100 കിലോമീറ്റർ നീളവും 370 കിലോമീറ്റർ വീതിയുമുള്ള ഒരു വാൽനക്ഷത്രത്തെ കുറിച്ച് ആലോചിച്ച് നോക്കൂ. ഇത്രയും കാലം സൗരയൂഥത്തിൽ കാണപ്പെട്ടതിനേക്കാളൊക്കെ വലിപ്പമേറിയ ഒരു വാൽനക്ഷത്രമാണിത്. പേര്-C/2014 യു.എൻ 271. സൂര്യനു സമീപത്തേക്ക് ഇത് എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. നിലവിൽ ഇത് ശനി ഗ്രഹത്തിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്. 2031ൽ വാൽനക്ഷത്രം സൂര്യന് ഏറ്റവും അടുത്തെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഭൂമിയിലേക്ക് പതിക്കാൻ സാധ്യതയില്ലാത്തതിനാൽ ഒരു തരത്തിലുള്ള അപകടഭീഷണിയും ഈ വാൽനക്ഷത്രം ഉയർത്തുന്നില്ലെന്ന് ശാസ്ത്രസമൂഹം പറയുന്നു. 2031 ജനുവരി 23ന് ഭൂമിക്ക് ഏറ്റവും അരികിലൂടെ കടന്നുപോകാൻ ഇടയുള്ളതിനാൽ അന്ന് ടെലിസ്കോപിലൂടെ വാൽനക്ഷത്രത്തെ കാണാനാകും.
ഈ പത്ത് വർഷത്തിനിടെ ഈ വാൽനക്ഷത്രത്തെ സംബന്ധിച്ച പഠനങ്ങൾ ഊർജിതമാക്കാമെന്ന പ്രതീക്ഷയും ശാസ്ത്രജ്ഞർ വെച്ചുപുലർത്തുന്നു. സൗരയൂഥത്തിന്‍റെ പുറംമേഖലയായ ഊർട്ട് ക്ലൗഡിൽ നിന്നാണു C/2014 യു.എൻ 271ന്‍റെ വരവ്. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലുത് ആയതിനാൽ ഇതിനെ മെഗാ കോമറ്റ് എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. ഈ പതിറ്റാണ്ടിന്‍റെ വാൽനക്ഷത്രമായും ഇതിനെ ശാസ്ത്രജ്ഞർ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതുവരെ ഭൂമിയിൽ നിന്നു ദൃശ്യമായതും ഫോട്ടോയെടുത്തിട്ടുള്ളതുമായ വാൽനക്ഷത്രങ്ങളിൽ ഏറ്റവും വലുത് ഹാലി–ബോപ്പ് എന്ന വാൽനക്ഷത്രമാണ്. 1996ൽ കണ്ടെത്തപ്പെട്ട ഇതിന്‍റെ മൂന്നിരട്ടി വലിപ്പമുണ്ട് ഈ മെഗാ കോമറ്റിന്. ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുേമ്പാൾ വലിയ ശക്തിയുള്ള ടെലിസ്കോപ്പുകൾ ഉപയോഗിച്ച് ഈ വാൽനക്ഷത്രത്തിന്‍റെ ചിത്രമെടുക്കാമെന്ന പ്രതീക്ഷയിലാണു ശാസ്ത്രജ്ഞർ.
2014 ഒക്ടോബറിൽ യു.എസിലെ പെൻസിൽവേനിയ സർവകലാശാലയിലെ ശാസ്ത്രജ്ഞരായ പെഡ്രോ ബെർണാഡിനെല്ലി, ഗാരി ബേൺസ്റ്റീൻ എന്നിവരാണ് ഇതിനെ കണ്ടെത്തിയത്. ഇവരുടെ പേരിൽ കൂടി ഈ വാൽനക്ഷത്രം അറിയപ്പെടുന്നുണ്ട്. കണ്ടെത്തുേമ്പാൾ സൂര്യനിൽ നിന്ന് 29 എ.യു അഥവാ ആസ്ട്രോണമിക്കൽ യൂണിറ്റ് (4.3 ബില്യൺ കിലോമീറ്റർ) അകലെയായിരുന്നു ഇത്. സൂര്യനിൽ നിന്ന് ഒരു ആസ്ട്രോണമിക്കൽ യൂണിറ്റ് അകലത്തിലാണു ഭൂമി സ്ഥിതി ചെയ്യുന്നത് എന്ന് പറയുേമ്പാൾ ഈ ദൂരത്തെ കുറിച്ച് ഒരു ധാരണ ലഭിക്കും.
ജൂൺ 27ന് ചിലിയിലെ കെർറോ ടെലോലോ ഇൻറർ അമേരിക്കൻ വാനനിരീക്ഷണ കേന്ദ്രത്തിൽനിന്ന് വാൽനക്ഷത്രത്തിന്‍റെ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. സതർലൻഡ്, നമീബിയ എന്നിവിടങ്ങളിലെ വാനനിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നും C/2014 യു.എൻ 271ന്‍റെ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. നിലവിൽ സൂര്യനിൽ നിന്ന് 20.2 ആസ്ട്രോണമിക്കൽ യൂണിറ്റ് (3 ബില്യൺ കിലോമീറ്റർ) അകലെയാണ് ഇത്.
സൗരയൂഥത്തിന്‍റെ പുറംമേഖലയായ ഊർട്ട് ക്ലൗഡിൽ നിന്ന് വരുന്നതിനാൽ C/2014 യു.എൻ 271നെ നിരീക്ഷിച്ച് ആ മേഖലയിലെ പഠനങ്ങൾ കൂടി അവസരമൊരുങ്ങുമെന്ന പ്രതീക്ഷയും ശാസ്ത്രലോകത്തിനുണ്ട്. സൗരയൂഥത്തിന്‍റെ രൂപവത്കരണം സംഭവിച്ചുകഴിഞ്ഞപ്പോഴുള്ള അവശിഷ്ടങ്ങളാണു ഊർട്ട് ക്ലൗഡിൽ സ്ഥിതി ചെയ്യുന്നത്. സൗരയൂഥത്തിന്‍റെ അതിർത്തിയെന്നൊക്കെ വേണമെങ്കിൽ ഊർട്ട് ക്ലൗഡിനെ വിശേഷിപ്പിക്കാം. സൂര്യനിൽ നിന്ന് ഒരു പ്രകാശവർഷമകലെ തുടങ്ങുന്ന മേഖല, സൂര്യനും അടുത്ത നക്ഷത്രമായ പ്രോക്സിമ സെഞ്ച്വറിയും തമ്മിലുള്ള ദൂരത്തിന്‍റെ മൂന്നിലൊന്നു വരെ വ്യാപിച്ചു നിൽക്കുന്നു. തണുത്തുറഞ്ഞ ജലം, അമോണിയ, മീഥെയ്ൻ എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നെന്നാണു ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.