കോഴിക്കോട്: വിദ്യാർഥികൾക്ക് സുരക്ഷയേകാൻ 'സ്കൂൾ കോപ്' എന്ന ഉപകരണം വികസിപ്പിച്ച് കാലിക്കറ്റ് ഗേൾസ് സ്കൂളിലെ അടൽ ടിങ്കറിങ് ലാബിലെ വിദ്യാർഥിനികൾ. കൈയിൽ വാച്ചുപോലെ ധരിക്കാവുന്നതാണ് ഈ ഉപകരണം. ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ള ജി.പി.എസ് സംവിധാനം ഉപയോഗിച്ച് കുട്ടികളെ വീക്ഷിക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും സാധിക്കും. വിപണിയിൽ അനേകം നിരീക്ഷണ ഉപകരണം ഉണ്ടെങ്കിലും എല്ലാംതന്നെ ഉപകരണത്തിന്റെ ലൊക്കേഷനാണ് നിരീക്ഷിക്കുന്നത്. എന്നാൽ 'സ്കൂൾ കോപ്' പൾസ് സെൻസർ വഴി വ്യക്തിയുടെ ലൊക്കേഷനാണ് നൽകുന്നത്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന മൊബൈൽ നമ്പറിൽ കോൾ ചെയ്താൽ റിസ്റ്റ് ബാൻഡിൽനിന്നും ഒരു മെസേജ് ലിങ്ക് എസ്.എം.എസ് വഴി കാൾ ചെയ്ത വ്യക്തിക്ക് ലഭിക്കുന്നു. ഇതിൽ ക്ലിക്ക് ചെയ്താൽ ജി.പി.എസ് ലൊക്കേഷൻ ലഭിക്കും. മാത്രമല്ല, ഇതിൽ ഉപയോഗിച്ചിരിക്കുന്ന രഹസ്യ നമ്പറിലേക്ക് കാൾ ചെയ്താൽ വിദ്യാർഥികളെ കണ്ടെത്താൻ സാധിക്കും. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തടയാനടക്കം സഹായമാവുന്ന ഉപകരണമാണിത്.
വിദ്യാർഥിനികളായ വി. നഷ്മിയ അഷ്റഫ്, സി.എം. ബുഷ്റ, എ.ടി. ഫാത്തിമ മെഹറിൻ എന്നിവർ ചേർന്നാണ് ഉപകരണം തയാറാക്കിയത്. എ.ടി.എൽ എൻജിനീയറിങ് ഫാക്കൽറ്റി കെ. നിധിൻ വിദ്യാർഥികൾക്കാവശ്യമായ മാർഗനിർദേശങ്ങൾ നൽകി. ഈ പ്രോജക്ട് നിതി ആയോഗ് 2019 ദേശീയ തലത്തിൽ സംഘടിപ്പിച്ച എ.ടി.എൽ മാരത്തണിൽ മികച്ച 150 പ്രോജക്ടുകളിൽ ഇടം പിടിച്ചിരുന്നു. കൂടാതെ ഡെൽ ടെക്നോളജീസും ലേണിങ് ലിങ്ക് ഫൗണ്ടേഷനും നടത്തിയ ഷീകോഡ് ഇന്നവേഷൻ പ്രോഗ്രാമിൽ ഇന്ത്യയിലെ ഏറ്റവും മികച്ച പത്ത് പ്രോജക്ടുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ഇവരുടെ സാങ്കേതിക സഹായത്തോടെയാണ് ഉപകരണത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ഉപകരണത്തിന്റെ പേറ്റന്റിനപേക്ഷിച്ചിരിക്കയാണ് വിദ്യാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.