ന്യൂയോർക്ക്: കാത്തുകാത്തിരുന്ന ആ റിപ്പോർട്ട് പുറത്തു വന്നപ്പോൾ കടുത്ത നിരാശയിൽ ലോകം. ആകാശത്ത് തിരിച്ചറിയാത്ത വിധം പറന്നുനടന്നതെല്ലാം എന്താണ് എന്നതിൽ ഒരു തീർപ്പുണ്ടാകുമെന്നായിരുന്നു ഇതുവരെയുള്ള പ്രതീക്ഷ. എന്നാൽ, അതുണ്ടായില്ല. അതേസമയം, ഒരു കാര്യം ഉറപ്പിച്ചു. എന്തൊക്കെയോ പറന്നുനടക്കുന്നുണ്ട്. അതെല്ലാം ഉള്ളതുതന്നെ. ഇതെല്ലാം അന്യഗ്രഹ ജീവിയോ, തിരിച്ചറിയാത്ത വ്യോമ പ്രതിഭാസമോ(യു.എ.പി) എന്നൊന്നും ഇപ്പോഴും ഉറപ്പിച്ചു പറയാൻ കഴിയില്ല. അതിൽ ഇനിയും സൂക്ഷ്മനിരീക്ഷണവും പരിശോധനയും വേണം -പെൻറഗൺ വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി.
2017 മുതലുളള അന്വേഷണത്തിനൊടുവിലാണ് അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെൻറഗൺ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. അമേരിക്കൻ നാവികരും വൈമാനികരും പല ഘട്ടങ്ങളിലായി ആകാശത്ത് നേരിട്ടു കണ്ടു എന്ന് അവകാശപ്പെടുന്ന പറക്കുംതളിക പോലുള്ളവ എന്താണെന്ന് അന്വേഷിക്കണമെന്ന് യു.എസ് കോൺഗ്രസ് തന്നെയാണ് പെൻറഗണിനോട് ആവശ്യപ്പെട്ടിരുന്നത്. തിരിച്ചറിയാത്ത വ്യോമ പ്രതിഭാസം (യു.എ.പി)സംബന്ധിച്ച 144 റിപ്പോർട്ടുകളാണ് പരിശോധിച്ചത്. ഇതിൽ ഒരെണ്ണമാണ് അന്വേഷകർക്ക് വിശദീകരിക്കാൻ കഴിഞ്ഞത്. അതിങ്ങനെയാണ്: ഇത് അന്യഗ്രഹ ജീവിയല്ല, റഷ്യയോ ചൈനയോ അയക്കുന്ന ഏറ്റവും ആധുനിക ചാര ഉപകരണങ്ങളുമല്ല -റിപ്പോർട്ടിൽ പറഞ്ഞു.
അതേസമയം, കണ്ടു എന്ന് പറയുന്നതെല്ലാം യഥാർഥ ഉപകരണങ്ങൾ തന്നെയാണ്. ഇവ പലതും വൈമാനികർക്കുമുന്നിൽ അപകടഭീഷണി ഉയർത്തുകയും ചെയ്തിട്ടുണ്ട്. ചില യു.എ.പികൾ നിശ്ചലമായാണ് കാണപ്പെട്ടത്. മറ്റു ചിലത് ചലിക്കുന്നവയും. റഡാറുകൾ, ഇലക്ട്രോ-ഒപ്റ്റിക്കൽ യുദ്ധോപകരണങ്ങൾ, സെൻസറുകൾ എന്നിവക്കു മുന്നിലും അജ്ഞാത പറക്കും ഉപകരണങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇവയെപ്പറ്റി
അന്തിമ തീർപ്പുണ്ടായാൽതന്നെ അഞ്ചു കാര്യങ്ങളിലൊന്നായിരിക്കും അത്. 1. വായുവിൽ സ്വയം രൂപപ്പെടുന്ന മാലിന്യം 2. സ്വാഭാവിക പ്രകൃതി പ്രതിഭാസം 3. വ്യവസായ പദ്ധതികളുടെ ഭാഗമായ ഉപകരണങ്ങൾ 4. വിദേശ ഉപകരണങ്ങൾ 5. ഇതൊന്നുമല്ലാത്ത വേറെന്തോ (അന്യഗ്രഹ ജീവിയെന്ന് കരുതാവുന്നത്) എന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.