വിലകുറയുമോ െഎഫോണിന്?

ഇതൊന്ന് കൈയിലുണ്ടെങ്കിൽ 'ഗുമ്മ്' വേറെയാണ്. അതുകൊണ്ടാണല്ലോ സ്വർണം പണയംവെച്ചും ഇ.എം.ഐക്കും വരെ പലരും ഐഫോൺ പോക്കറ്റിലാക്കുന്നത്. പുതിയ ഐഫോൺ വരുമ്പോൾ പഴയതിന്റെ വില ടപ്പേന്ന് കുറയും. അതിന് കണ്ണിലെണ്ണ പകർന്ന് കാത്തിരിപ്പുണ്ട് ചിലർ. എന്തായായും ആ കാത്തിരിപ്പിന് ഒരുമാസം നീളമേയുള്ളൂ. മോടിയോടെ പുതു മോഡലായ 'ഐഫോൺ 14 സീരീസ്' സെപ്റ്റംബർ ഏഴിന് വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇത്തവണ നാല് മോഡലുകൾ പ്രതീക്ഷിക്കാമത്രെ.

ഐഫോൺ 14, ഐഫോൺ 14 മാക്സ്/ പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ്. ഇതുവരെ കണ്ട മിനിക്ക് പകരം മാക്സ്/പ്ലസ് എന്നിവയാണുണ്ടാവുക. പതിവുപോലെ ആപ്പിൾ ഇത്തവണയും ഇവയുടെ പ്രത്യേകതകൾ പുറത്തുവിടാൻ ഉദ്ദേശിച്ചിട്ടില്ല. സാദായിൽ 6.06, മാക്സിൽ 6.7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, എപ്പോഴും ഓണായ 120 ഹെർട്സ് ഡിസ്‍പ്ലേ, 48 മെഗാപിക്സൽ പ്രധാന പിൻകാമറ, ഐ.ഒ.എസ് 16, വയറുള്ള 30 വാട്ട് ചാർജർ എന്നിവയുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഇന്ത്യൻ നിർമിതം

നിർമാണം ചൈനയിലായതിനാൽ കോവിഡ് അടച്ചിടൽ, വിതരണ പ്രശ്നങ്ങൾ, തയ്‍വാനെച്ചൊല്ലി യു.എസും ചൈനയും തമ്മിലുള്ള ഭിന്നത എന്നിവ പ്രശ്നങ്ങളാണ്. അതിനാൽ പുതിയ ഐഫോൺ അവതരണം മാറ്റിവെക്കുമെന്നായിരുന്നു മുൻ സൂചനകൾ. പക്ഷെ പറഞ്ഞ സമയത്തുതന്നെ ഐഫോൺ പതിന്നാലാമനെ രംഗത്തിറക്കാൻ കുറച്ച് മാസങ്ങളായി നിർമാണം കൂട്ടുകയാണ് ആപ്പിൾ ചെയ്തത്. ഔദ്യോഗിക അവതരണം മുൻ നിശ്ചയപ്രകാരം നടത്തും.

പിന്നെ ചൈനക്ക് പുറത്തുള്ള ആദ്യ വിതരണത്തിന് ശേഷം രണ്ടുമാസം കഴിഞ്ഞ് ഇന്ത്യയിൽ നിർമിക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ നിർമിച്ച ഐഫോൺ 14 ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ ലഭ്യമാകുമെന്നാണ് സൂചന. ഇന്ത്യയിലെ നിർമാണ പദ്ധതി ആപ്പിൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പുതിയ ഐഫോണിൽ 'ഇന്ത്യയിൽ നിർമിതം' എന്ന കുറിപ്പുണ്ടാവും. തയ്‍വാനിലെ ടി.എസ്.എം.സി ആകും പതിവുപോലെ ആപ്പിളിന് പ്രോസസർ നിർമിച്ചുനൽകുക. എ16 ബയോണിക് ചിപ്പ് ആകും ഉൾപ്പെടുത്തുക.

