ബഹിരാകാശത്ത് ആദ്യമായി പൂവിരിഞ്ഞു

വാഷിങ്ടണ്‍: വിണ്ണിന്‍െറ മുറ്റത്തും പൂവിന്‍െറ ഗന്ധം. ബഹിരാകാശത്ത് ആദ്യമായി പൂവിരിഞ്ഞു. നാസയുടെ പര്യവേഷണ കേന്ദ്രത്തില്‍ വളര്‍ത്തിയ ചെടിയിലാണ് ഭൂമിക്ക് പുറത്ത് ആദ്യമായി പൂവിരിഞ്ഞത്. പൂവിന്‍െറ ചിത്രം നാസ പുറത്തുവിട്ടു. 
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വെജി ലാബിലാണ് സീനിയ ഇനത്തില്‍പെട്ട പൂവിരിഞ്ഞത്. ഓറഞ്ച് നിറത്തിലുള്ള പുഷ്പം നാസ ശാസ്ത്രജ്ഞനായ സ്കോട്ട് കെല്ലിയാണ് ട്വിറ്ററില്‍ പങ്കിട്ടത്. ബഹിരാകാശത്ത് വിരിയുന്ന ആദ്യ പുഷ്പമെന്ന വിശേഷണവും ഇതോടെ സീനിയക്ക് സ്വന്തം. 
ഒരു പുഷ്പം വിരിയുകവഴി ബഹിരാകാശത്തെ പുത്തന്‍ സാധ്യതകളാണ് തെളിഞ്ഞിരിക്കുന്നതെന്ന് നാസ അവകാശപ്പെടുന്നു. ബഹിരാകാശ നിലയത്തിലെ കൃത്രിമ സംവിധാനത്തിലാണ് ചെടി വളര്‍ത്തിയെടുത്തത്. ഭക്ഷ്യയോഗ്യമായ ചെടിയാണ് സീനിയ. സൂര്യപ്രകാശത്തിന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ചുവപ്പ്, നീല, പച്ച നിറങ്ങളിലുള്ള എല്‍.ഇ.ഡി ലൈറ്റുകളാണ് ഉപയോഗിച്ചത്. 
കൃത്രിമമായി സൂര്യപ്രകാശം സൃഷ്ടിച്ച് പൂവിനെ വിരിയിക്കാന്‍ സാധിച്ചതുവഴി കൂടുതല്‍ സസ്യങ്ങളെ ബഹിരാകാശത്ത് വളര്‍ത്താനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. 
പച്ചക്കറികള്‍ അടക്കമുള്ളവ ഇത്തരത്തില്‍ സൃഷ്ടിക്കുകവഴി കൂടുതല്‍ കാലം ഗവേഷകര്‍ക്ക് ബഹിരാകാശത്ത് തുടരാന്‍ അവസരം ലഭിക്കുമെന്നും നാസ പറയുന്നു.

നേരത്തെ ചീര വളര്‍ത്തി
ഇത് രണ്ടാംതവണയാണ് ബഹിരാകാശ നിലയത്തില്‍ ചെടിവളര്‍ത്തുന്നത്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (ഐഎസ്എസ്) നട്ടുനനച്ച് വളര്‍ത്തിയ ലെറ്റിസ് ( ഒരിനം ചീര) കൊണ്ടുണ്ടാക്കിയ സാലഡ് നാസയുടെ ബഹിരാകാശ സംഘം കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ കഴിച്ച് കാണിച്ചിരുന്നു. വെജ് 1 എന്ന പരീക്ഷണത്തിന്‍്റെ ഭാഗമായാണ് ലെറ്റിസ് എന്ന ചീര ബഹിരാകാശ നിലയത്തില്‍ നട്ടത്. പരീക്ഷണാടിസ്ഥാനത്തില്‍ നട്ട ലെറ്റിസ് ഉപയോഗിച്ച് സാലഡ് ഉണ്ടാക്കിയാണ് സ്കോട്ട് കെല്ലിയും കൂട്ടരും ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയത്. നാസയുടെ എക്സ്പെഡിഷന്‍ 44 എന്ന സംഘത്തിലെ സ്കോട്ട് കെല്ലി, ഷെല്‍ ലിന്‍ഡ് ഗ്രെന്‍, കോര്‍ണീന്‍കോ എന്നിവര്‍ക്കാണ് സാലഡ് കഴിക്കാന്‍ ഭാഗ്യം ലഭിച്ചത്. അതിന് മുമ്പ് ബഹിരാകാശത്ത് പച്ചക്കറി വിളവെടുത്തിരുന്നു. 2015 ജൂലൈ 8നാണ് ചീരയുടെ വിത്തുകള്‍ പാകിയത്. അന്നും നീല, പച്ച, ചുവപ്പ് എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിച്ചാണ് പ്രകാശം നല്‍കിയത്. മേയ് 2014 ലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വെജി ലാബ് സ്ഥാപിക്കുന്നത്. ഗുരുത്വാകര്‍ഷണത്തിന്‍്റെ അഭാവത്തില്‍ ചെടികള്‍ എങ്ങനെ വളര്‍ത്തിയെടുക്കാമെന്ന പരീക്ഷണമാണ് അവിടെ നടക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.