ബംഗളൂരു: ഒറ്റ വിക്ഷേപണത്തിൽ ഒന്നിലധികം ഉപഗ്രഹങ്ങൾ വ്യത്യസ്ത ഭ്രമണപഥത്തിലെത്തിക്കാൻ രാജ്യത്തിന് കഴിയുമെന്ന് വീണ്ടും ഐ.എസ്.ആർ.ഒ ലോകത്തിന് കാണിച്ചുകൊടുത്തു. വിദേശരാജ്യങ്ങളുടെ ഉൾപ്പെടെ 31 ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക് കുതിച്ച പി.എസ്.എൽ.വി സി-38െൻറ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് േകന്ദ്രത്തിൽനിന്ന് വെള്ളിയാഴ്ച രാവിലെ 9.29നായിരുന്നു വിക്ഷേപണം.
ഇന്ത്യയുടെ കാവൽകണ്ണുകളെന്ന് വിശേഷിപ്പിക്കുന്ന കാർട്ടോസാറ്റ് -രണ്ട് സീരീസിലെ ആറാമത്തെ ഉപഗ്രഹവും 29 വിദേശ ഉപഗ്രഹങ്ങളും വഹിച്ചാണ് വിശ്വസ്ത വാഹനമായ പി.എസ്.എൽ.വി കുതിച്ചുയർന്നത്. പറന്നുയർന്ന് 16 മിനിറ്റിനുശേഷം കോർട്ടോസാറ്റ് റോക്കറ്റിൽനിന്ന് വേർപെട്ട് താൽക്കാലിക ഭ്രമണപഥത്തിലെത്തി. വീണ്ടും കുതിച്ചുപൊങ്ങിയ റോക്കറ്റ് 30 നാനോ ഉപഗ്രഹങ്ങളെയും വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ഭൗമനിരീക്ഷണത്തിനുള്ള ഉപഗ്രഹത്തിന് 712 കിലോയാണ് ഭാരം. ഭൂമിയിലെ 65 സെൻറിമീറ്റർവരെ അടുത്തുള്ള സ്ഥലങ്ങളുടെ കൃത്യമായ ചിത്രവും ദൃശ്യങ്ങളും ഉപഗ്രഹത്തിലെ കാമറകൾ പകർത്തും.
നൂതന കാമറകൾ ഉള്ളതിനാൽ ആകാശം മേഘാവൃതമായാൽപോലും ചിത്രങ്ങളെടുക്കാൻ കോർട്ടോസാറ്റ് ഉപഗ്രങ്ങൾക്ക് കഴിയും. ദുരന്തനിവാരണം, കാലാവസ്ഥ പ്രവചനം എന്നിവക്കും പ്രയോജനപ്പെടും. പാകിസ്താനെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് വിവരങ്ങൾ നൽകിയത് കോർട്ടോസ്റ്റാറ്റാണ്. അതിർത്തിയിലെ ചെറിയ നീക്കങ്ങൾപോലും ഒപ്പിയെടുക്കാൻ കഴിയുന്ന ഹൈ റെസൊല്യൂഷനുള്ള ഒരു പാൻക്രൊമാറ്റിക് കാമറയാണ് കോർട്ടോസാറ്റിലെ പേലോഡ്. രണ്ടു മൾട്ടി സ്പെക്ട്രൽ കാമറകളുമുണ്ട്.
ഓസ്ട്രിയ, ബെൽജിയം, ചിലി, ചെക് റിപ്പബ്ലിക്, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ലാത്വിയ, ലിത്വാനിയ, സ്ലോവാക്യ, യു.കെ, യു.എസ് എന്നീ രാജ്യങ്ങളുടെ 29 നാനോ ഉപഗ്രഹങ്ങളും കന്യാകുമാരി ജില്ലയിലെ നൂറുൽ ഇസ്ലാം യൂനിവേഴ്സിറ്റി നിർമിച്ച 15 കിലോ ഭാരമുള്ള നിയുസാറ്റുമാണ് കോർട്ടോസാറ്റിനൊപ്പം പറന്നുയർന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഒറ്റവിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു ഐ.എസ്.ആർ.ഒ ലോക റെക്കോഡ് സ്വന്തമാക്കിയിരുന്നു. ഐ.എസ്.ആർ.ഒ ചെയർമാൻ എ.എസ്. കിരൺ കുമാർ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.
#WATCH ISRO launching PSLV-C38 rocket on a mission to put 31 satellites into orbit from Sriharikota https://t.co/9s3uzWqmoQ
— ANI (@ANI_news) June 23, 2017
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.