ബംഗളൂരു: ബഹിരാകാശ മേഖലയിൽ അടുത്ത അഞ്ചുവർഷത്തിനിടെ പതിനായിരം കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ട് ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻ.എസ്.ഐ.എൽ).
ഇന്ത്യൻ ബഹിരാകാശ മേഖലയിൽ സ്വകാര്യ മേഖലക്ക് അവസരമൊരുക്കുന്നതിനായി രൂപവത്കരിച്ച പൊതുമേഖല സ്ഥാപനമാണ് എൻ.എസ്.ഐ.എൽ. സ്വന്തമായി ഉപഗ്രഹ വിക്ഷേപണം ഉൾപ്പെടെ ലക്ഷ്യമിട്ടാണ് എൻ.എസ്.ഐ.എൽ വിപുലീകരണത്തിനൊരുങ്ങുന്നത്.
2019 മാർച്ച് ആറിന് നിലവിൽവന്ന പൊതുമേഖല കമ്പനി ഐ.എസ്.ആർ.ഒയുടെ വിദൂര സംവേദന ഉപഗ്രഹങ്ങളും വാർത്താവിനിമയ ഉപഗ്രഹങ്ങളും ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ബഹിരാകാശ വകുപ്പുമായി ചർച്ച നടത്തിവരുകയാണ്.
അടുത്ത വർഷം മുതൽ ഒാരോ വർഷവും 2,000 കോടി നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അഞ്ചുവർഷം ഇത് തുടരുമെന്നും ഈ കാലയളവിലേക്കായി 300ഒാളം മാനവവിഭവശേഷി ആവശ്യമാണെന്നും ന്യൂ സ്പേയ്സ് ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ജി. നാരായണൻ,എക്സിക്യൂട്ടീവ് ഡയറക്ടർ രാധാകൃഷ്ണൻ ദുരൈരാജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒാഹരിയിലൂടെയും വായ്പയിലൂടെയുമായിരിക്കും പണം കണ്ടെത്തുക. 2021-22 ബജറ്റിൽ കേന്ദ്ര സർക്കാർ 700 കോടിയാണ് എൻ.എസ്.ഐ.എല്ലിനായി വകയിരുത്തിയിട്ടുള്ളത്. നാലോളം വിദേശ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിെൻറ കരാർ ഇതിനോടകം എൻ.എസ്.ഐ.എല്ലിന് ലഭിച്ചിട്ടുണ്ട്. ഈ വർഷം സ്വകാര്യ മേഖലയിലെ വിക്ഷേപണങ്ങൾക്കും നേതൃത്വം നൽകും.
എൻ.എസ്.ഐ.എല്ലുമായി കരാറിലുള്ള സ്വകാര്യ കമ്പനികൾക്കായി ഐ.എസ്.ആർ.ഒയുടെ വാർത്താവിനിമയ ഉപഗ്രഹങ്ങൾ ഉൾപ്പെടെ ഏറ്റെടുത്ത് വിക്ഷേപിക്കുന്നതിനുള്ള ചർച്ചയും നടക്കുന്നുണ്ട്. ടാറ്റ സ്കൈയുടെ ഡി.ടി.എച്ച് സേവനങ്ങൾക്കായി ഏരിയൻസ്പേയ്സിെൻറ റോക്കറ്റിൽ ഐ.എസ്.ആർ.ഒയുടെ ജിസാറ്റ്-24 ഈ വർഷം ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് വിക്ഷേപിക്കുമെന്നാണ് റിപ്പോർട്ട്.
ഇതിനിടെ, കോവിഡ് പ്രതിസന്ധിക്കുശേഷം ഈ വർഷം കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നത്. ഗഗൻയാൻ ദൗത്യത്തിലെ ആളില്ലാത്ത പരീക്ഷണ വിക്ഷേപണം ഉൾപ്പെടെ ഏഴോളം വിക്ഷേപണമായിരിക്കും ഈ വർഷമുണ്ടാകുക. കൂടാതെ മൂന്നു ഭൗമ നിരീക്ഷണ ഉപഗ്രഹം, വിദൂര സംവേദന ഉപഗ്രഹം, വാണിജ്യ വിക്ഷേപണം, ഗതിനിയന്ത്രണ ഉപഗ്രഹം എന്നിവയായിരിക്കും വിക്ഷേപിക്കുക.
ആറു വിക്ഷേപണങ്ങൾക്കുശേഷം ഡിസംബറിലായിരിക്കും ഗഗൻയാെൻറ പരീക്ഷണ വിക്ഷേപണം. സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ആദിത്യ-എൽ- ഒന്നിെൻറ വിക്ഷേപണം ഈ വർഷമുണ്ടാകില്ല.
സൂര്യനിലേക്കുള്ള വിക്ഷേപണത്തിന് അനുയോജ്യമായ സമയം (ലോഞ്ച് വിൻഡോ) അടുത്തവർഷം മാത്രമെ ലഭിക്കുകയുള്ളുവെന്നതിനാലാണ് വിക്ഷേപണം മാറ്റിവെച്ചതെന്നും ഈ വർഷം മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ ദൗത്യത്തിനായിരിക്കും പ്രഥമ പരിഗണനയെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.