കൂടുതൽ ഭീകരനായി പുതിയ ചാറ്റ്ജി.പി.ടി-4; ‘നിർമിത ബുദ്ധിരാക്ഷസ’ന്റെ 2.0-യെ പേടിക്കാൻ കാരണങ്ങളേറെ...

മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ ഓപൺഎ.ഐ വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഭാഷാ മോഡലായ ചാറ്റ്ജി.പി.ടിയുടെ പുതിയ പതിപ്പും ടെക് ലോകത്ത് വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. ചാറ്റ്ജി.പി.ടി ചാറ്റ്‌ബോട്ടിന് അടിസ്ഥാനമായ ജനറേറ്റീവ് പ്രീ ട്രെയിൻഡ് ട്രാന്‍സ്‌ഫോര്‍മര്‍ 3.5 അഥവാ GPT-3.5 ന്റെ പുതുക്കിയ പതിപ്പായ ജി.പി.ടി-4 (GPT-4)-ന്റെ കഴിവുകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് നെറ്റിസൺസ്.

എന്താണ് ചാറ്റ്ജി.പി.ടി-4..??


ചോദിച്ചാൽ, ഏത് വിഷയത്തിലും ഉപന്യാസവും കഥയും കവിതയും എഴുതി തരുന്ന, ഏറെ പ്രയാസമുള്ള ​പൈഥൺ കോഡുകളായാലും ജോബ് ആപ്ലിക്കേഷനായാലും തയ്യാറാക്കിത്തരുന്ന ‘നിർമിത ബുദ്ധിരാക്ഷസനാ’ണ് ചാറ്റ്ജി.പി.ടി. എന്നാൽ, തന്റെ ബാല്യകാലത്ത് കക്ഷിക്ക് ചില്ലറ അബദ്ധങ്ങളും മണ്ടത്തരങ്ങളും പറ്റിയിട്ടുണ്ട്. അവയിൽ നിന്നെല്ലാം പാഠം പഠിച്ച് മുൻഗാമിയേക്കാൾ മിടുക്കും കൃത്യതയും സുരക്ഷിതത്വവും വർധിപ്പിച്ചാണ് പുതിയ ചാറ്റ്ജി.പി.ടി-4നെ ഓപൺഎ.ഐ കെട്ടഴിച്ച് വിട്ടിരിക്കുന്നത്.

മെച്ചപ്പെട്ട കഴിവുകളുള്ള പുതിയ ചാറ്റ്ജി.പി.ടിയെ മുൻപത്തെ പതിപ്പിൽ നിന്ന് പ്രധാനമായും വ്യത്യസ്തനാക്കുന്നത്, നമ്മൾ ചോദിക്കുന്ന കാര്യം എത്ര സങ്കീർണമായാലും എ.ഐ ചാറ്റ്ബോട്ട് വളരെ കൃത്യമായ ഉത്തരം നൽകും എന്നുള്ളതാണ്. സര്‍ഗ്ഗാത്മകവും സാങ്കേതികവുമായ എഴുത്തുകളോട് പോലും സംവദിക്കാൻ ചാറ്റ്ബോട്ടിന് കഴിയും. 

കൂടാതെ വാക്കുകൾക്കൊപ്പം ചിത്രങ്ങളിലെ ഒബ്ജക്റ്റുകൾ തിരിച്ചറിയാനും അവയെ വിശകലനം ചെയ്യാനും ചിത്രങ്ങൾ ഇൻപുട്ടുകളായി ഉപയോഗിക്കാനും അവയിൽ നിന്ന് ഉള്ളടക്കം സൃഷ്ടിക്കാനും ജി.പി.ടി-4ന് സാധിക്കും.


GPT-3.5-ന് ഏകദേശം 3,000 പദങ്ങളിൽ മാത്രമേ പ്രതികരണങ്ങൾ നൽകാൻ കഴിഞ്ഞിരുന്നുള്ളൂ. അതേസമയം GPT-4 ന് 25,000 വാക്കുകളിൽ വലിയ പ്രതികരണങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഇത്തരം പുതിയ കഴിവുകളുള്ള ജി.പി.ടി-4നെ ‘മൾട്ടിമോഡൽ’ എന്നാണ് ഓപൺഎ.ഐ വിളിക്കുന്നത്.

