ഭൂമിയെ ലക്ഷ്യമാക്കി 'സൗരക്കാറ്റ്'; മണിക്കൂറിൽ 16 ലക്ഷം കി.മീറ്റർ വേഗം, മൊബൈൽ സിഗ്നലുകൾ, ജി.പി.എസ് ഉൾപ്പെടെ തടസപ്പെടുമെന്ന് മുന്നറിയിപ്പ്

വാഷിങ്ടൺ: ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്ന അതിശക്തമായ 'സൗരക്കാറ്റ്' ഇന്ന് ഭൂമിയുടെ കാന്തിക മണ്ഡലത്തിൽ പ്രവേശിക്കുമെന്ന് റിപ്പോർട്ടുകൾ. സൗരക്കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ അപൂർവമായി മൊബൈൽ, ജി.പി.എസ് സിഗ്നലുകളെയും വൈദ്യുതി വിതരണത്തേയും ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. അമേരിക്കൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

ജൂലൈ മൂന്നിനാണ് സൗരക്കാറ്റിന്‍റെ വരവിനെ കുറിച്ച് ശാസ്ത്രലോകത്തിന് ആദ്യം വിവരം ലഭിച്ചത്. സെക്കൻഡിൽ 500 കിലോമീറ്റർ വേഗത്തിലാണ് സൗരക്കാറ്റ് സഞ്ചരിക്കുന്നതെന്ന് സ്പേസ് വെതർ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. ഭൂമിയുടെ ഉത്തര, ദക്ഷിണ ധ്രുവങ്ങളിൽ മിന്നൽപ്പിണരിന് സമാനമായ ഓറകൾ പ്രത്യക്ഷപ്പെടാൻ സൗരക്കാറ്റ് കാരണമാകും.

സൂര്യന്‍റെ ഉപരിതലത്തിൽ നിന്നുള്ള ശക്തമായ ഊർജ പ്രവാഹമാണ് സൗരക്കാറ്റ് എന്നറിയപ്പെടുന്നത്. 100 മെഗാടൺ ഹൈഡ്രജൻ ബോംബുകൾ പൊട്ടുമ്പോഴുള്ള ഊർജപ്രവാഹത്തിന് സമാനമാണ് സൗരക്കാറ്റെന്ന് യു.എസ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ബിൽ മുർതാ പറയുന്നു. ഇത് ഭൂമിയുടെ പുറമേയുള്ള അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുന്നത് കൃത്രിമോപഗ്രഹങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതാണ്, മൊബൈൽ, ജി.പി.എസ് സിഗ്നലുകളുടെ തകരാറിന് വഴിവെക്കുക.

1989ൽ കാനഡയിലെ ചില മേഖലകളിൽ 12 മണിക്കൂർ നീണ്ടുനിന്ന വൈദ്യുതി തടസത്തിന് കാരണമായത് സൗരക്കാറ്റാണെന്ന് പ്ലാനറ്ററി സൊസൈറ്റി ട്വിറ്ററിൽ ചൂണ്ടിക്കാട്ടുന്നു. 



 

Tags:    
News Summary - Solar storm heading towards Earth likely to hit today, can impact GPS & mobile signal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.