ടെക്സാസ്: ബഹിരാകാശ സഞ്ചാരികളുമായി ചൊവ്വയിലേക്കും ചന്ദ്രനിലേക്കും പറക്കാൻ ലക്ഷ്യമിട്ട് ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്പേസ് എക്സ് നിർമിക്കുന്ന സ്റ്റാർഷിപ്പിന്‍റെ പരീക്ഷണ പറക്കൽ ഭാഗികമായി വിജയിച്ചു. 10 കിലോ മീറ്റര്‍ ഉയരത്തില്‍നിന്നു ഭൂമിയില്‍ തിരികെയിറക്കാനുള്ള പരീക്ഷണമായിരുന്നു സ്പേസ് എക്സ് നടത്തിയത്. റോക്കറ്റ് തിരികെ ഇറക്കിയെങ്കിലും വിജയം പ്രഖ്യാപിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് പൊട്ടിത്തെറിക്കുകയായിരുന്നു.
സ്റ്റാർഷിപ്പിന്‍റെ എസ്.എൻ 10 പ്രോടോ ടൈപ്പ് എന്തുകൊണ്ടാണ് പൊട്ടിത്തെറിച്ചതെന്നും, അല്ലെങ്കിൽ മനഃപ്പൂർവ്വം ചെയ്തതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. എസ്എൻ 10 അതിന്‍റെ ലാൻഡിങ് പാഡിലേക്കിറങ്ങി, പതുക്കെ ലക്ഷ്യ സ്ഥാനം തൊട്ടെങ്കിലും വശത്തേക്ക് ചെറുതായി ചാഞ്ഞതിന് പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു.
ദൗത്യം വിജയകരമായതിന്‍റെ സൂചന നൽകിക്കൊണ്ട് 'സ്റ്റാർഷിപ്പ് SN10 ഒറ്റ കഷ്ണമായി ലാൻഡ് ചെയ്തെന്ന്' ഇലോൺ മസ്ക് ആദ്യം ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ, 'ആർ.ഐ.പി SN10, ഹോണറബ്ൾ ഡിസ്ചാർജ്' എന്നും ട്വീറ്റ് ചെയ്തു. അതേസമയം, റോക്കറ്റിന്‍റെ നാല് എയറോഡൈനാമിക് ഫ്ലാപ്പുകളുടെ കമ്പ്യൂട്ടർ നിയന്ത്രിത ചലനങ്ങൾ ലാൻഡിങ്ങിന് മുമ്പായി പ്രദർശിപ്പിക്കലായിരുന്നു ലോഞ്ച് ടെസ്റ്റിന്‍റെ ലക്ഷ്യമെന്ന് സ്പേസ് എക്സ് പറഞ്ഞു.
Live feed of Starship SN10 flight test → https://t.co/Hs5C53qBxb https://t.co/Au6GmiyWN8
— SpaceX (@SpaceX) March 3, 2021
നേരത്തെ സ്റ്റാർഷിപ്പിന്‍റെ എസ്.എൻ 8, എസ്.എൻ 9 പ്രോട്ടോ ടൈപ്പുകളുടെ ലാൻഡിങ് പരീക്ഷണങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടിരുന്നു. പരീക്ഷണ പറക്കലിന് ശേഷം ഭൂമിയിൽ ഇറക്കാനുള്ള ശ്രമങ്ങൾക്കിടെ രണ്ട് പേടകവും താഴെ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. ഇത്തവണ ലോഞ്ച് പാഡിൽ തന്നെ കൃത്യമായി സ്റ്റാർഷിപ്പിനെ ഇറക്കാൻ സാധിച്ചെന്നാണ് സ്പേസ് എക്‌സിന്‍റെ അവകാശവാദം. എന്നാൽ, താഴെയിറങ്ങി അൽപ്പസമയത്തിനകം പൊട്ടിത്തെറിച്ചു.
മനുഷ്യനെ ചൊവ്വയിലേക്ക് കൊണ്ടുപോകാനുള്ള സ്‌പേസ് എക്‌സിന്‍റെ ബഹിരാകാശ പേടകമാണ് സ്റ്റാർഷിപ്പ്. അവിടേക്കുള്ള മനുഷ്യന്‍റെ യാത്രക്ക് ഏറ്റവും അനുയോജ്യമായ രീതിയിലുള്ള രൂപകൽപ്പന കണ്ടെത്താൻ കമ്പനി വർഷങ്ങളായി പ്രോട്ടോടൈപ്പുകളിൽ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.