വാഷിങ്ടൺ: 22 മണിക്കൂറുകൾ... ഈ പ്രപഞ്ചത്തിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ ഏകാകി മൈക്കൽ കോളിൻസ് (90) ഒടുവിൽ ഏകനായി തന്നെ മടങ്ങി. മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച 1969ലെ അപ്പോളോ 11 ദൗത്യത്തിെൻറ പ്രധാന ഭാഗമായെങ്കിലും നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ കാല് കുത്തുേമ്പാൾ നീണ്ട 22 മണിക്കൂറുകൾ ഒറ്റക്ക് ചന്ദ്രനെ ഭ്രമണം ചെയ്യാനായിരുന്നു മൈക്കൽ കോളിൻസിെൻറ നിയോഗം. ചരിത്രത്തിലെ ഏറ്റവും വലിയ ഏകാന്തത അനുഭവിച്ചയാളെന്ന് വിശേഷിപ്പിക്കപ്പെട്ട മൈക്കൽ കോളിൻസ് ഒടുവിൽ ലോകത്തോട് വിടപറഞ്ഞു.
അപ്പോളോ ദൗത്യത്തിൽ മൂന്നുപേരും ഒരുമിച്ചാണ് യാത്ര പുറപ്പെട്ടത്. ചന്ദ്രനിൽ ഇറങ്ങാൻ കോളിൻസിനു സാധിച്ചില്ല. നീൽ ആംസ്ട്രോങ്ങിനെയും എഡ്വിൻ ആൽഡ്രിനെയും വഹിച്ച് ഈഗിൾ താഴേക്കു പുറപ്പെട്ടപ്പോൾ കമാൻഡ് മൊഡ്യൂളായ കൊളംബിയയെ നിയന്ത്രിച്ച് ചന്ദ്രനെ ഭ്രമണം ചെയ്യാനായിരുന്നു കോളിൻസിെൻറ നിയോഗം. അന്ന് 39 വയസ്സായിരുന്നു അദ്ദേഹത്തിന്.
ഇരുവരെയും ചന്ദ്രനിലേക്ക് യാത്രയാക്കിയ കോളിൻസിന് ചന്ദ്രെൻറ വിദൂരവശത്തേക്കു കമാൻഡ് മൊഡ്യൂൾ പോകുമ്പോൾ ഹൂസ്റ്റണിലെ കൺട്രോൾ സെൻററുമായുള്ള ബന്ധം നഷ്ടമായി. അങ്ങനെ പ്രപഞ്ചത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യനായി 22 മണിക്കൂറുകൾ. ഒരു മനുഷ്യനും ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത ഏകാന്തതയുടെ നിമിഷങ്ങൾ. ചാന്ദ്ര യാത്രയിലെ ഏറ്റവും മിടുക്കനെയാണ് കഴിഞ്ഞ ദിവസം ലോകത്തിന് നഷ്ടമായത്.
അപ്പോളോ 11െൻറ ഏറ്റവും നിർണായകമായ ദൗത്യം നിർവഹിച്ചത് കോളിൻസാണ്. ആംസ്ട്രോങ്ങും ആൽഡ്രിനും പുറപ്പെട്ട ലൂണാർ മൊഡ്യൂളിന് എന്തെങ്കിലും അപകടം പറ്റിയാൽ അവരെ രക്ഷിക്കേണ്ട കടമ അദ്ദേഹത്തിനായിരുന്നു. കാരണം പരസഹായമില്ലാതെ പേടകം പറപ്പിക്കാൻ അദ്ദേഹത്തിനു മാത്രമേ കഴിവുണ്ടായിരുന്നുള്ളൂ.
യു.എസ് വ്യോമസേനയിൽ ടെസ്റ്റ് പൈലറ്റായിരുന്ന കോളിൻസ് 1963ലാണ് നാസയിൽ ചേർന്നത്. ആദ്യദൗത്യം ജെമിനി 10 ആയിരുന്നു. ചരിത്ര യാത്രയുടെ ഭാഗമായവരിൽ നീൽ ആംസ്ട്രോങ് 2012ൽ ലോകത്തോട് യാത്ര പറഞ്ഞു. ഇപ്പോൾ കോളിൻസും. ഇനി എഡ്വിൻ ആൽഡ്രിൻ മാത്രം ബാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.