11ാം വയസില്‍ ഫിസിക്‌സില്‍ ബിരുദം നേടി അത്ഭുതമാവുകയാണ് ലോറന്റ് സിമോണ്‍സ് എന്ന വിദ്യാര്‍ഥി. യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തിലെ ഓസ്‌റ്റെന്‍ഡില്‍ നിന്നുള്ള ഈ മിടുക്കന്‍ ആന്റ്വേര്‍പ് സര്‍വകലാശാലയില്‍ നിന്നാണ് ചെറിയ പ്രായത്തില്‍ തന്നെ ബിരുദം നേടിയത്. അതും ഫിസിക്‌സില്‍. ലോകത്തെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ബിരുദം നേടുന്ന രണ്ടാമത്തെയാളായിരിക്കുകയാണ് സിമോണ്‍സ്.
ചെറുപ്പം മുതല്‍ക്കേ അത്യപൂര്‍വ ബുദ്ധിവൈഭവം കാട്ടിയിരുന്നു സിമോണ്‍സ്. 145 ആണ് കുട്ടിയുടെ ഐ.ക്യു. സാധാരണഗതിയില്‍ മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന ഫിസിക്‌സ് ബിരുദ കോഴ്‌സ് പഠിച്ച് പാസ്സാകാന്‍ വെറും ഒരു വര്‍ഷം മാത്രമാണ് സിമോണ്‍സിന് വേണ്ടിവന്നത്.
പ്രായം കുറഞ്ഞയാളെന്ന വിശേഷണമൊന്നും തന്നെ ബാധിക്കുന്നില്ലെന്നാണ് സിമോണ്‍സ് ഡച്ച് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അറിവ് നേടിയെടുക്കുക എന്നതിന് മാത്രമാണ് പ്രാധാന്യം.
മരണത്തെ അതിജീവിച്ച് അനശ്വരത നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് സിമോണ്‍സ് പറയുന്നു. ശരീരഭാഗങ്ങള്‍ക്ക് പകരമായി പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ വികസിപ്പിച്ച് അമര്‍ത്യത നേടുകയാണ് ലക്ഷ്യം. അതിനുള്ള പദ്ധതി മനസിലുണ്ട്. നിങ്ങള്‍ക്കതിനെ ഒരു തമാശയായി കാണാനാകും. എന്നാല്‍, ഏറ്റവും ചെറിയ പദാര്‍ത്ഥങ്ങളെ കുറിച്ച് പഠിക്കുന്ന ക്വാണ്ടം ഫിസിക്‌സാണ് ആ തമാശയുടെ ആദ്യ പടി -ആത്മവിശ്വാസത്തോടെ ഈ 11കാരന്‍ പറയുന്നു.
ലോകത്തെ ഏറ്റവും മികച്ച പ്രഫസര്‍മാരുടെ കൂടെ പ്രവര്‍ത്തിക്കുകയെന്നതാണ് എന്റെ ആഗ്രഹം. അവരുടെ തലച്ചോര്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു, എങ്ങിനെ ചിന്തിക്കുന്നു എന്നത് എനിക്ക് മനസ്സിലാക്കണം -ലോറന്റ് സിമോണ്‍സ് പറയുന്നു.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസം വെറും ഒന്നരവര്‍ഷം കൊണ്ടാണ് സിമോണ്‍സ് പൂര്‍ത്തിയാക്കിയത്. എട്ടാം വയസ്സിലാണ് ഹൈസ്‌കൂള്‍ ഡിപ്ലോമ നേടിയത്. ഇതിന് പിന്നാലെ മെക്കാനിക്‌സിലേക്കും ക്വാണ്ടം ഫിസിക്‌സിലേക്കും സിമോണ്‍സിന്റെ ശ്രദ്ധ തിരിയുകയായിരുന്നു. ഇപ്പോള്‍ ഈ പഠനത്തിന് മാത്രമാണ് താന്‍ ശ്രദ്ധ നല്‍കുന്നതെന്ന് 11കാരന്‍ പറയുന്നു. തന്റെ ലക്ഷ്യം എന്നെങ്കിലും യാഥാര്‍ഥ്യമാക്കാനാകും എന്ന ആത്മവിശ്വാസത്തോടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.