കശ്മീരിലെ ജനവിധി മാനിക്കണം, കുതിരക്കച്ചവടത്തിന് ബി.ജെ.പി ശ്രമം -ഉമർ അബ്ദുല്ല

ശ്രീനഗർ: ജില്ല വികസന സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ ജനവിധി ജമ്മു-കശ്മീർ ഭരണകൂടം മാനിക്കണമെന്ന് മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ല. ബി.ജെ.പിയും സഖ്യകക്ഷികളും അധികൃതരും ചേർന്ന് കുതിരക്കച്ചവടം നടത്തി ജനാധിപത്യത്തെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബി.ജെ.പിയും മുൻ പി.ഡി.പി നേതാവ് അൽതാഫ് ബുഖാരിയുടെ നേതൃത്വത്തിൽ രൂപീകരിച്ച അപ്നി പാർട്ടിയും ജമ്മു കശ്മീർ അധികൃതരും ചേർന്ന് പി.ഡി.പി, നാഷണൽ കോൺഫറൻസ്, കോൺഗ്രസ് എന്നിവയിലെ വിജയികളെ സമ്മർദത്തിലാക്കി തങ്ങളുടെ പക്ഷത്ത് എത്തിക്കാൻ ശ്രമം നടത്തുന്നതായി ഉമർ ആരോപിച്ചു.

തെരഞ്ഞെടുപ്പിൽ ഗുപ്കാർ സഖ്യം 107 സീറ്റ് നേടിയപ്പോൾ, ബി.ജെ.പി 62ഉം കോൺഗ്രസ് 22ഉം സീറ്റുകളാണ് നേടിയത്. ഫാറൂഖ് അബ്​ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സ്, മെഹബൂബ മുഫ്തിയുടെ പി.ഡി.പി എന്നിവയുടെ നേതൃത്വത്തിൽ രൂപംകൊണ്ട സഖ്യമാണ് ഗുപ്കാർ സഖ്യം.

ഷോപിയാൻ ജില്ലയിലെ വിജയികളായ ഏതാനും സ്ഥാനാർഥികളെ അപ്നി പാർട്ടിയിൽ ചേരാനായി നിർബന്ധപൂർവം ശ്രീനഗറിലേക്ക് മാറ്റിയിരിക്കുകയാണെന്ന് ഉമർ ആരോപിച്ചു. ഷോപിയാനിലെ നാഷണൽ കോൺഫറൻസ് സ്ഥാനാർഥിയായ യാസ്മീൻ ജാ കഴിഞ്ഞ ദിവസം അപ്നി പാർട്ടിയിൽ ചേർന്നിരുന്നു. പാർട്ടി മാറിയാൽ ജയിലിൽ കഴിയുന്ന സഹോദരനെ മോചിപ്പിക്കാമെന്ന് ഇവരുടെ ഭർത്താവിന് വാഗ്ദാനം നൽകുന്നതിന്‍റെ ഓഡിയോ ക്ലിപ്പ് ഉമർ പുറത്തുവിട്ടിട്ടുണ്ട്.

ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പിനെയും ജനാധിപത്യത്തെയും കുറിച്ചാണ് ഇന്ന് പ്രധാനമന്ത്രി പറഞ്ഞത്. ജില്ല കൗൺസിൽ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ വിജയമാണെന്നാണ് ബി.ജെ.പി പറയുന്നത്. ജനാധിപത്യത്തെ അട്ടിമറിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് അവരോട് പറയാനുള്ളത് -ഉമർ പറഞ്ഞു.

കൂറുമാറ്റ നിരോധന നിയമം ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിൽ ബാധകമാക്കണം. ഗുപ്കാർ പ്രതിജ്ഞയിൽ കോൺഗ്രസും ഒപ്പുവെച്ചിരുന്നുവെന്നും എന്നാൽ അവർ മുന്നോട്ടുവെച്ച സീറ്റ് പങ്കിടൽ ധാരണ സഖ്യത്തിന് അംഗീകരിക്കാനായില്ലെന്നും ഉമർ അബ്ദുല്ല പറഞ്ഞു.

ജമ്മു-കശ്മീരിന് പ്രത്യേക അധികാരം റദ്ദാക്കിയ 2019 ആഗസ്റ്റ് അഞ്ചിലെ തീരുമാനത്തോട് ഭൂരിഭാഗം ജനങ്ങളും എതിരാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്. ഗുപ്കാർ സഖ്യത്തിന് ഇനിയും ഏറെ ചെയ്യാനുണ്ടെന്നും ഉമർ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.