കരുത്തുറ്റ ടർബോ എഞ്ചിനും താങ്ങാവുന്ന വിലയുമായി ഫ്രഞ്ച് വാഹന നിർമാതാക്കളായ സിേട്രാണിന്റെ കുഞ്ഞൻ എസ്.യു.വി, സി 3 (Citroen C3) രാജ്യത്ത് അവതരിപ്പിച്ചു. ലൈവ് ഫീൽ എന്നിങ്ങനെ രണ്ട് ട്രിമ്മുകളിൽ മൂന്ന് വേരിയന്റുകളുമായിട്ടാണ് സിട്രോൺ വിപണിയിൽ എത്തുന്നത്. ഏറ്റവും കുറഞ്ഞ ലൈവ് ട്രിമ്മിന് 5.71 ലക്ഷം രൂപയാണ് വില. ഏറ്റവും ഉയർന്ന ഫീൽ ട്രിമ്മിന് 8.06 ലക്ഷം രൂപ വിലവരും. ജൂൺ മുതൽ ഡീലർഷിപ്പുകളിലും ഓൺലൈനായും വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. 21,000 രൂപയാണ് ബുക്കിങ് തുക.
കരുത്തുറ്റ എഞ്ചിൻ
രണ്ട് പെട്രോൾ എഞ്ചിനുകളാണ് സി3 ക്ക് നൽകിയിരിക്കുന്നത്. ആദ്യത്തേത് 1.2-ലിറ്റർ, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് യൂനിറ്റാണ്. എഞ്ചിൻ 82 എച്ച്.പി കരുത്തും 115എൻ.എം ടോർകും ഉത്പ്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഈ വാഹനത്തിന്. മറ്റൊന്ന് 1.2-ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ-പെട്രോൾ യൂനിറ്റാണ്. 110 എച്ച്.പി കരുത്തും 190 എൻ.എം ടോർക്കും വാഹനം ഉത്പാദിപ്പിക്കും. 6-സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഇതിൽ. മൈക്രോ എസ്.യു.വി വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റ എഞ്ചിനാണ് സി 3 യിലെ ടർബോ പെട്രോൾ എഞ്ചിൻ. എന്നാൽ വാഹനത്തിൽ ഓട്ടോമാറ്റിക് ഗിയർബോക്സ് ഇല്ല എന്നത് എടുത്തുപറയേണ്ടതാണ്. പിന്നീട് ഓട്ടോമാറ്റിക് വേരിയന്റും അവതരിപ്പിക്കുമെന്നാണ് സൂചന.
സിട്രോൺ ഇന്ത്യന്‍ വിപണിയിലേക്കു എത്തിക്കുന്ന രണ്ടാമത്തെ വാഹനമാണ് സി 3. രാജ്യത്തുടനീളം 20 സിട്രോണ്‍ ഫിജിറ്റല്‍ ഷോറൂമുകള്‍ കമ്പനി തുറന്നിട്ടുണ്ട്. ത്രീ കോൺഫിഗറേറ്റർ സംവിധാനത്തിലൂടെ ഓൺലൈനില്‍ വാഹനം പൂർണമായി കസ്റ്റമൈസ് ചെയ്തെടുക്കാനാകുമെന്നതും പ്രത്യേകതയാണ്. 10 നിറങ്ങൾക്കും ഡ്യുവൽ ടോണുകൾക്കും പുറമെ 3 പാക്കുകളിലായി 56 കസ്റ്റമൈസേഷൻ ഓപ്ഷനുകളാണ് കമ്പനി നൽകുന്നത്. രണ്ട് വർഷത്തേക്ക് അല്ലെങ്കിൽ 40,000 കി.മീ. (ഏത് നേരത്തെയാണോ), സ്‌പെയർ പാർട്‌സിനും ആക്‌സസറികൾക്കും 12 മാസം അല്ലെങ്കിൽ 10,000 കി.മീ (ഏത് നേരത്തെയാണോ) എന്നിങ്ങനെയാണ് വാറന്റി അവതരിപ്പിച്ചിരിക്കുന്നത്.
പ്രത്യേകതകൾ
വയർലെസ് ആൻഡ്രോയിഡ് ഓട്ടോയുള്ള വലിയ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആപ്പിൾ കാർപ്ലേ, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, മാനുവൽ എയർ കണ്ടീഷനിങ്, ഫോർ-സ്പീക്കർ സൗണ്ട് സിസ്റ്റം, മുന്നിലും പിന്നിലും യുഎസ്ബി ചാർജിംഗ് പോർട്ടുകൾ എന്നിവ സി 3യുടെ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. സുരക്ഷയുടെ കാര്യത്തിലും മുന്നിലാണ്. ഡ്യുവൽ എയർബാഗുകൾ, പിൻ പാർക്കിങ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവ ലഭിക്കും. 15 ഇഞ്ച് സ്റ്റീൽ വീലുകളും ഓപ്ഷണലായി 15 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകളുമായാണ് സി 3 വരുന്നത്. 24 മണിക്കൂറും റോഡ് സൈഡ് അസിസ്റ്റൻസ്, വിപുലീകൃത വാറന്റി, മെയിന്റനൻസ് പാക്കേജുകളും ലഭ്യമാണ്. 'ഹാച്ച്ബാക്ക് വിത്ത് എ ട്വിസ്റ്റ്' എന്നാണ് സിട്രോൺ സി 3യെ വിളിക്കുന്നത്.
എതിരാളികൾ
ടാറ്റ പഞ്ച്, മാരുതി സുസുകി ഇഗ്‌നിസ്, റെനോ കിഗർ, നിസാൻ മാഗ്‌നൈറ്റ് എന്നിവയുടെ മാനുവൽ പതിപ്പുകളോടാണ് പുതിയ സി 3 മത്സരിക്കുന്നത്. ടർബോ പെട്രോൾ പവർട്രെയിൻ ഓപ്ഷൻ ഇല്ലാത്ത ഹാച്ച്ബാക്കുകളാണ് പഞ്ചും ഇഗ്നിസും എന്നതും സിട്രോണിന് മുൻതൂക്കം നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.