ജിദ്ദ: സൗദി അറേബ്യയിൽ ആയുഷ്കാല ഹെൽത്ത് ഇൻഷുറൻസ് നടപ്പാക്കുന്നു. 2024 പകുതിയോടെ ‘ദേശീയ ഇൻഷുറൻസ്’ എന്ന പേരിൽ ഒറ്റ പ്രീമിയം ഇൻഷുറൻസ് നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ പറഞ്ഞു. റിയാദിൽ വേൾഡ് ഹെൽത്ത് ഫോറത്തിെൻറ ഭാഗമായി നടന്ന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോളിസി എടുത്തുകഴിഞ്ഞാൽ പിന്നീടൊരിക്കലും പുതുക്കേണ്ടതില്ല. പൂർണമായും സർക്കാർ ഫണ്ട് ഇൻഷുറൻസാണിത്. ഇത് ജീവിതകാലം മുഴുവൻ തുടരും. പ്രത്യേക കാലപരിധിയില്ല. ചികിത്സക്ക് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാൻ മുൻകൂർ അനുമതിയുടെയും ആവശ്യമില്ല.
ദേശീയ ഇൻഷുറൻസിെൻറ ലക്ഷ്യം വ്യക്തിയുടെ ജീവിതത്തിെൻറ എല്ലാ ഘട്ടങ്ങളിലും ആരോഗ്യ സംരക്ഷണത്തിനാവശ്യമായ സൗകര്യം ഒരുക്കുക എന്നതാണ്. പൗരനെ 80 വയസ്സ് തികയുന്നതുവരെ ആരോഗ്യത്തോടെയും സുരക്ഷിതമായും നിലനിർത്തിക്കൊണ്ട് പൂർണാരോഗ്യവും ശാരീരികക്ഷമതയും ഉള്ളവനായും നടക്കുകയും, ഓടുകയും, സാധാരണ ജീവിതം നയിക്കുകയും ചെയ്യുന്നവരാക്കുകയും ചെയ്യുന്നതിന് ആയുഷ്കാല ഹെൽത്ത് ഇൻഷുറൻസ് സഹായിക്കും.
സൗദിയിൽ പ്രോട്ടോൺ തെറപ്പി സെൻറർ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത് രോഗികൾക്ക് പ്രതീക്ഷ നൽകുന്ന വളരെ നൂതനവും വാഗ്ദാനപ്രദവുമായ സാങ്കേതികവിദ്യയാണ്. ഇത് ഈ മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ കേന്ദ്രമാണ്. രാജ്യത്തെ മെഡിക്കൽ ടൂറിസം മെച്ചപ്പെടുത്തുന്നതിന് ഈ കേന്ദ്രം ഗണ്യമായ സംഭാവന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാം മെഡിക്കൽ കോംപ്ലക്സിലെ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ഈ വർഷാവസാനത്തിന് മുമ്പ് പ്രോട്ടോൺ തെറപ്പി സെൻറർ പ്രവർത്തനം ആരംഭിക്കും.
മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ ആരോഗ്യമേഖലയുടെ സംഭാവന 199 ശതകോടി റിയാലിൽനിന്ന് 2030ൽ 318 ശതകോടി റിയാലായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. സ്വകാര്യ മേഖലയുടെ സംഭാവന 145 ശതകോടി റിയാൽ ആയിരിക്കും. അടുത്ത ഘട്ടത്തിൽ സ്വകാര്യ മേഖലയുമായുള്ള സംയോജനത്തിെൻറയും പങ്കാളിത്തത്തിെൻറയും നിർണായക പങ്ക് ഇത് എടുത്തുകാണിക്കുന്നു. ആരോഗ്യമേഖലയിൽ വരാൻ പോകുന്ന അവസരങ്ങളിൽ നിക്ഷേപിക്കാൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്നുവെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
രാജ്യത്ത് ഒരു വ്യക്തിയുടെ ശരാശരി ആയുസ്സ് 77.6 വയസ്സായി ഉയർന്നു. 2016ലെ ശരാശരി പ്രായം 74 മാത്രമായിരുന്നു. റോഡപകടങ്ങളിൽനിന്നുള്ള മരണനിരക്ക് ഒരു ലക്ഷം ജനസംഖ്യയിൽ 28 ആളുകളായിരുന്നു. ഇത് പകുതിയായി കുറഞ്ഞു.
വിട്ടുമാറാത്ത രോഗങ്ങളുടെ (രക്തസമ്മർദം, പ്രമേഹം, പൊണ്ണത്തടി മുതലായവ) ഫലമായുണ്ടാകുന്ന അകാലമരണ നിരക്കിെൻറ സൂചകം ഒരു ലക്ഷം ജനസംഖ്യയിൽ ഏകദേശം 600 ആളുകൾ എന്നതായിരുന്നു. ഇന്ന് അത് 500 ആയി കുറഞ്ഞു. മേഖലകളിലെ ആരോഗ്യ സേവനങ്ങളുടെ ശരാശരി കവറേജ് നിരക്ക് 81 ശതമാനത്തിൽ ചുവടെയായിരുന്നു. ഇന്ന് അത് 94 ശതമാനം ആയി ഉയർന്നു. വെല്ലുവിളികൾ നമ്മുടെ മുന്നിൽ വലുതാണ്. രാജ്യത്ത് മെഡിക്കൽ വ്യവസായം സ്വദേശിവത്കരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം മുന്നേറുകയാണ്. പ്രാദേശികമായി ഇൻസുലിൻ ഉദ്പാദിപ്പിക്കുന്ന ആദ്യ പദ്ധതി ആരംഭിക്കാനുള്ള തയാറെടുപ്പിലാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.