മുൻഗാമിയെ അപേക്ഷിച്ച് അനുവദനീയമല്ലാത്ത അല്ലെങ്കിൽ മോശപ്പെട്ട ഉള്ളടക്കത്തിനുള്ള അഭ്യർത്ഥനകളോട് GPT-4 പ്രതികരിക്കാനുള്ള സാധ്യത 82% കുറവാണ്, കൂടാതെ വസ്തുതാപരമായ പരിശോധനയിൽ പഴയ പതിപ്പിനേക്കാൾ 40% മികച്ച ഫലങ്ങളും ജി.പി.ടി-4 നൽകി.

ഡെവലപ്പർമാരെ അവരുടെ AI യുടെ ശൈലിയും വാചാടോപവും തീരുമാനിക്കാനും ഇത് അനുവദിക്കും. ചാറ്റ്ജി.പി.ടിയുടെ മുൻ പതിപ്പിന് ഒരു നിശ്ചിത സ്വരവും ശൈലിയും ഉണ്ടായിരുന്നു. എന്നാൽ, GPT-4 ന് ഒരു സോക്രട്ടിക് ശൈലിയിലുള്ള സംഭാഷണം സ്വീകരിക്കാനും ചോദ്യങ്ങളോട് പ്രതികരിക്കാനും കഴിയും. ചാറ്റ്ജി.പി.ടി ഉപയോക്താക്കൾക്ക് ഉടൻ തന്നെ ചാറ്റ്ബോട്ടിന്റെ ടോണും പ്രതികരണ ശൈലിയും അവരുടെ ഇഷ്ടാനുസരണം മാറ്റാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കുമെന്നും ഓപൺഎ.ഐ അറിയിച്ചുകഴിഞ്ഞു.

അതേസമയം, ജി.പി.ടി-4 ന്റെ കഴിവുകള്‍ ഇപ്പോള്‍ ചാറ്റ്ജി.പി.ടിയുടെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനായ ചാറ്റ്ജി.പി.ടി പ്ലസിലാണ് ലഭിക്കുക. പ്ലസ് സബ്‌സ്‌ക്രിപ്ഷൻ എടുത്തവർക്ക് chat.openai.com-ലൂടെ ജി.പി.ടി-4 ഉപയോഗിച്ചുനോക്കാം. മൈക്രോസോഫ്റ്റിന്റെ സെർച്ച് എൻജിനായ ബിങ്ങിലും (bing) ജിപിടി-4 പരീക്ഷിക്കുന്നുണ്ട്.

ചാറ്റ്ജി.പി.ടി-4ന് എന്തൊക്കെ ചെയ്യാൻ കഴിയും...?

ചാറ്റ്ജി.പി.ടിയുടെ ഏറ്റവും പുതിയ പതിപ്പ് യു.എസ്. ബാർ പരീക്ഷയിലും ഗ്രാജ്വേറ്റ് റെക്കോർഡ് പരീക്ഷയിലും (ജി.ആർ.ഇ) മുൻഗാമിയെ മറികടന്നിട്ടുണ്ട്. ഓപ്പൺഎ.ഐയുടെ പ്രസിഡന്റ് ഗ്രെഗ് ബ്രോക്ക്മാൻ ജി.പി.ടി-4 ടാക്സ് ഫയൽ ചെയ്യാൻ ഒരാളെ സഹായിച്ചതിന്റെ തെളിവുമായി വന്നത് ഏവരെയും അമ്പരിപ്പിച്ചിട്ടുണ്ട്. അതുപോലെ നിർദേശങ്ങൾ നൽകിയതിനനുസരിച്ച് ഗെയിം ഉണ്ടാക്കിയും പേപ്പറിൽ വരച്ചു നൽകിയ ‘വെബ്സൈറ്റ് രൂപം’ മനസിലാക്കി യഥാർഥ വെബ്സൈറ്റ് സൃഷ്ടിച്ചുമൊക്കെ പുതിയ എ.ഐ ചാറ്റ്ബോട്ട് ഇന്റർനെറ്റ് ലോകത്തെ അമ്പരപ്പിക്കുന്നുണ്ട്.

Tags:    
News Summary - What is Chat GPT-4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.