വില

ഇതാദ്യമല്ല ഐഫോൺ ഇന്ത്യയിൽ നിർമിക്കുന്നത്. ഐഫോൺ 11, ഐഫോൺ എസ്.ഇ (2020), ഐഫോൺ 12, ഐഫോൺ 13 തുടങ്ങിയ മോഡലുകൾ ഇന്ത്യയിൽ നേരത്തെ നിർമിച്ച് തഴക്കമുണ്ട്. ഫോക്സ്‌കോൺ, വിസ്‌ട്രോൺ, പെഗാട്രോൺ എന്നീ കമ്പനികളാണ് ആപ്പിളിനായി ഐഫോൺ നിർമിച്ച് കൊടുക്കുന്നത്. ഇന്ത്യയിൽ നിർമിച്ചിട്ടും ഒരു മോഡലിന്റെയും വിലയിൽ ഒട്ടും കുറവില്ല. 2017ലാണ് ആപ്പിൾ വില കുറഞ്ഞ മോഡലായ ഐഫോൺ എസ്.ഇ ഇന്ത്യയിൽ അസംബിൾ ചെയ്യാൻ തുടങ്ങിയത്.

ഐഫോൺ 11, ഐഫോൺ 12 എന്നിവ ചെന്നൈ ഫോക്‌സ്‌കോണിലും ഐഫോൺ എസ്.ഇ, ഐഫോൺ 12 എന്നിവ കർണാടകയിലെ വിസ്‌ട്രോണിലും നിർമിക്കുന്നു. ഈ വർഷം ഏപ്രിൽ 11 ന് ആപ്പിൾ ഇന്ത്യയിൽ ഐഫോൺ 13 നിർമിക്കാൻ തുടങ്ങി. എന്നിട്ടും ഐഫോൺ 13ന്റെ വില 79,900 രൂപയായി തുടരുകയാണ്. ഐഫോൺ 14 പുറത്തിറങ്ങിയാൽ മാത്രമാണ് 13 ന്റെ വില കുറയുക.

ഐഫോൺ 14ന് യു. എസിൽ ഏകദേശം 799 ഡോളറും ഇന്ത്യയിൽ 80,000 രൂപയുമാകുമെന്നാണ് സൂചന. പുറത്തിറങ്ങുമ്പോൾ വിലയിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. രൂപയുടെ മൂല്യത്തകർച്ചയും വില അൽപം കൂട്ടിയേക്കാമെന്നാണ് സൂചന. 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ 47,000 കോടി രൂപയുടെ ഐഫോണുകൾ നിർമിക്കാനായിരുന്നു ആപ്പിൾ പദ്ധതി.

സാധാരണ പുതു മോഡലുകൾ ആദ്യം ചൈനയിലും പിന്നീട് മറ്റ് രാജ്യങ്ങളിലുമാണ് നിർമിക്കുക. എല്ലാ വിപണികളിലും പുറത്തിറക്കി മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഫോക്‌സ്‌കോൺ ഐഫോൺ 13 ഇന്ത്യയിൽ നിർമിക്കാൻ തുടങ്ങിയത്. അതിനും മുമ്പ് പുതിയ ഐഫോൺ മോഡലുകൾ വിപണിയിൽ എത്തി 7-8 മാസങ്ങൾക്ക് ശേഷം മാത്രമാണ് ഇന്ത്യയിൽ നിർമിച്ചിരുന്നത്.

ഇന്ത്യയിലെ നിർമാണത്തിലൂടെ വില കുറയുകയാണ് പതിവ്. ഇറക്കുമതി നികുതിയും ലാഭിക്കാം. പക്ഷെ ഇവിടെ നേരെ തിരിച്ചാണ്. മിക്ക ഐഫോൺ ഘടകങ്ങളും ചൈനയിൽ നിർമിക്കുന്നതിനാൽ ആപ്പിൾ ഇനിയും ചൈനയെ ആശ്രയിക്കേണ്ടിവരും. ഇറക്കുമതി തീരുവ അടച്ച് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിനാലാണ് ഇന്ത്യയിൽ ഐഫോണുകളുടെ വില ഉയർന്നതായത്.

ഒരു മൊബൈൽ ഫോണിന് 20 ശതമാനമാണ് കസ്റ്റംസ് തീരുവ. ഇതു കൂടാതെ 18 ശതമാനം ജി.എസ്.ടിയും മറ്റ് ഫീസുകളും ആപ്പിളിന്റെ ലാഭവിഹിതവുമുണ്ട്. പുറമെ ആപ്പിൾ സ്മാർട്ട്‌ഫോണുകളും മറ്റ് ഉൽപ്പന്നങ്ങളും ഇന്ത്യയിൽ വിൽക്കാൻ മൂന്നാം കക്ഷി റീട്ടെയിൽ നെറ്റ്‌വർക്കുകളെ ആശ്രയിക്കുന്നു, ഇതും വില വർദ്ധിപ്പിക്കുന്നു.

Tags:    
News Summary - the price Will the decrease for iPhone?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.