4ജി നെറ്റ്വർക്ക് സേവനമെങ്കിലും ലഭ്യമല്ലാത്ത ആശയവിനിമയ ഉപകരണങ്ങളുടെ അംഗീകാരവും ഇറക്കുമതിയും അവസാനിപ്പിക്കുകയും ചെയ്യും. ലോകത്തെ ടെലികമ്യൂണിക്കേഷൻ മേഖലയുടെ ദ്രുതഗതിയിലുള്ള വികസനം അടിസ്ഥാനമാക്കിയാണ് ഏറ്റവും പുതിയതും നൂതനവുമായ നെറ്റ്വർക്കുകൾ ഉപയോഗിക്കുന്നത് രാജ്യം പ്രോത്സാഹിപ്പിക്കുന്നത്.
രാജ്യത്ത് ഇന്റർനെറ്റ് വേഗത്തിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അധികൃതർ 5ജി സ്റ്റേഷനുകളുടെ എണ്ണം 2,600 ആയി വർധിപ്പിച്ചിട്ടുണ്ട്. 3ജി ഘട്ടംഘട്ടമായി നിർത്തലാക്കുന്നതിനുള്ള സമയക്രമം വിവിധ സ്പെക്ട്രം ഘടകങ്ങളെയും 2ജി/3ജി നെറ്റ്വർക്കുകളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണത്തെയും ആശ്രയിച്ചാണ് തീരുമാനിക്കുക.
സേവനം അവസാനിപ്പിക്കുന്നതോടെ 3ജി, 2ജി സേവനങ്ങൾ മാത്രം ലഭ്യമായിരുന്ന മൊബൈൽ അടക്കമുള്ള ഉപകരണങ്ങൾ ഒഴിവാക്കാനോ അപ്ഗ്രേഡ് ചെയ്യാനോ ഉപയോക്താക്കൾ നിർബന്ധിതരാകും.
ലോകത്ത് വിവിധ രാജ്യങ്ങൾ ഇതിനകം 3ജി സേവനങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. 4ജി, 5ജി സേവനങ്ങളാണ് ഇവിടങ്ങളിലെല്ലാം ഉപയോഗിച്ചുവരുന്നത്. നെറ്റ്വർക്ക് സേവനങ്ങളുടെ വേഗവും ഗുണനിലവാരവും മെച്ചപ്പെടുത്തിയാണ് പുതിയ സംവിധാനങ്ങൾ നിലവിൽ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.