കാലാവസ്ഥാ വ്യതിയാനമോ? 'ഷേപ്പ് ഞാൻ മാറ്റിക്കളയും'

സിഡ്നി: കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാൻ ജീവിവർഗങ്ങൾ ശരീര ആകൃതിയിൽ മാറ്റം വരുത്തുന്നതായി പഠനം. ഓസ്ട്രേലിയയിലെ ഡീകിൻ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. പക്ഷികൾ വലിയ വാലുകൾ, കൊക്കുകൾ എന്നിവ കൈവരിച്ചും മറ്റ് ജീവികൾ ചെവികൾ വലുതാക്കിയും അന്തരീക്ഷ താപനിലയിലെ വർധനവിനെ നേരിടുകയാണെന്നാണ് ഇവരുടെ കണ്ടെത്തൽ.

ഉഷ്ണരക്ത ജീവികളാണ് കൊക്കിന്‍റെയും വാലിന്‍റെയും ചെവികളുടെയും വലിപ്പം വർധിപ്പിക്കുന്നത്. ഇതുവഴി ശരീരതാപം കൂടുതൽ ഫലപ്രദമായി പുറന്തള്ളാനാകും.

കാലാവസ്ഥാ മാറ്റം ജന്തുക്കളിൽ വലിയ ആഘാതമുണ്ടാക്കുന്നതായി പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകയായ സാറ റെയ്ഡിങ് ചൂണ്ടിക്കാട്ടുന്നു. പരിണാമത്തിന്‍റെ ഭാഗമായുള്ള മാറ്റം സംഭവിക്കുന്നതിനേക്കാൾ വളരെ കുറഞ്ഞ കാലയളവുകൊണ്ടാണ് കാലാവസ്ഥാ മാറ്റത്തിന്‍റെ ഭാഗമായുള്ള മാറ്റം സംഭവിക്കുന്നതെന്ന് ഇവർ വ്യക്തമാക്കുന്നു.

ഓസ്ട്രേലിയൻ തത്തയുടെ കൊക്കിന്‍റെ വലിപ്പത്തിൽ 1871ന് ശേഷം 10 ശതമാനം വരെ വർധനവുണ്ടായതായി ഇവർ കണ്ടെത്തി. ഇത് ഓരോ വർഷവും വർധിച്ചുവരുന്ന ചൂടിന് അനുക്രമമായാണ്. വടക്കേ അമേരിക്കയിലെ കരിങ്കണ്ണൻ ജങ്കോസ്, ത്രഷ്, ഗാലപഗോസ് ഫിഞ്ച് എന്നീ പക്ഷികളും കൊക്കിന്‍റെ വലിപ്പം വർധിപ്പിച്ചു.

ഗ്രേറ്റ് റൗണ്ട് ലീഫ് വവ്വാലിന്‍റെ ചിറകിന്‍റെ വലിപ്പമാണ് വർധിച്ചത്. യൂറോപ്യൻ മുയലുകളുടെ ചെവി വലുതായി. ചുണ്ടെലി വിഭാഗത്തിൽപെട്ട മാസ്ക്ഡ് ഷ്രൂവിന്‍റെ വാലും കാലുകളും വലുതായി.

ആകൃതിയിൽ മാറ്റം വരുത്തുന്നതിലൂടെ ജീവികൾ കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുകയാണെന്ന് തെറ്റിദ്ധരിക്കരുതെന്ന് സാറ റെയ്ഡിങ് പറയുന്നു. നിലനിൽപ്പിനായാണ് ഇവ മാറ്റം വരുത്തുന്നത്. ഈ മാറ്റങ്ങളുടെ മറ്റ് പ്രത്യാഘാതങ്ങൾ എന്താണെന്നതിൽ വ്യക്തതയില്ല. എല്ലാ ജീവികൾക്കും ഇത്തരത്തിൽ മാറ്റം വരുത്താനാകുമോയെന്നും വ്യക്തമല്ല -അവർ പറഞ്ഞു. 

Tags:    
News Summary - Animals Shape Shifting To Adapt To Climate Change New Study Shows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.