ബംഗളൂരു: കോവിഡ് പ്രതിസന്ധിക്കിടെയുള്ള വെല്ലുവിളികൾ അതിജീവിച്ച് ഇന്ത്യയിൽനിന്നുള്ള ഈ വർഷത്തെ ആദ്യത്തെ ഉപഗ്രഹവിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഐ.എസ്.ആർ.ഒ. അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ് - 01നെയും ഒമ്പത് വിദേശ ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ട് ശനിയാഴ്ച വൈകീട്ട് 3.12ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണ തറയിൽനിന്ന് കുതിച്ചുയർന്ന പി.എസ്.എൽ.വി- സി- 49 പതിനഞ്ച് മിനിറ്റിനുള്ളിൽ ഇ.ഒ.എസ് -01നെ വിജയകരമായി ഭൂ ഭ്രമണപഥത്തിലെത്തിച്ചു.
തുടർന്ന് ആറു മിനിറ്റിനുള്ളിൽ മറ്റു ഒമ്പതു ഉപഗ്രഹങ്ങളും നിശ്ചയിച്ച ഭ്രമണപഥത്തിെലത്തിച്ചു. കനത്ത ഇടിയോടെയുള്ള മഴയെ തുടർന്ന് വിക്ഷേപണത്തിന് 15 മിനിറ്റ് മുമ്പ് കൗണ്ട് ഡൗൺ നിർത്തിവെച്ചതോടെ 3.02ന് നിശ്ചയിച്ച വിക്ഷേപണം പത്തു മിനിറ്റ് വൈകിയാണ് നടന്നത്.
ജനുവരിയിൽ ഐ.എസ്.ആർ.ഒയുടെ വാർത്താവിനിമയ ഉപഗ്രഹമായ 'ജിസാറ്റ് -30' ഫ്രഞ്ച് ഗയാനയിൽനിന്നായിരുന്നു വിക്ഷേപിച്ചത്. പി.എസ്.എൽ.വിയുടെ 51ാം ദൗത്യവും ശ്രീഹരിക്കോട്ടയിൽനിന്നുള്ള ഈ വർഷത്തെ ആദ്യത്തെയും വിക്ഷേപണമാണ് വിജയകരമായി പൂർത്തിയായത്.
എല്ലാ കാലാവസ്ഥയിലും കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ പകർത്താൻ കഴിയുന്ന റിസാറ്റ് ശ്രേണിയിൽപെട്ട അത്യാധുനിക ഉപഗ്രഹമാണ് എക്സ് ബാൻഡ് സിന്തറ്റിക് റഡാറോടുകൂടിയ ഇ.ഒ.എസ്- 01 (എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.